ബി.ജെ.പിയെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി സി.പി.എം; ലോക്‌സഭ തിരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ സി.പി.എം തീരുമാനത്തിൽ എത്തിയാതായി റിപ്പോർട്ട്

2019ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ പുതിയ തന്ത്രം മെനഞ്ഞ് സി.പി.എം കേന്ദ്രകമ്മിറ്റി. ലോക്‌സഭ തിരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ സി.പി.എം തീരുമാനത്തിൽ എത്തിയാതായി റിപ്പോർട്ട്. തമിഴ്നാട്, ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ സഖ്യം ഉണ്ടാക്കാൻ ധാരണയായി. എന്നാൽ പശ്ചിമബംഗാളിൽ അടവുനയം സ്വീകരിക്കാനാണ് സാദ്ധ്യത ഏറെ.
സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാം എന്ന് കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ധാരണയായിരുന്നെങ്കിലും കേന്ദ്ര കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച കരട് പ്രമേയം തള്ളിയിരുന്നു. ദേശീയതലത്തിൽ ബി.ജെ.പിയെ നേരിടാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിശാല സഖ്യം രൂപീകരിക്കുന്ന സാഹചര്യം നിലവിൽ വന്നതോടെയാണ് കോൺഗ്രസുമായി സഖ്യത്തിലേർപ്പെടണമെന്ന നയം സി.പി.എം പ്രഖ്യാപിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പ് നയമായി, ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തുക, സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സീറ്റുകൾ കൂട്ടുക, ബദൽ മതേതര സർക്കാരിന് ശ്രമിക്കുക എന്നീ മൂന്ന് നിർദ്ദേശങ്ങൾ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. തമിഴ്നാട്ടിൽ കോൺഗ്രസ് കൂടി ഉൾപ്പെട്ട ഡി.എം.കെ സഖ്യത്തിൽ സി.പി.എം മത്സരിക്കും. മഹാരാഷ്ട്രയിൽ കോൺഗ്രസ് എൻ.സി.പി സഖ്യവുമായി സഹകരിക്കാനാണ് ധാരണ. ബീഹാറിൽ ആർ.ജെ.ഡി കോൺഗ്രസ് വിശാല സഖ്യത്തിന്റെ ഭാഗമാകും. ഉത്തർപ്രദേശിൽ എസ്.പി, ബി.എസ്.പി സഖ്യത്തോട് സി.പി.എം ഒരു സീറ്റ് ആവശ്യപ്പെട്ടു.
അതേസമയം കേരള കോൺഗ്രസ് ബി ഉൾപ്പെടെയുള്ള കക്ഷികളെ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ച തീരുമാനം കേന്ദ്രകമ്മിറ്റി പുന:പരിശോധിക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം അറിയിച്ചു. കൂടുതൽ പാർട്ടികൾ മുന്നണിയിലേക്ക് വരുമെന്ന് സംസ്ഥാന ഘടകം അറിയിച്ചിരുന്നെന്നും മുന്നണി വിപുലീകരണം സംസ്ഥാന തലത്തിൽ തീരുമാനിക്കേണ്ട കാര്യമാണെന്നും യെച്ചൂരി വ്യക്തമാക്കി.
ആർ.ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ് ഉൾപ്പെടയുള്ള കക്ഷികളെ ഉൾപ്പെടുത്തി ഇടതുമുന്നണിയെ വിപുലീകരിച്ച തീരുമാനത്തെ വി.എസ് അച്യുതാനന്ദൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പുനപരിശോധിക്കില്ലെന്ന് വ്യക്തമാക്കി സീതാറാം യെച്ചൂരി രംഗത്തെത്തിയത്.
ഇടതുമുന്നണി വർഗീയകക്ഷികൾക്കുളള ഇടത്താവളമല്ലെന്നും സ്ത്രീവിരുദ്ധതയും സവർണമേധാവിത്വവും ഉള്ളവർ മുന്നണിയിൽ വേണ്ടെന്നും വി.എസ് പറഞ്ഞിരുന്നു. കുടുംബത്തിൽ പിറന്നവർ ശബരിമലയിൽ പോകില്ലെന്ന നിലപാടുളളവർ മുന്നണിക്ക് ബാധ്യതയാകും. ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉൾക്കാഴ്ച്ചകൾ ഉള്ളവരുടെ കൂട്ടായ്മയാവണം ഇടതുപക്ഷമെന്നും വി.എസ് പറഞ്ഞിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബി ജെ പി ഏറ്റുവാങ്ങിയത്. മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി ജെ പി സമാനതകളില്ലാത്ത തോല്‍വിയാണ് നേരിട്ടത്. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്ര സര്‍ക്കാരിന്‍റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയതിന് ശേഷം ബി ജെ പി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരിക്കുമിതെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രത്യേകിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ. പാര്‍ട്ടിയുടെ കനത്ത പരാജയത്തിന് പിന്നാലെ വന്‍ പ്രതിസന്ധികളാണ് ബിജെപി നേരിടുന്നത്. മോദി പ്രഭാവം മങ്ങിയെന്ന വിലയിരുത്തലുകള്‍ക്കിടെ സഖ്യകക്ഷികളില്‍ പലരും ബന്ധം ഉപേക്ഷിച്ച് പോവുകയാണ്. സഖ്യം ഉപേക്ഷിക്കുന്നുവെന്നതിനപ്പുറം കോണ്‍ഗ്രസുമായി പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നുവെന്നതും ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പ്ലാന്‍ ബി അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി.
https://www.facebook.com/Malayalivartha


























