ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി പോലീസ് ഉന്നതനെ മുഖ്യമന്ത്രി വി ഡി സതീശൻ താറുടുത്തു. തന്നോട് പിണറായി കളി കളിച്ചാൽ കളി പഠിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ പാവം പോലീസ് മേധാവി ഇക്കാര്യത്തിൽ നിരപരാധിയായിരുന്നു. പിണറായി വിജയൻ സർക്കാർ കുലം മുടിഞ്ഞെങ്കിലും അവശേഷിക്കുന്ന ഏറാൻ മൂളികൾ മുഖ്യമന്ത്രി സതീശനെ കുഴപ്പിക്കാൻ തന്ത്രങ്ങൾ മെനയുകയായിരുന്നു. ഇതിനു പിന്നിൽ സി പി എമ്മിന്റെ പഴയ ഭക്തരാണെന്ന് കണ്ടെത്തിയത് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ ഐഎ എസ് ഉദ്യോഗസ്ഥനാണ്.
മുഖ്യമന്ത്രി അനുവദിച്ചാലും ഇല്ലെങ്കിലും കനത്ത പോലീസ് ബന്തവസ് ഏർപ്പാടാക്കുമെന്നത് ഇവരുടെ വാശിയായിരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് വാഹനവ്യൂഹത്തിന്റെ റീൽസ് ചെയ്ത് സി പി എം ഹാൻഡിലുകളിൽ പ്രചരിപ്പിക്കുകയായിരുന്നു പദ്ധതി. അങ്ങനെയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. തലസ്ഥാനനഗരത്തിൽ ഉൾപ്പെടെ മുഖ്യമന്ത്രി യാത്രചെയ്യുമ്പോൾ ട്രാഫിക് ലൈറ്റുകൾ ഓഫാക്കുന്നതും പൊതുജനങ്ങളെ തടയുന്നതും സ്ഥിരം കാഴ്ചയാണ്. ഇതോടെയാണ് മുഖ്യമന്ത്രി പോലീസ് മേധാവിയെ വിളിച്ചുവരുത്തി ക്ഷോഭംകൊണ്ടത്.
അതോടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ പേരിൽ നാട്ടുകാരെ വഴിയിൽ തടഞ്ഞിട്ടു ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കു ശക്തമായ താക്കീതുമായി പൊലീസ് ഉന്നതർ രംഗത്തെത്തി. ഈ പ്രവണത കർശനമായി നിയന്ത്രിക്കണമെന്നു മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഓഫിസ് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഇപ്പോഴും ചില ഉദ്യോഗസ്ഥർ ഇടതു ഭരണകാലത്തെ പോലെ മുഖ്യമന്ത്രിക്കായി വഴി തടയുന്നതു തുടരുകയാണെന്നു കണ്ടെത്തിയതോടെയാണ് ഇടപെടൽ.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിൽ നിന്ന് എയർപോർട്ടിലേക്കു മുഖ്യമന്ത്രി യാത്ര ചെയ്യവേ പൊലീസ് അനാവശ്യമായി റൂട്ട് ബന്തവസ് ഏർപ്പെടുത്തിയിരുന്നു. ഇത് ഒഴിവാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു വയർലെസ് മുഖേന കർശന നിർദേശം നൽകേണ്ടി വന്നു. മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ടു പൊതുജനത്തെ അനാവശ്യമായി വഴിതടയുന്നു എന്ന പരാതി ഉണ്ടാകരുതെന്നും ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള ക്രമീകരണങ്ങൾ മാത്രം ഒരുക്കിയാൽ മതി എന്നുമായിരുന്നു കമ്മിഷണറുടെ വയർലെസ് സന്ദേശം.
ഇടത് ആഭിമുഖ്യമുള്ള ചില ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പ്രതിഛായ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും റോഡുകൾ അടച്ചിട്ടും ജനത്തെ വലയ്ക്കുന്നതെന്ന ആരോപണം ശക്തമാണ്. തന്റെ വാഹന വ്യൂഹത്തിൽ എസ്കോർട്ടും പൈലറ്റും മാത്രം മതിയെന്നു സതീശൻ ചുമതലയേറ്റതിനു പിന്നാലെ ഡിജിപിക്കു നിർദേശം നൽകിയിരുന്നു. ഇതു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും കയ്യടി നേടാനുമുള്ള നിർദേശം മാത്രമായിരുന്നു എന്നു വരുത്തിത്തീർക്കുകയാണ് അനാവശ്യ നിയന്ത്രണങ്ങൾക്കു പിന്നിലെ ഗൂഢലക്ഷ്യമെന്നാണു വിവരം. ഇതിനുപിന്നിൽ സി പി എം തത്പരരായ ഉദ്യോഗസ്ഥരാണെന്ന് ആരോപണം ഉയർന്നിരുന്നു.
