ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങില്ല ; രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്താൽ പോലും പദവി സ്വീകരിക്കില്ല ; അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ചു അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍

താന്‍ തന്‍റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരത്തു ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്നും നടൻ മോഹന്‍ലാല്‍. ഒരിക്കലും താൻ രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്താൽ പോലും പദവി സ്വീകരിക്കില്ലെന്ന നിലപാടിലാണ് ലാൽ. വളരെ കാലം മുമ്പ് നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. അതിന് പിന്നില്‍ രാഷ്ട്രീയമില്ല. ഇതിന് മുമ്പ് പല നേതാക്കളെയും താന്‍ കണ്ടിട്ടുണ്ട്. അന്നൊക്കെയും ഇതുപോലെ വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും മോഹൻലാലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോഹൻലാൽ തിരുവനന്തപുരത്തു ലോക്സഭാ സ്ഥാനാര്‍ഥിയാകുമെന്ന തരത്തിലുള്ള വിവാദങ്ങൾ കൊടുമ്പിരികൊണ്ടത്. ലാൽ -മോദി കൂടിക്കാഴ്ച അതീവ രഹസ്യമായിരുന്നു. അടുത്ത കുടുംബ സുഹൃത്ത് മാത്രമായിരുന്നു ലാലിനൊപ്പമുണ്ടായിരുന്നത്.
മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ലാൽ പ്രധാനമന്ത്രിയെ കണ്ടത്. വിശ്വശാന്തി ഫൗണ്ടേഷനെ നയിക്കുന്നതും കാര്യങ്ങൾ ചെയ്യുന്നതും ആർഎസ്എസ് നേതൃത്വത്തിലുള്ളവരാണ്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ പ്രധാനമായും സഹായിക്കുന്നത്.
ചില ദേശീയ മാധ്യമങ്ങളാണ് ലാൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ സൂര്യമായി ചേർന്ന് അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റേയും ലൂസിഫറിന്റേയും തിരക്കിലാണ് ലാൽ. കോളേജ് കാലത്ത് തന്നെ ലാൽ രാഷ്ട്രീയം വിട്ടതാണെന്നും സുഹൃത്തുക്കൾ പറയുന്നു. വിശ്വശാന്തി ട്രസ്റ്റും അതുമായുള്ള ആർ എസ് എസ് നേതാക്കളുടെ ഇടപെടലുകളേയും രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് ലാലുമായി ബന്ധമുള്ള അടുത്ത സുഹൃത്തുക്കളുടെ വിശദീകരണം.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും നന്ദി പറഞ്ഞ് മോഹൻലാൽ വീണ്ടും ട്വീറ്റ് എഴുതി. മോഹൻലാലുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മോദി ട്വിറ്ററിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. മോഹൻലാലിനെയും അദ്ദേഹത്തിന്റെ സമൂഹ്യസേവനങ്ങളെയും പ്രശംസിച്ചായിരുന്നു മോദിയുടെ ട്വീറ്റ്. മോഹൻലാലിന്റെ വിനയഭാവം സ്നേഹം ജനിപ്പിക്കുന്നതാണെന്ന് പറഞ്ഞ മോദി അദ്ദേഹത്തിന്റെ നാനാമുഖമായ സേവന പ്രവർത്തനങ്ങളെയും പ്രകീർത്തിച്ചു. തുടർന്ന് മോദിയോട് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാൽ, 'എന്നെ ശ്രദ്ധിച്ചതിനും സാമൂഹ്യപ്രവർത്തനങ്ങളെ അഭിനന്ദിച്ചതിനും നന്ദി. ഈ പരീക്ഷണകാലത്ത് കേരളത്തിനൊപ്പം നിന്നതിന് ഞങ്ങളുടെ നന്ദി. കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഇനിയും സഹായിക്കുമെന്ന അങ്ങയുടെ ഉറപ്പിനും നന്ദി. പ്രണാമം, ബഹുമാനം.'- മോഹൻലാൽ കുറിച്ചു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ മോഹൻലാലിനോട് ആവശ്യപ്പെടാൻ ബിജെപി തീരുമാനിച്ചതായാണ് സൂചന. സംസ്ഥാന ആർ എസ് എസിന്റെ നിർദ്ദേശ പ്രകാരമാണ് മോഹൻലാലിനോട് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വയ്ക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha
























