എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായകമായ ചോദ്യം. പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തെന്ന ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത് .
കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകിയിരുന്നോ എന്ന് ചോദിച്ച കോടതി, ഏകപക്ഷീയമായി ജാമ്യം റദ്ദാക്കാനാവില്ലെന്നും കേസുമായി ബന്ധപ്പെട്ടവരെ വിശദമായി കേൾക്കേണ്ടതുണ്ടെന്നും അറിയിച്ചു. തുടർന്ന്, ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് നോട്ടിസ് അയയ്ക്കാൻ ജസ്റ്റിസ് സി.എസ്.ഡയസ് ഉത്തരവിടുകയായിരുന്നു .
കേസ് വീണ്ടും ജൂലൈ 13ന് പരിഗണിക്കും. എസ്എഫ്ഐ നേതാവായ ഹരീഷ് കുമാറിനു തിരുവനന്തപുരം സെഷൻസ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ഇ.ഡിയും നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
സിഎംആർഎൽ–എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്ത ശേഷം മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 25 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒൻപതാം പ്രതി എസ്എഫ്ഐ നേതാവ് ഹരീഷ് കുമാറിന് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
കേസിൽ ഹാജരായ പ്രോസിക്യൂട്ടർ കസ്റ്റഡി ആവശ്യമില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചതെന്ന വിധത്തിൽ വിവാദങ്ങളും ആരംഭിച്ചു. പിന്നാലെ സർക്കാരും ഇ.ഡിയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