ആശാസ്യമല്ലാത്ത ഈ പ്രവണതയെപ്പറ്റി മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കും ഡിജിപിക്കും ഉൾപ്പെടെ വിവരം നൽകിയിരുന്നു. ഇതോടെയാണു ശക്തമായ ഇടപെടൽ ഉണ്ടായത്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിലവിലെ ജില്ലാ ഗവൺമെന്റ് പ്ലീഡർ ഗീനാ കുമാരിയെ സർക്കാർ പദവിയിൽ നിന്ന് ഒഴിവാക്കിയതും പൊതുവേ മിതവാദിയായ വി ഡി സതീശൻ തീവവാദിയായി മാറുന്നതും ഇതിന്റെ ഭാഗമാണ്.
അഡീഷണൽ ഗവ. പ്ലീഡർ എ.ആർ. ഷാജിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. കേസ് കൈകാര്യം ചെയ്യുന്നതിനായി മുൻ ഗവൺമെന്റ് പ്ലീഡർ അഡ്വക്കേറ്റ് എ. സന്തോഷ് കുമാറിനെ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിച്ചു. കേസിലെ ഒൻപതാം പ്രതിക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിലെ വീഴ്ചയാണ് ഗീനാ കുമാരിക്കെതിരായ നടപടിക്ക് പിന്നിൽ.
പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടായ ഒത്തുകളി ആണെന്നും ഗൗരവകരമായ വീഴ്ചയാണെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. സർക്കാരിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ സമീപനമാണ് അവർ കോടതിയിൽ സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രിയും നേരത്തെ പരസ്യമായി വ്യക്തമാക്കിയിരുന്നു.
പ്രോസിക്യൂട്ടറുടെ നിലപാടുകളിൽ അസംതൃപ്തി രേഖപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം എസ്.എച്ച്.ഒ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ നേരിട്ട് കണ്ടിരുന്നു. കേസിന്റെ ഗൂഢാലോചന സംബന്ധിച്ച തുടരന്വേഷണത്തിന് നിലവിലെ സാഹചര്യം തിരിച്ചടിയാകുമെന്ന് കണ്ടാണ് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകനായിരുന്ന എ. സന്തോഷ് കുമാറിനെയാണ് ഇപ്പോൾ ഈ കേസ് ഏൽപ്പിച്ചിരിക്കുന്നത്. വി.എസ്. അച്യുതാനന്ദനെതിരായ അപകീർത്തി കേസ് ഉൾപ്പെടെയുള്ളവയിൽ ഉമ്മൻ ചാണ്ടിക്ക് വേണ്ടി കോടതിയിൽ ഹാജരായിരുന്നത് ഇദ്ദേഹമാണ്.
ഭാവിയിൽ മുഖ്യമന്ത്രി ഇത്തരത്തിലായിരിക്കും പ്രവർത്തിക്കുക. തന്റെ ഇമേജ് തകർക്കാനുള്ള ശ്രമങ്ങൾ സി പി എം കേന്ദ്രങ്ങളിൽ നിന്നുനടക്കുന്നതായി മുഖ്യമന്ത്രി സംശയിക്കുന്നു. സി പി എം കേന്ദ്രങ്ങളിൽ നിന്നുതന്നെയാണ് സതീശന് ഇതിനുള്ള വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഉന്നതനെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയത്. പോലീസിന്റെ തലപ്പത്ത് ഇപ്പോഴും നിരവധി പിണറായി ഭക്തരുണ്ട്. അവരാണ് വി ഡി സതീശന്റെ നേർക്ക് പ്ലാൻ ബി പ്രയോഗിക്കുന്നത്.
