പോലീസിലെ 146 തസ്തികള്‍ കായികതാരങ്ങള്‍ക്ക്; കായിക താരങ്ങള്‍ക്ക് പിഎസ്സി നിയമനത്തില്‍ ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതായി മന്ത്രി ഇ.പി.ജയരാജന്
കേരളാ പോലീസില്‍ വിവിധ സായുധ ബറ്റാലിയനുകളില്‍ നിലവിലുള്ള ഹവില്‍ദാര്‍ തസ്തികളില്‍ 146 തസ്തികകള്‍ വിവിധ കായിക ഇനങ്ങള്‍ക്കായി നീക്കിവച്ച് ഉത്തരവായി. പോലീസില്‍ ആദ്യമായാണ് ഇത്രയധികം കായിക താരങ്ങളെ ഒരുമിച്ച് നിയമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം 58 കായിക താരങ്ങള്‍ക്ക് പോലീസില്‍ നിയമനം നല്‍കിയിട്ടുണ്ട്.
വോളിബോള്‍ വനിതാ വിഭാഗത്തില്‍ നാല് കായിക താരങ്ങള്‍ക്ക് നിയമനം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ദേശീയ ഗെയിംസില്‍ വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടിയ 72 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. വൈദ്യുതി വകുപ്പില്‍ 23 കായിക താരങ്ങള്‍ക്ക് നിയമനം നല്കി.
ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ.വിനീത്, വോളിബോള്‍ താരം സി.കെ.രതീഷ്, കബഡി താരം പി.കെ.രാജിമോള്‍, സ്പെഷല്‍ ഒളിംപ്ക്സില്‍ പങ്കെടുത്ത പി.കെ. ഷൈഭന് എന്നിവര്‍ക്കും നിയമനം നല്‍കിയിട്ടുണ്ട്. അതുപോലെ സന്തോഷ്ട്രോഫി വിജയിച്ച ജോലിയില്ലാത്ത 11 കായിക താരങ്ങള്‍ക്ക് ജോലി നല്കുവാന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
ഒരു വര്‍ഷം 50 കായിക താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടാ നിയമനം വഴി നിയമനം നല്‍കുന്നത്. 2010 മുതല്‍ 2014 വരെയുള്ള സ്പോര്‍ട്സ് ക്വാട്ടാ നിയമനത്തിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായി രണ്ട് മാസത്തിനകം നിയമന നടപടി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. 2015 മുതല്‍ 2017 വരെയുള്ള സ്പോര്‍ട്സ് ക്വാട്ടാ നിയമനത്തിന്റെ അപേക്ഷ ക്ഷണിക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കായിക താരങ്ങള്‍ക്ക് പിഎസ്സി നിയമനത്തില്‍ ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. സ്പെഷല്‍ റിക്രൂട്ട്മെന്റിലൂടെ നിയമനം നടത്തുവാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നു മന്ത്രി ഇ.പി.ജയരാജന് പറഞ്ഞു.
https://www.facebook.com/Malayalivartha