സിപിഎം സ്ത്രീപീഡകർക്ക് മുഴുവൻ ക്ലീൻ ചിറ്റ് നൽകുന്നു; ഷൊർണ്ണൂർ എംഎൽഎ പി കെ ശശിയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഷൊർണ്ണൂർ എംഎൽഎ പി കെ ശശിയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സ്ത്രീപീഡകർക്ക് മുഴുവൻ ക്ലീൻ ചിറ്റ് നൽകുന്ന നിലപാടാണ് സിപിഎമ്മിന്‍റേതെന്നും വർഗീയ മതിൽ തീർക്കാതെ സിപിഎം സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നല്‍കട്ടെയെന്നും ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.
അതേസമയം ലൈംഗിക പീഡനപരാതിയിൽ ഷൊർണ്ണൂർ എം എൽ എ പി കെ ശശിയെ വെള്ള പൂശിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ അംഗം പി കെ ശ്രീമതി വ്യക്തമാക്കി. ശശി തെറ്റുകാരനെന്ന് കണ്ടെത്തിയതിനാലാണ് നടപടി സ്വീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരില്ലെന്നും ഇപ്പോള്‍ പുറത്ത് വരുന്നത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും പി കെ ശ്രീമതി പറഞ്ഞു.
നേരത്തെ ലൈംഗിക ആരോപണ പരാതിയിൽ പി.കെ.ശശി എം.എൽ.എയെ വെള്ളപൂശിയാണ് സി.പി.എം അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടെന്ന് വാർത്ത വന്നിരുന്നു. പാർട്ടിയുടെ അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പരാതിക്കാരിയായ യുവതിക്ക് എതിരായ പരാമർശങ്ങളായിരുന്നു റിപ്പോർട്ടിൽ കൂടുതൽ ഉണ്ടായിരുന്നത്. പെൺകുട്ടിയുടെ പരാതിക്ക് പിന്നിൽ ബാഹ്യസമ്മർദമുണ്ടെന്ന് സംശയമുണ്ടെന്നും, പി.കെ.ശശി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന് മതിയായ തെളിവുകൾ ഇല്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. കേന്ദ്ര കമ്മിറ്റിയുടെ സഹായത്തോടെ ഇക്കാര്യം പരിശോധിക്കണമെന്നും പി.കെ.ശശി പെൺകുട്ടിയോട് മോശമായ ഭാഷയിൽ സംസാരിച്ചെന്നും റിപ്പോർട്ടിലുണ്ട്.
2017 ഡിസംബറിൽ സിപിഎം മണ്ണാർക്കാട് എരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പി കെ ശശി മോശമായി സംസാരിച്ചു, പെരുമാറി എന്നതായിരുന്നു യുവതിയുടെ പരാതി. എ കെ ബാലനും പി കെ ശ്രീമതിയും അടങ്ങുന്ന പാർട്ടി കമ്മീഷൻ പരാതി ഖണ്ഡിക്കുന്നത് ഇങ്ങിനെ: പരാതിയിൽ പറഞ്ഞ സമയം പകൽ 11 മണി. തിരക്കേറിയ ഓഫീസ് , ഈ സമയത്ത് പരാതിയിൽ പറഞ്ഞ രീതിയിലുള്ള പെരുമാറ്റത്തിന് സാധ്യതയില്ല. സംഭവത്തിന് ഒരു ദൃക്സാക്ഷിയും ഇല്ല. പരാതിയിൽ യുവതി പറഞ്ഞ ദിവസം കഴിഞ്ഞ് എട്ട് മാസം കഴിഞ്ഞാണ് പാർട്ടിക്ക് പരാതി നൽകിയത് എന്നുള്ളത് ശശിക്കുള്ള മറ്റൊരു ആനുകൂല്യമായി കമ്മീഷൻ നിരത്തുന്നു.
യുവതി മണ്ണാർക്കാട് ഏറിയാ സെക്രട്ടറിക്കോ ജില്ലാ സെക്രട്ടറിക്കോ പരാതി നൽകിയില്ല. യുവതിക്ക് പി കെ ശശി 5,000 രൂപ നൽകിയത് റെഡ് വളണ്ടിയർ മാർച്ചിനുള്ള യൂണിഫോം വാങ്ങാനാണെന്നാണ് കമ്മീഷൻറെ കണ്ടെത്തൽ. അതേ സമയം, യുവതിയോട് പ്രത്യേക ഇഷ്ടമുണ്ടെന്ന രീതിയിൽ അടക്കം ഫോണിലൂടെ മോശമായി സംസാരിച്ചു എന്ന് കമ്മീഷൻ കണ്ടെത്തുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ശശിയെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
അതേസമയം, സ്വമേധായ പെൺകുട്ടി പരാതി നൽകി എന്ന് കരുതാനാകുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന ശശി നൽകിയ പരാതി അടക്കം പാർട്ടി പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പെൺകുട്ടിയെ കൂടുതൽ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നതാണ് റിപ്പോർട്ട്. ശശിക്കെതിരായ നടപടിയിൽ അതൃപ്തിയുള്ള യുവതി വീണ്ടും പാർട്ടിയെ സമീപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