2006 വരെ അംബാസഡർ കാറുകളായിരുന്നു ഭൂരിഭാഗം മന്ത്രിമാർക്കും നൽകിയിരുന്നത്. 2004 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു മറ്റു കാറുകളും മന്ത്രിമാർ ആവശ്യപ്പെട്ടു വാങ്ങിയിരുന്നു. പിന്നീട് ഇന്നോവയിലേക്കു മന്ത്രിമാർ മാറി. 2016 ൽ ഇന്നോവ ക്രിസ്റ്റയും മന്ത്രിമാരുടെ വാഹനങ്ങളായി. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ 2022 ൽ ഇന്നോവ ക്രിസ്റ്റയ്ക്കു പുറമേ കിയ കാർണിവലും വാഹന വ്യൂഹത്തിന്റെ ഭാഗമാക്കി. ഇവയെല്ലാം കറുത്ത നിറമുള്ളവയായിരുന്നു.
ചീറിപ്പാഞ്ഞുപോകുന്ന 14-ഓളം വാഹനങ്ങൾ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ സ്ഥിരം കാഴ്ചയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പലപ്പോഴും മുഖ്യമന്ത്രി പിണറായിയുടെ വാഹനവ്യൂഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സർക്കാർ സാമ്പത്തിക ഞെരുക്കത്തിലാണെന്ന് പറയുമ്പോഴും പിണറായി വിജയന്റെ അകമ്പടി വാഹനങ്ങളുടെ എണ്ണം വർധിച്ചതും അദ്ദേഹത്തിനു തന്നെ സഞ്ചരിക്കാനുള്ള വാഹനം ഇടയ്ക്ക് വെച്ച് മാറിയതുമെല്ലാം വിമർശനങ്ങൾക്കും കാരണമായിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹത്തിലേക്ക് കിയ കാർണിവൽ എത്തിയത് അടുത്ത കാലത്താണ്. 33 ലക്ഷം രൂപ വിലയുള്ള കിയ കാർണിവൽ ലിമോസിൻ പ്ലസ് 7 മോഡൽ ആണ് പുത്തൻ വാഹനം. നിലവിൽ മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന കറുപ്പ് നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റക്ക് പകരക്കാരനായാണ് കൂടുതൽ സൗകര്യങ്ങളുള്ള കറുത്ത കിയ കാർണിവൽ വാങ്ങാൻ സർക്കാർ തീരുമാനമെടുത്തത്.
കഴിഞ്ഞ വർഷം ജനുവരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും വാങ്ങാൻ 62.46 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ നിന്ന് 55.39 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് പുതിയ കറുത്ത ക്രിസ്റ്റ വാങ്ങിയത്. ഈ വാഹനങ്ങളിൽ രണ്ടെണ്ണം പൈലറ്റ്, എസ്കോർട്ട് കാറുകളായും ഒന്ന് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുമാണ് ഉപയോഗിച്ചത് .
ഹാരിയറിന് പകരം കൂടുതൽ സുരക്ഷാ സംവിധാനമുള്ള കാർണിവൽ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവിയാണ് നിർദേശിച്ചത്. നേരത്തെ അനുവദിച്ചതിലെ ബാക്കി തുക കാർണിവൽ വാങ്ങാൻ തികയില്ല. അതിനാൽ, പുതിയ കാർ വാങ്ങാൻ 33.31 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. പുതിയ വണ്ടികൾക്കായി ഇതുവരെ അനുവദിച്ചത് 88.69 ലക്ഷം രൂപയാണ്.
മൂന്ന് പുതിയ ക്രിസ്റ്റകൾ വാങ്ങിയപ്പോൾ നേരത്തെ ഉപയോഗിച്ചിരുന്ന രണ്ട് ഇന്നോവ കാറുകൾ ആഭ്യന്തര വകുപ്പിന് കൈമാറാനായിരുന്നു തീരുമാനം. എന്നാൽ, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലെ യാത്രയ്ക്ക് അധിക സുരക്ഷയെന്ന നിലയിൽ പൈലറ്റായോ എസ്കോർട്ടായോ ഈ വാഹനങ്ങൾ ഉപയോഗിക്കാനായിരുന്നു നിർദേശം. എന്തുകൊണ്ടാണ് പിണറായി കിയ കാർണിവൽ വാങ്ങിയത്?
