ശബരിമലയിൽ നിരോധനാജ്ഞ ലംഘനം; അറസ്റ്റിലായ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിന് ജാമ്യം

ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ ബിജെപി പ്രവർത്തകർക്ക് ജാമ്യം. ഞായറാഴ്ച ഉച്ചയോടെ നിലയ്ക്കലിൽ നിന്നും അറസ്റ്റിലായ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് ജാമ്യം ലഭിച്ചത്.
ഇരുമുടിക്കെട്ടുമായി രണ്ടു കാറുകളിലെത്തിയ സംഘത്തെ ഇലവുങ്കലിൽ വച്ച് വാഹനം പൊലീസ് തടഞ്ഞ് പരിശോധിക്കുകയും പേരുവിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമായിരുന്നു ഇവരെ പെരുനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
സന്നിധാനത്ത് തങ്ങാൻ പാടില്ലെന്നും നാമജപ പ്രതിഷേധം നടത്തരുതെന്നും സംഘത്തെ പോലീസ് ഇവരെ അറിയിച്ചിരുന്നു. തുടർന്നു ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നൽകി. നോട്ടീസ് ഒപ്പിട്ടു നൽകണമെന്നും പോലീസ് ആവശ്യപ്പെട്ടു. പോലീസിന്റെ ആവശ്യം അംഗീകരിക്കാൻ തയാറാകാതിരുന്ന സംഘം നിരോധനാജ്ഞ ലംഘിക്കുകയാണെന്ന് പോലീസിനെ അറിയിച്ചു. തുടർന്നായിരുന്നു അറസ്റ്റ്. ശനിയാഴ്ച രാത്രി സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 80 പേരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവരെയും ജാമ്യത്തിൽ വിട്ടിരുന്നു.
https://www.facebook.com/Malayalivartha

























