മണ്ണിനടിയില്‍ നിന്ന് ജലാംശമുളള ഭാഗത്തേക്ക് പോകുന്ന ഇരുതലമൂരികള്‍ കൂട്ടത്തോടെ പുറത്തേക്കുവരുന്നു; കടുത്ത വരള്‍ച്ചയാണ് വരാനിരിക്കുന്നതെന്ന് സൂചന

പ്രളയത്തിനു ശേഷം വയനാട്ടില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇരുതലമൂരികള്‍ മണ്ണിനടിയില്‍നിന്ന് കൂട്ടത്തോടെ പുറത്തെത്തുന്നു. വനംവകുപ്പ് നാലാം ഷെഡ്യൂളില്‍ പെടുത്തിയിട്ടുള്ള ജീവിവര്‍ഗമാണിത്. മണ്ണിന്റെ ജൈവാംശം നഷ്ടപ്പെട്ടും മണ്ണ് ചുട്ടുപൊള്ളിയും മണ്ണിരകള്‍ ചത്തൊടുങ്ങുന്നതിനു പിന്നാലെയാണു കുരുടന്‍ എന്നറിയപ്പെടുന്ന പാമ്പുവര്‍ഗത്തില്‍പ്പെട്ട ഇരുതലമൂരികള്‍ വ്യാപകമായി പുറത്തെത്തുന്നത്.
പനമരം, തൃശിലേരി, നടവയല്‍ മേഖലകളില്‍ ഇടവഴികളിലും വയല്‍വരമ്പുകളിലും മാത്രമല്ല, വീടുകള്‍ക്കുള്ളില്‍പോലും നൂറുകണക്കിന് ഇരുതലമൂരികള്‍ പ്രത്യക്ഷപ്പെടുന്നു. മണ്ണിന്റെ ഈര്‍പ്പം നഷ്ടപ്പെട്ടതാണ് ഇവ പുറത്തേക്കെത്താന്‍ കാരണമെന്നു പരിസ്ഥിതി വിദഗ്ധര്‍ പറയുന്നു. വയനാട്ടില്‍ വരാനിരിക്കുന്ന വലിയ വരള്‍ച്ചയുടെ സൂചനയായും ജീവികളുടെ ആവാസ വ്യവസ്ഥയിലുണ്ടായ ഈ മാറ്റത്തെ കാണാം.
മണ്ണിര, ഇരുതലമൂരി, കുഴിയാന, ചിതല്‍, മുയല്‍, കീരി തുടങ്ങി അനേകം ജീവികളുടെ ആവാസവ്യവസ്ഥയെ പ്രളയം ബാധിച്ചതായാണു വിലയിരുത്തല്‍. ഈര്‍പ്പമില്ലാത്ത അന്തരീക്ഷത്തില്‍ അധികകാലം കഴിയാന്‍ സാധിക്കാത്ത ഇരുതലമൂരികള്‍ ഇനി കൂട്ടത്തോടെ ചത്തൊടുങ്ങും.
https://www.facebook.com/Malayalivartha



