വർഷങ്ങളായി ടൊയോട്ട ഇന്നോവയെന്ന ഒരേയൊരു രാജാവ് അടക്കിവാണിരുന്ന എം.പി.വി (മൾട്ടി പർപസ് വെഹിക്കിൾ) ശ്രേണിയിയെ വിറപ്പിച്ചാണ് കാർണിവൽ എന്ന എതിരാളിയുമായി കൊറിയൻ കാർ നിർമാതാക്കളായ കിയ എത്തിയത്. 2020 ഫെബ്രുവരിയിലാണ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ വാഹനമായ കാർണിവൽ കമ്പനി വിപണിയിലെത്തിച്ചത്.ഏഴ്, എട്ട്, ഒമ്പത് എന്നിങ്ങനെ മൂന്ന് സീറ്റിങ് ഓപ്ഷനുകളിലാണ് വാഹനം വിപണിയിലുള്ളത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ 2.2 ലിറ്റർ ഫോർ സിലിണ്ടർ സി.ആർ.ഡി.ഐ ടർബോ ഡീസൽ എഞ്ചിൻ, 440 എൻ.എം ടോർക്കും 200 എച്ച്.പി കരുത്തും പകരുന്നു. വെളുപ്പ്, കറുപ്പ്, സിൽവർ നിറങ്ങളിലാണ് വാഹനം ലഭ്യമാവുക.
ആഡംബരവും സവിശേഷതകളുമാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ കാർണിവൽ പ്രിയങ്കമാവാൻ കാരണം. ഫീച്ചറുകളാൽ സമ്പന്നമായ പ്രീമിയം എം.പി.വിയാണിത്. പവർ സ്ലൈഡിങ് റിയർ ഡോറുകളാണ് വാഹനത്തിൻറെ പ്രധാന പ്രത്യേകത.സ്മാർട്ഫോൺ കണക്ടിവിറ്റിയുള്ള 8-ഇഞ്ചുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ്റ് സിസ്റ്റം, രണ്ടാം നിര യാത്രക്കാർക്ക് വേണ്ടിയുള്ള രണ്ട് 10.1-ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, ഡ്യൂവൽ പാനൽ ഇലക്ട്രിക്ക് സൺറൂഫ്, കിയയുടെ യു.വി.ഒ കണക്ട് ചെയ്ത കാർ ടെക്, ഇലക്ട്രിക്ക് ടെയിൽഗേറ്റ് എന്നിങ്ങനെ നീളുന്നു പട്ടിക. ഡ്യൂവൽ ടോൺ ബ്ലാക്ക്, ബെയ്ജ് എന്നിങ്ങനെ മൂന്ന് ഇന്റീരിയർ കളർ ഓപ്ഷനിലാണ് കിയ കാർണിവൽ എത്തുന്നത്.
സുരക്ഷയുടെ കാര്യത്തിലും കാർണിവൽ ഏറെ മുന്നിലാണ്. ഓസ്‌ട്രേലിയൻ എൻ ക്യാപ് ക്രാഷ് ടെസ്റ്റിലാണ് കിയ കാർണിവൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടി സുരക്ഷയിൽ കരുത്തനെന്ന് തെളിയിച്ചത്.കാർണിവലിന്റെ എട്ട് സീറ്റർ ഓപ്ഷനാണ് ഇടിപരീക്ഷയ്ക്ക് വിധേയമാക്കിയത്. വാഹനത്തിനുള്ളിലെ യാത്രക്കാർക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷൻ അവോയിഡൻസ് അസെസ്മെൻറിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മുൻ ഭാഗങ്ങൾ, വശങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടായേക്കാവുന്ന ആഘാതങ്ങളിൽ നിന്ന് കാർണിവൽ, സുരക്ഷിത കവചം തീർക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഐ.എസ്.ഒ ഫിക്സ് ആങ്കറുകൾ, ഹെഡ് പ്രൊട്ടക്റ്റിങ് എയർ ബാഗുകൾ, എമർജൻസി ബ്രേക്കിങ്ങ് സംവിധാനം, ആക്ടീവ് ലെയ്ൻ കീപ്പിങ്ങ്, ഇന്റലിജെന്റ് സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവയും സുരക്ഷക്ക് കരുത്തേകുന്നു.ബ്രേക്ക് അസിസ്റ്റ്, ടയർ പ്രെഷർ മോണിറ്റർ, എഞ്ചിൻ ഇമോബിലൈസർ, ക്രാഷ് സെൻസർ, എഞ്ചിൻ ചെക്ക് വാണിങ്, ഇലക്ട്രിക് സ്റ്റെബിലിറ്റി കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻ, കൺസേണിങ് ബ്രേക്ക് കൺട്രോൾ, കർട്ടൻ എയർബാഗുകൾ, സ്‌പീഡ് സെൻസ് ചെയ്യാൻ കഴിയുന്ന ഓട്ടോ ഡോർ ലോക്ക് എന്നിവയും സുരക്ഷ ഒരുക്കുന്നു.
