കാട്ടാനക്കൂട്ടം കട തകര്‍ക്കുമ്പോള്‍ കടയ്ക്കുള്ളില്‍ ഭയന്ന് തുള്ളിവിറയ്ക്കയായിരുന്നു രാജകുമാരി!

മൂന്നാര്‍-മറയൂര്‍ റൂട്ടില്‍ കന്നിമല തേയില ഫാക്ടറിക്കു സമീപം കാട്ടാനകള്‍ രണ്ട് കടകള്‍ തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്കാണ് ഒരു കുട്ടി ഉള്‍പ്പെടെ 3 ആനകളടങ്ങിയ സംഘം, അഗ്‌നിമുത്തു, രാജകുമാരി എന്നിവരുടെ കടകള്‍ക്കു മുന്നിലെത്തിയത്.
ഞായറാഴ്ച ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ കന്നിമല ലോവര്‍ ഡിവിഷനിലെ അഗ്‌നിമുത്തു (60) കടയില്‍ ഉണ്ടായിരുന്നില്ല. കാട്ടാനകള്‍ ഇയാളുടെ കട കുത്തി പിന്നോട്ടു തള്ളിയിട്ടു. കടയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ബേക്കറി പലഹാരങ്ങള്‍ തിന്നുതീര്‍ക്കുകയും ചെയ്തു. 5 വര്‍ഷം മുന്‍പും ഇവിടെ കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
തന്റെ കടയുടെ ഷട്ടര്‍ തകര്‍ക്കുന്ന ശബ്ദം കേട്ടാണ് ഉള്ളില്‍ ഒറ്റയ്ക്കു കിടന്നുറങ്ങിയിരുന്ന രാജകുമാരി (58) ചാടി എഴുന്നേറ്റത്. പകുതി തകര്‍ത്ത ഷട്ടറിനു മുകളിലൂടെ തുമ്പിക്കൈ അകത്തേക്കിട്ടു സാധനങ്ങള്‍ ഭക്ഷിക്കുന്ന ആനകളെ ആണ് ഇവര്‍ കണ്ടത്. ഭയന്ന ഇവര്‍ അടുക്കളയിലെ കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ ഒളിച്ചു.
കടയിലെ കസേരകളും മേശകളുമെല്ലാം തകര്‍ത്ത ശേഷമാണ് ആനക്കൂട്ടം പിന്മാറിയത്. രാജകുമാരിയുടെ ഭര്‍ത്താവ് പേച്ചിമുത്തു 1997-ല്‍ കന്നിമല ടോപ് ഡിവിഷനില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പടയപ്പയും ഇറങ്ങിയതോടെ നാട്ടുകാരുടെ ഉറക്കവും കെട്ടു. രാത്രികാലങ്ങളില്‍ തൊഴിലാളി ലായങ്ങള്‍ കയറിയിറങ്ങി നാശം വരുത്തുന്ന കാട്ടാനക്കൂട്ടത്തില്‍ ഒറ്റയാനായ പടയപ്പയാണു തൊഴിലാളി ലായത്തില്‍ കയറി ഭീതി പരത്തിയത്. ഞായറാഴ്ച അര്‍ധരാത്രി ഒരുമണിയോടെ വാഗുവരൈ എസ്‌റ്റേറ്റ് ലക്കം ന്യൂ ഡിവിഷനില്‍ കയറിയ പടയപ്പയെ പുലര്‍ച്ചെ നാലരയോടെ വനത്തിനുള്ളില്‍ കയറ്റിവിട്ടു. ലായത്തിനു സമീപത്തു തൊഴിലാളികള്‍ കൃഷിചെയ്തിരുന്ന വാഴയുള്‍പ്പെടെ നശിപ്പിച്ചു പതുങ്ങിനില്‍ക്കുകയായിരുന്നു കാട്ടാന. 3 മണിക്കൂര്‍കൊണ്ടാണു പടയപ്പയെ വനത്തിലേക്കു തുരത്താന്‍ കഴിഞ്ഞതെന്നു തൊഴിലാളികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























