മുന്‍കൂര്‍ ജാമ്യത്തിനായി ചൊവ്വാഴ്ച കേരള ഹൈക്കോടതിയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമീപിക്കാനിരിക്കെ ജാമ്യാപേക്ഷ തള്ളിയാല്‍ ഫ്രാങ്കോയെ ചോദ്യം ചെയ്ത ശേഷം പോലീസ് അറസ്റ്റ് ചെയ്യും

സര്‍ക്കാരില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും കന്യാസ്ത്രി പറഞ്ഞത് ഈ സാഹചര്യത്തിലാണ്. അതായത് ഫ്രാങ്കോയുടെ ഭാവി കോടതി തീരുമാനം അനുസരിച്ചിരിക്കും. മുന്‍കൂര്‍ ജാമ്യം തേടാന്‍ സര്‍ക്കാര്‍ ഉന്നതങ്ങളില്‍ നിന്നാണ് ബിഷപ്പിന് ഉപദേശം ലഭിച്ചതെന്ന് കേള്‍ക്കുന്നു. സമരം കടുത്താല്‍ അറസ്റ്റ് വേണ്ടി വരുമെന്നും അന്വേഷണ ഘട്ടത്തില്‍ സഹായിക്കാമെന്നും ചിലര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടത്രേ. അറസ്റ്റ് ചെയ്ത് വിടാന്‍ പോലീസിന് സാധിക്കില്ല. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ കോടതിയില്‍ ഹാജരാക്കേണ്ടി വരും. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയുന്ന ഒരു സാഹചര്യമാണ് പോലീസ് ഭയക്കുന്നത്.
കേരളത്തിലെ എല്ലാ പള്ളികളിലും ബിഷപ്പിന് വേണ്ടി പ്രാര്‍ത്ഥനകള്‍ നടക്കുന്നുണ്ട്. ഭൂരിഭാഗം പള്ളികളും കന്യാസ്ത്രിമാര്‍ക്കെതിരെ നീങ്ങുകയാണ്. ഇതിന്റെ പൂര്‍ണമായ വിവരങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതാണ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം സംജാതമായാല്‍ എന്ത് ചെയ്യുമെന്ന് സര്‍ക്കാരിന് ഒരു വ്യക്തതയുമില്ല. അത് ഒരു പ്രബല മത വിഭാഗത്തിന് എതിരാകുമോ എന്നാണ് സര്‍ക്കാരിന്റെ ഭയം.
അതിനിടെ ഫ്രാങ്കോയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കൊച്ചിയില്‍ തയ്യാറായി കഴിഞ്ഞു. പഞ്ചാബിലെ മുതിര്‍ന്ന അഭിഭാഷകരാണ് അദ്ദേഹത്തിന് വേണ്ടി രംഗത്തുള്ളത്. ഇവര്‍ ഡല്‍ഹിയിലെ അഭിഭാഷകരുമായി കൂടിയാലോചനകള്‍ നടത്തി. അവര്‍ കേരളത്തിലെ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. ഒരു പിഴവുമില്ലാതെ ഹര്‍ജി തയ്യാറാക്കാനാണ് തീരുമാനം. ബിഷപ്പിന് ഒരു പോറലും ഏല്‍ക്കാതിരിക്കാനാണ് സഭ ശ്രമിക്കുന്നത്. ബിഷപ്പ് ജയിലിലായാല്‍ അത് വലിയ നാണക്കേടാവും.
ബിഷപ്പിനെതിരെ നടപടി വരുമോ എന്ന സംശയവും സഭക്കുണ്ട്. എന്തെങ്കിലും സംഭവിക്കുന്നതിനെ തടയിടാന്‍ ശ്രമങ്ങള്‍ തകൃതിയാണ്. ബിഷപ്പ് സ്ഥാനമൊഴിയുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. വത്തിക്കാനില്‍ നിന്ന് നടപടിയുണ്ടാകുന്നത് തടയാനാണ് ശ്രമം. ബിഷപ്പിനെ വത്തിക്കാന്‍ പുറത്താക്കുമെന്ന അവസ്ഥ വന്നാല്‍ അദ്ദേഹം സ്ഥാനമൊഴിയും. എന്നാല്‍ കോടതിയില്‍ നിന്നും തീരുമാനം ഉണ്ടാകുന്നത് വരെ തന്റെ സ്ഥാനം സുരക്ഷിതമാക്കാനാണ് ബിഷപ്പിന്റെ നീക്കം.
കേരളത്തില്‍ കന്യാസ്ത്രി സമരം കൊടുമ്പിരി കൊള്ളുന്ന പശ്ചാത്തലത്തിലാണ് അറസ്റ്റ് എന്ന നീക്കത്തിലേക്ക് കേരള പോലീസ് നീങ്ങുന്നത്. സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളൊന്നും തെളിയുന്നില്ല. കോടതിയില്‍ നിന്നും ഫ്രാങ്കോ നീതി തേടാനാണ് സര്‍ക്കാര്‍ നല്‍കുന്ന ഉപദേശം.മണിക്കൂറുകളോളം ഫ്രാങ്കോയെ ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ചോദ്യം ചെയ്യല്‍ ഏതായാലും ഒരാഘോഷ പരിപാടിയായി മാറും. തല്‍ക്കാലം മുഖം രക്ഷിക്കാന്‍ സര്‍ക്കാരിന് അത് കൂടിയേ തീരു.
https://www.facebook.com/Malayalivartha