ഈ സാഹചര്യത്തിലാണ് തന്റെ യാത്രകൾക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാക്കുകൾ ശ്രദ്ധ നേടുന്നത്. മുഖ്യമന്ത്രിയുടെ യാത്രകാരണം ജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നുള്ള കർശന നിർദേശവും സതീശൻ, സംസ്ഥാന പോലീസ് മേധാവിക്ക് നൽകിക്കഴിഞ്ഞു. യാത്രകൾക്ക് പൈലറ്റ് വാഹനത്തിന്റെ അകമ്പടി മാത്രം മതിയെന്നായിരുന്നു സതീശന്റെ നിലപാട്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും സാധാരണക്കാരനെപ്പോലെ, നേരത്തെ സഞ്ചരിച്ചിരുന്ന രീതിയിൽ തനിക്ക് പോയാൽ മതിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തിൽ ഒതുക്കാനാകില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. അതിനാൽ എസ്‌കോർട്ട് വാഹനം കൂടി മുഖ്യമന്ത്രിയ്ക്ക് അകമ്പടിയുണ്ടായിരിക്കും. അതായത് മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്‌കോർട്ട്, പൈലറ്റ് വാഹനങ്ങൾ മാത്രമായിരിക്കും ഇനി അകമ്പടി നൽകുക.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത് 10 മുതൽ 14-ഓളം വാഹനങ്ങളായിരുന്നു. സുരക്ഷ, സഞ്ചരിക്കുന്ന വഴി, സഞ്ചരിക്കുന്ന സ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണ് വാഹനങ്ങളുടെ എണ്ണം തീരുമാനിച്ചിരുന്നത്. രണ്ട് പൈലറ്റ് വാഹനങ്ങൾ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം, സുരക്ഷാ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സഞ്ചരിക്കുന്ന 3-4 എസ്‌കോർട്ട് വാഹനങ്ങൾ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിനു സമാനമായുള്ള സ്‌പെയർ/ബാക്കപ്പ് കാർ, ആംബുലൻസ്, സ്‌ട്രൈക്കർ ഫോഴ്‌സ് വാഹനം എന്നിങ്ങനെയായിരുന്നു പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള അദ്ദേഹത്തിന്റെ വാഹനവ്യൂഹം. സുരക്ഷാ റിപ്പോർട്ടും ഔദ്യോഗിക പരിപാടികളും അനുസരിച്ച് വാഹനങ്ങളിലും സുരക്ഷയിലും വ്യത്യാസമുണ്ടാകും. എസ്‌കോർട്ട് വാഹനങ്ങളിൽ പരിശീലനം ലഭിച്ച ആയുധാരികളായ കമാൻഡോകളുണ്ടാകും. പൈലറ്റ് വാഹനങ്ങളിൽ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനു കീഴിൽ പോലീസുകാർ. പ്രതിഷേധമുണ്ടാകുമ്പോൾ 25 അംഗ ദ്രുതകർമസേനയും അനുഗമിക്കും.
കറുത്ത കിയ കാർണിവൽ കാറായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ സർക്കാരിന്റെ അവസാന രണ്ടു വർഷത്തിലേറെക്കാലം യാത്രകൾക്കായി ഉപയോഗിച്ചിരുന്നത്. ഇതിനൊപ്പം കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഉണ്ടായിരുന്നു. പിണറായി വിജയന്റെ യാത്രകൾക്കായി പോലീസ് ഫണ്ടിൽ നിന്നും വാങ്ങി നൽകിയ രണ്ട് കറുത്ത ഇന്നോവ കാറുകൾ പോലീസ് ഇതിനോടകം തന്നെ തിരികെ ഏറ്റെടുത്തിട്ടുണ്ട്. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ സഞ്ചരിക്കുക വെളുത്ത ഇന്നോവ ക്രിസ്റ്റയിലായിരിക്കും. സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്ക് വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളാണ് പൊതുഭരണവകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ കാറും എസ്‌കോർട്ട് വാഹനവും.
