കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു... 10 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ മറ്റ് നാല് പേരുടെയും ജീവന്‍ അപകടത്തിലാണെന്ന് വരുത്തിത്തീര്‍ത്ത് വില പേശാന്‍ ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തി

പെരുമ്പാവൂര്‍ വെങ്ങോല വലിയകുളം സ്വദേശി ചയ്യാട്ട് സി.എസ്. ഉണ്ണിക്കുട്ടനെ (38) മംഗളൂരുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിയുന്നു. കേസിലെ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ഉപ്പുലങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പുഴയുടെ കൈത്തോട്ടില്‍ കല്ലില്‍ തടഞ്ഞ നിലയിലാണു തിങ്കളാഴ്ചയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. പൊലീസെത്തി പരിശോധിച്ചപ്പോള്‍ ലഭിച്ച ഡ്രൈവിങ് ലൈസന്‍സില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. കഴുത്തിലും നെഞ്ചിലും ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ആക്രമണം തടുത്തപ്പോള്‍ കൈകളിലും മുറിവേറ്റിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നാലു പേരെക്കുറിച്ചും വിവരമില്ല. സ്പിരിറ്റ് കടത്ത് കേസിലും അടിപിടി കേസുകളിലും പ്രതിയായ ഉണ്ണിയെ കാപ്പ നിയമപ്രകാരം ജയിലിലടയ്ക്കാന്‍ അനുമതി തേടി ഐജിക്ക് പൊലീസ് റിപ്പോര്‍ട്ട് അയച്ചിരുന്നു. ഇതിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണു കൊലപാതകം. ലഹരികടത്ത്, ഹവാല ഇടപാടു സംഘങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്.
അതിനിടെ ഉണ്ണിക്കുട്ടനെയും മറ്റ് നാല് യുവാക്കളെയും ജീവനോടെ തിരികെ വിടാന്‍ മംഗലൂരുവിലെ ക്രിമിനല്‍ സംഘം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. മംഗലൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് കടത്തുന്ന കുഴല്‍പ്പണം തട്ടിയെടുക്കാനാണ് പെരുമ്പാവൂരിലെ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ ഉണ്ണിയും കൂട്ടാളികളും ഒരാഴ്ച മുമ്പ് പുറപ്പെട്ടതെന്നാണ് വിവരം. എന്നാല്‍ ഇവരുടെ രഹസ്യനീക്കങ്ങള്‍ ചോര്‍ന്നുകിട്ടിയ കുഴല്‍പ്പണ മാഫിയ ഒരുക്കിയ കെണിയില്‍ സംഘം അകപ്പെടുകയായിരുന്നു.
അഞ്ച് പേരെയും മോചിപ്പിക്കാന്‍ പെരുമ്പാവൂരിലെ ഇവരുടെ തലവനുമായി മംഗലൂപു സംഘം വിലപേശിയിരുന്നു. അഞ്ച് പേരെയും വിട്ടയക്കണമെന്നും പണം എത്ര വേണമെങ്കിലും നല്‍കാമെന്നും വാഗ്ദാനം ചെയ്‌തെങ്കിലും ഉണ്ണി കൊല്ലപ്പെട്ടു. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ മറ്റ് നാല് പേരുടെയും ജീവന്‍ അപകടത്തിലാണെന്ന് വരുത്തി വില പേശാനാണ് കൊല നടത്തിയതെന്നാണ് അനുമാനം. കാസര്‍ഗോഡ് പ്രചാരത്തിലുള്ള പ്രാദേശിക മലയാളത്തിലാണ് ഫോണില്‍ വിലപേശല്‍ നടത്തിയവര്‍ സംസാരിച്ചത്.
അതേസമയം ഉണ്ണിയുടെ കൊലപാതക വിവരം അറിഞ്ഞതോടെ പെരുമ്പാവൂരിലെ ക്രിമിനല്‍ സംഘം ഒളിവില്‍ പോയത് മംഗലൂരുവിലെ കൊലയാളി സംഘത്തെ കണ്ടെത്താന്‍ പൊലീസിന് തിരിച്ചടിയായി. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോണ്‍ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഉണ്ണിക്കുട്ടന്‍ നാട്ടില്‍ അറിയപ്പെടുന്നത് ഡ്രൈവറായാണ്. ഇടയ്ക്ക് നാട്ടില്‍ വരികയും ചില ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഭാര്യയും മൂന്നു പെണ്‍കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഉണ്ണിക്കുട്ടന്‍ ആഢംബര ജീവിതമാണ് നയിച്ചിരുന്നതെങ്കിലും കുടുംബം നല്ല നിലയില്‍ ആയിരുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. വിലകൂടിയ വാഹനങ്ങളില്‍ നാട്ടില്‍ വരാറുണ്ട്. പണം മുഴുവന്‍ ആഢംബര ജീവിതത്തിന് ഉപയോഗിച്ചതായി പറയുന്നു. വെസ്റ്റ് വെങ്ങോല മേഖലയില്‍ ഇയാള്‍ക്കെതിരെ കേസുകളോ പരാതികളോ ഇല്ല. നാട്ടിലെ പൊതുപരിപാടികളിലൊന്നും പങ്കാളിത്തമുണ്ടായിരുന്നില്ല. തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്.
കാറില്‍ 35 ലീറ്റര്‍ സ്പിരിറ്റ് കടത്തിയതിന് 2014ല്‍ ഉണ്ണിയെ പെരുമ്പാവൂര്‍ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. പെരുമ്പാവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ 2014 മുതല്‍ 2018 വരെ അഞ്ച് അടിപടി കേസുകളുണ്ട്. സ്പിരിറ്റ് കടത്തിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് പൊലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് പെരുമ്പാവൂര്‍ പാറപ്പുറത്തെ വീട്ടില്‍ പട്ടാപ്പകല്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തിലെ പ്രതിയെ ആക്രമിച്ച കേസാണ് ഏറ്റവും ഒടുവിലത്തേത്. വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം വിതരണത്തിനായി കൊണ്ടുപോകുന്നവരെ ആക്രമിച്ചു സ്വര്‍ണം കവരുന്ന സംഘത്തിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha





















