കൊച്ചിന്‍ റിഫൈനറി രാജ്യത്തിന് മുഴുവന്‍ മാതൃക ; കൊച്ചിൻ റിഫൈനറി വികസന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്‌ഘാടനം ചെയ്തു

കൊച്ചിന്‍ റിഫൈനറി കേരളത്തിന് മാത്രമല്ല രാജ്യത്തിന് മുഴുവന്‍ മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.കൊച്ചിന്‍ റിഫൈനറിയുടെ വിപുലീകരിച്ച പ്ലാന്റ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.പി.ജി ബോട്ട്ലിംഗ് പ്ലാന്റിന്റെ സ്‌റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം, ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം എന്നിവയും അദ്ദേഹം നിര്‍വഹിച്ചു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. സാങ്കേതിക തകരാറ് മൂലം വിമാനം വൈകിയതിനാല്‍ വൈകിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങിനെത്തിയത്. കൊച്ചിന്‍ റിഫൈനറിയുടെെ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ മൊത്തം വികസനത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചിന്‍ റിഫൈനറിയുടെ എല്ലാ വിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ എന്നും സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. റിഫൈനറിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ഇളവ് അടക്കം നല്‍കിയെന്നും അദ്ദേഹം വിശദീകരിച്ചു.
ഉച്ചകഴിഞ്ഞ് 2.10ന് കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി വിഎസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. അതേസമയം, വിമാനത്തകരാറിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയില്ല.
തൃശൂരില്‍ തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി വൈകിട്ട് ആറിന് തിരികെ കൊച്ചിയിലെത്തി ഡല്‍ഹിക്ക് മടങ്ങും.
https://www.facebook.com/Malayalivartha






















