ഇരുമുടി കെട്ടുമായി എത്രനാള്‍... കെ. സുരേന്ദ്രനെതിരായ കേസുകള്‍ കുത്തിപ്പൊക്കാന്‍ തീവ്ര ശ്രമം; മണ്ഡല മകരവിളക്ക് കാലം കഴിയുന്നതു വരെ ജയിലില്‍ കിടത്താന്‍ സാധ്യത... സന്നിധാനം സ്‌റ്റേഷനിലെ കേസില്‍ ജയിലിലെത്തി അറസ്റ്റ് ചെയ്യാനും നീക്കം

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഇരുമുടി കെട്ടുമായി വന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന് അടുത്തകാലത്തൊന്നും പുറത്തിറങ്ങാനാകില്ലെന്ന് റിപ്പോര്‍ട്ട്.നിലയ്ക്കലില്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും, മറ്റൊരു കേസില്‍ ജാമ്യമില്ലാ വകുപ്പിട്ട് അറസ്റ്റ് ചെയ്ത് കെ. സുരേന്ദ്രനെ ശബരിമല തീര്‍ഥാടനകാലം കഴിയുന്നതു വരെ ജയിലില്‍ നിന്ന് പുറത്തിറക്കാതിരിക്കാന്‍ പോലീസിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.
ചിത്തിര ആട്ടവിശേഷത്തിന്റെ സമയത്ത് പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതയെ ഭക്തര്‍ ആക്രമിച്ച കേസിലാണ് സുരേന്ദ്രന് എതിരേ പുതിയ എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്.
സന്നിധാനം പോലീസ് സ്‌റ്റേഷന്‍ ക്രൈം നമ്പര്‍ 16/18 ആയി ചാര്‍ജ് ചെയ്തിരിക്കുന്ന കേസില്‍ ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിലയ്ക്കല്‍ സംഭവത്തിന്റെ പേരില്‍ മുന്‍സിഫ് കോടതി ഇന്നലെ സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, കൊട്ടാരക്കര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അദ്ദേഹത്തിന് മോചനമായില്ല.
കണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ ക്രൈം നമ്പര്‍ 240/18 ല്‍ കോടതി പ്രൊഡക്ഷന്‍ വാറണ്ട് സുരേന്ദ്രനെതിരേ പുറപ്പെടുവിച്ചതാണ് കാരണം. ആ വാറണ്ടിന്മേല്‍ ഇന്ന് സുരേന്ദ്രനെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും. അവിടെ നിന്ന് ജാമ്യം ലഭിച്ചാലും സുരേന്ദ്രന്‍ ജയില്‍ മോചിതനാകാതിരിക്കാനാണ് സന്നിധാനത്തെ കേസ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. ഈ കേസിന്മേല്‍ ജയിലില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തി, തെളിവെടുപ്പിന് കസ്റ്റഡിയില്‍ മേടിക്കാനാണ് പോലീസിന്റെ പദ്ധതി. ഈ സമയത്ത് സുരേന്ദ്രനുമായി തെളിവെടുപ്പിന് സന്നിധാനത്തേക്ക് പോകുന്നത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് പിന്നോട്ട് പോകാന്‍ തയാറല്ല.
മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലം കഴിയുന്നതു വരെ സുരേന്ദ്രനെ ജയിലില്‍ അടയ്ക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിലായി ഒമ്പതില്‍പ്പരം കേസുകള്‍ സുരേന്ദ്രന്റെ പേരിലുള്ളതിന്റെ വിശദവിവരങ്ങളാണ് ഇന്നലെ പോലീസ് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്. ഇതെല്ലാം മുന്‍സിഫ് സൂര്യാ സുകുമാരന്‍ തള്ളുകയും ചെയ്തു.
"
https://www.facebook.com/Malayalivartha






















