കമ്മീഷനുകള്‍ക്ക് വിഷയത്തില്‍ ഇരട്ടത്താപ്പെന്ന് ആരോപണം; എം സി ജോസഫൈന്റെ വിവിധ ഭാവങ്ങള്‍ വിവരിച്ച് ശബരീനാഥന്‍

വനിതാ കമ്മീഷനും യുവജന കമ്മീഷനും ശശി എംഎല്‍എയുടെ പീഡന വിഷയത്തില്‍ ഇരട്ടത്താപ്പെന്ന ആരോപണം ശക്തം. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കാനാവില്ലെന്ന് കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിലപാടിനെ ചോദ്യം ചെയ്ത് ശബരീനാഥന്‍ എംഎല്‍എ. കമ്മീഷന് മുമ്പ് സ്വീകരിച്ച നിലപാടുകളും ഇപ്പോഴത്തെ നിലപാടിലെ വൈരുദ്ധ്യവുമാണ് ശബരീനാഥന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഈ വര്‍ഷം ജൂണ്‍ 28 ന് ചലച്ചിത്ര നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടനെ അമ്മയില്‍ തിരിച്ചെടുത്തനെതിരെ ആഞ്ഞടിച്ചു വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രംഗത്ത് വന്നിരുന്നതായി ശബരീനാഥന്‍ പറയുന്നു. ജൂലൈ അഞ്ചിന് സീരിയല്‍ നടിയുടെ പരാതിയില്‍ സംവിധായകനെതിരെ സ്വമേധയാ കേസ് എടുക്കുമെന്നായിരുന്നു നിലപാട്. ഓഗസ്റ്റില്‍ കണ്ണൂരിലെ പയ്യന്നൂരില്‍ 23 വയസുള്ള യുവതിയെ പെരുമ്പ സ്വദേശിയായ ഭര്‍ത്താവ് ഒരു കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലിയ വിഷയത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. അതേസമയം പി.കെ ശശി എംഎല്‍എയ്‌ക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട ഒരു സാഹചര്യമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞതെന്നും ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ എഴുതി.
നേരത്തെ പാര്‍ട്ടിയും വനിതാകമ്മീഷനും രണ്ടും രണ്ടാണ്. യുവതി പരാതി കമ്മീഷന് നേരിട്ട് പരാതി നല്‍കിയിട്ടില്ല. ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചാല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നും ജോസഫൈന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ജോസഫൈന്‍ പറഞ്ഞു. ഇപ്പോഴും ആരാണ് പരാതിക്കാരിയെന്ന് കമ്മീഷന് അറിയില്ല. അതിനാല്‍ തന്നെ സ്വമേധയാ കേസെടുക്കാനാവില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി.
ഇത് ഒരു പുതുമയുള്ള കാര്യമല്ലെന്നും പാര്‍ട്ടിയുണ്ടായ കാലം മുതല്‍ ഇതുപോലുള്ള പ്രശ്‌നങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യരല്ലേ. പല തെറ്റുകളും പറ്റുന്നുണ്ട്. അതില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൈക്കൊള്ളുന്ന രീതിയുണ്ട്. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നടപടിക്രമങ്ങളുണ്ട്. ഇര പൊതുഇടത്തില്‍ പരാതിയുമായി വരുമ്പോഴാണ് കമ്മീഷന്‍ സ്വമേധയാ കേസെടുക്കുന്നത്. ഈ ആരോപണത്തില്‍ അങ്ങനെയും സംഭവിച്ചിട്ടില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് കമ്മീഷന് അറിയൂവെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചത്.
https://www.facebook.com/Malayalivartha
























