കെ.സുരേന്ദ്രനെ ജയില്‍മോചിതനാക്കാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രിത ഗൂഢാലോചന നടക്കുന്നെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് ആരോപിച്ചു, സുരേന്ദ്രനെ കണ്ണൂര്‍ ജയിലില്‍ അടയ്ക്കാന്‍ ചില സി.പി.എം നേതാക്കള്‍ക്കും താല്‍പര്യം

കെ. സുരേന്ദ്രനെ ആജീവനാന്തം ജയിലില്‍ അടയ്ക്കാനാണ് പിണറായി സര്‍ക്കാര്‍ നോക്കുന്നതെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രിത ഗൂഢാലോചന ഇതിനായി നടക്കുന്നുണ്ട്. നിലയ്ക്കലില്‍ നിന്ന് സുരേന്ദ്രനെ അറസ്റ്റ് ചെയ്ത ശേഷം നിരോധനാജ്ഞ ലംഘിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ആ കേസില്‍ ജാമ്യം കിട്ടുമെന്നായപ്പോള്‍ മുമ്പെങ്ങോ നടന്ന മറ്റൊരു കേസ് കുത്തിപ്പൊക്കി.
കണ്ണൂരില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം എടുക്കാന്‍ സുരേന്ദ്രന്‍ തയ്യാറായതാണ്. എന്നാല്‍ പെട്ടെന്ന് തന്നെ പ്രൊഡക്ഷന്‍ വാറന്‍ഡ് പുറപ്പെടുവിച്ചു. സുരേന്ദ്രനെ കണ്ണൂര്‍ സെന്റര്‍ ജയിലിലാക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥരും സി.പി.എം നേതാക്കളും ശ്രമിക്കുന്നുണ്ടെന്നും എം.ടി രമേശ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ചിത്തിര ആട്ടവിശേഷത്തിന് ലളിത എന്ന സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ഇന്നലെയാണ് പൊലീസ് സുരേന്ദ്രനെതിരെ കേസ് എടുത്തത്. സംഭവം നടന്ന ദിവസം കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസ് എടുത്ത പൊലീസ് ഇന്നലെ സുരേന്ദ്രനെതിരെ കേസ് എടുത്തത് രാഷ്ട്രീയ പ്രേരിതമായാണ്. കെ.സുരേന്ദ്രനെ പൊലീസുകാര്‍ക്ക് അറിയാമല്ലോ, ഇതുവരെ ആ സംഭവത്തില്‍ കേസ് എടുക്കാതിരുന്നത് എന്താണെന്നും എം.ടി രമേശ് ചോദിച്ചു. കൊലപാതക ശ്രമത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയിരിക്കുന്നത്.
കണ്ണൂരില്‍ എസ്പി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും സുരേന്ദ്രനെ റിമാന്റ് ചെയ്യണമെന്ന് പൊലീസ് കണ്ണൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലക്കല്‍ വിഷയത്തില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നെങ്കിലും ജയില്‍ മോചിതനായിട്ടില്ല. ഇതിനിടെയാണ് വിവിധ കേസുകളില്‍ പെടുത്തി സുരേന്ദ്രനെതിരെ നീക്കം നടക്കുന്നതെന്നും കേസ് നിയമപരമായി നേരിടുമെന്നും എം.ടി രമേശ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