വെളുത്ത ഇന്നോവ കാറിൽ ചീറിപ്പാഞ്ഞിരുന്ന പിണറായി വിജയൻ 2022 ജനുവരി മുതലാണ് ഔദ്യോഗിക വാഹനമായ കറുത്ത ഇന്നോവ ക്രിസ്റ്റയിലേക്ക് മാറുന്നത്. പുതുവർഷത്തിൽ തിരുവനന്തപുരത്ത് എത്തിയ ശേഷമുള്ള ആദ്യ യാത്ര തന്നെ മുൻ മുഖ്യമന്ത്രി പുതിയ കാറിലേക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ആറു മാസത്തിനുള്ളിൽ കിയ കാർണിവലിലേക്ക് മാറുന്നത്. അതുവരെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം ഉപയോഗിച്ചിരുന്നത് വെള്ള നിറമുള്ള വാഹനങ്ങളായിരുന്നു. അന്ന് മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാർശയിലായിരുന്നു ഈ നിറം മാറ്റം. രാത്രിയാത്രയ്ക്ക് കൂടുതൽ സുരക്ഷിതവും രാത്രിയിലുള്ള ആക്രമണം തടയാൻ കാറിന്റെ നിറം കറുപ്പാകുന്നതുമാണ് നല്ലതെന്നായിരുന്നു ബെഹ്‌റയുടെ ശുപാർശ. ഇതിനിടയിൽ രണ്ടു തവണ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടതും ഈ നിറംമാറ്റത്തിനുള്ള കാരണമായി അന്ന് വിലയിരുത്തപ്പെട്ടിരുന്നു.
2023 ജനുവരിയിലാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന് സഞ്ചരിക്കാൻ പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ സംസ്ഥാന സർക്കാർ അനുവദിച്ചത്. ആ സമയത്ത് വി.ഡി. സതീശൻ ഉപയോഗിച്ചിരുന്ന കാർ 2.75 ലക്ഷം കിലോമീറ്റർ ഓടിയത് കണക്കിലെടുത്താണ് അന്ന് അദ്ദേഹത്തിന് പുതിയ വാഹനം അനുവദിച്ചത്. അതിനു മുമ്പത്തെ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമായിരുന്നു പിന്നീട് വി.ഡി സതീശന് നൽകിയിരുന്നത്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനമായിരുന്നു ഇത്. മൂന്ന് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ വി.ഐ.പി. യാത്രകൾക്ക് ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം പാലിച്ചാണ് അന്ന് സതീശന് പുതിയ വാഹനം അനുവദിച്ചത്. ഇപ്പോൾ മുഖ്യമന്ത്രിയായ ശേഷവും സതീശൻ യാത്രകൾക്കായി ഉപയോഗിച്ചതും ഈ വാഹനമാണ്.
സതീശൻ കാർണിവൽ ഉപയോഗിക്കുമോ എന്ന് പിണറായി സന്ദേഹിച്ചിരുന്നു.എന്നാൽ താൻ കിയ കാർണിവൽ ഉപയോഗിക്കില്ലെന്ന് സതീശൻ പറഞ്ഞതോടെ പിണറായി കിയ കിട്ടാൻ ശ്രമം തുടങ്ങി. നിലവിൽ ഈ വാഹനം ആരും ഉപയോഗിക്കാത്ത സാഹചര്യത്തിൽ വാഹനം ടൂറിസത്തിന് കൈമാറാനായിരുന്നു തീരുമാനം.എന്നാൽ പ്രോട്ടോക്കോൾ പ്രകാരം കിയ കാർണിവൽ ഉപയോഗിക്കാൻ എല്ലാവർക്കും കഴിയില്ല. അതും പിണറായിയുടെ ആഗ്രഹങ്ങൾക്ക് ചിറകുമുളപ്പിച്ചു. ഇനിയറിയേണ്ടത് സി എം അത് അനുവദിക്കുമോ എന്നതാണ്. അത് എന്തുതന്നെയായാലും തനിക്ക് തട്ട് കിട്ടാൻ മുഖ്യമന്ത്രി സതീശൻ തയ്യാറല്ല.
https://www.facebook.com/Malayalivartha



























