സഭയും സര്‍ക്കാരും പൊലീസും വഞ്ചിച്ചു, രാഷ്ട്രീയ നേതാക്കള്‍ ഒളിച്ചുകളിക്കുന്നു, ആര് നീതി നല്‍കും? അഞ്ച് കന്യാസ്ത്രീകളും വിശ്വാസികളും നീതിപീഠത്തിന് മുന്നില്‍

ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ത്താവിന്റെ മണവാട്ടിമാര്‍ ഹൈക്കോടതിക്ക് മുന്നില്‍ സമരത്തിനിറങ്ങിയിട്ടും സംസ്ഥാനത്തെ രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും മാളത്തിലൊളിച്ചിരിക്കുന്നു. വോട്ട് തേടി അരമനകളിലും ബിഷപ്പ്ഹൗസുകളിലും കയറിയിറങ്ങി നടക്കുന്നവര്‍ക്ക് അധികകാലം മൗനം പാലിക്കാനാകില്ലെന്നാണ് കന്യാസ്ത്രീസമൂഹത്തിന്റെയും ഒരുവിഭാഗം സഭാവിശ്വാസികളുടെയും നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നത്. കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ അഞ്ച് കന്യാസ്ത്രീകളാണ് സമരം നടത്തുന്നത്. സഭയും സര്‍ക്കാരും പൊലീസും തങ്ങളെ വഞ്ചിച്ചെന്നാണ് ഇവരുടെ ആരോപണം.
ഫാ.പോള്‍ തേലക്കാട്ട് ഒഴികെയുള്ള സഭാമേലധ്യക്ഷന്‍മാരാരും കന്യാസ്ത്രികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയില്ല എന്നതും ശ്രദ്ധേയമാണ്. സഭകളും കന്യാസ്ത്രീകളുമായി ഏറെ അടുപ്പമുള്ളവരാണ് കോണ്‍ഗ്രസുകാരും യു.ഡി.എഫ് നേതാക്കളും. ഇവരാരും ഇതുവരെ കന്യാസ്ത്രീയുടെ പരാതി സംബന്ധിച്ച് യാതൊരു നിലപാടും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും സഭകള്‍ ഇടത്പക്ഷത്തിനൊപ്പം നിന്നതിനാല്‍ സര്‍ക്കാരോ എല്‍.ഡി.എഫോ ഒരക്ഷമം മിണ്ടുന്നില്ല. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുണ്ടാകുന്നത്.
ഭരണകക്ഷിയിലെ ചില ഉന്നതരും കോണ്‍ഗ്രസിനെ ചില നേതാക്കളുമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സഹായിക്കുന്നത്. പഞ്ചാബ് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. അവിടുത്തെ സ്വാധീനമാണ് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ഉപയോഗപ്പെടുത്തുന്നത്. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയപ്പോള്‍ കൂടെ പോയ മാധ്യമപ്രവര്‍ത്തകരെ ബിഷപ്പ് ഹൗസിലെ സെക്യൂരിറ്റിക്കാര്‍ മര്‍ദ്ദിച്ചിരുന്നു. എന്നിട്ടും നടപടിയെടുക്കാന്‍ പഞ്ചാബ് പൊലീസ് തയ്യാറായില്ല.
https://www.facebook.com/Malayalivartha






















