സി.പി.എമ്മിന് തലവേദനയായി മാറിയ എസ്.പി ചൈത്ര തെരേസാ ജോണിനെതിരെ കടുത്ത നടപടി എടുക്കാതെ താക്കീത് നല്‍കി തടിയൂരാന്‍ സര്‍ക്കാര്‍, എ.ഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം

സി.പി.എമ്മിന് തലവേദനയായി മാറിയ എസ്.പി ചൈത്ര തെരേസാ ജോണിനെതിരെ കടുത്ത നടപടി എടുക്കാതെ താക്കീത് നല്‍കി തടിയൂരാന്‍ സര്‍ക്കാര്‍. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളെ പിടികൂടാന്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഡി.സി.പിയായിരുന്ന ചൈത്ര റെയ്ഡ് നടത്തിയത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് പേരിന് നടപടിയെടുത്തെന്ന് വരുത്തിത്തീര്‍ത്ത് ആഭ്യന്തരവകുപ്പ് തടിതപ്പുന്നത്. പാര്‍ട്ടി ഓഫീസില്‍ പരിശോധന നടത്തിയത് ശരിയല്ലെന്നും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ അറിയിച്ചിരുന്നു. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് എ.ഡി.ജി.പി അന്വേഷണം നടത്തിയത്.
ഈ മാസം എട്ടിനും ഒന്‍പതിനും നടന്ന ദേശീയപണിമുടക്കിനോട് അനുബന്ധിച്ച് തിരുവനന്തപുരം എസ്.ബി.ടി ഓഫീസ് ആക്രമിച്ച കേസിലെ ജീവനക്കാര്‍ ജാമ്യം കിട്ടാതെ അഴിക്കുള്ളില്‍ കിടക്കുന്നതിന് കാരണവും ചൈത്രതെരേസാ ജോണാണ്. സി.പി.എം അനുകൂല സംഘടനയുടെ സംസ്ഥാന നേതാക്കളാണ് ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് അന്നത്തെ ഡി.സി.പിയായിരുന്ന ചൈത്രയാണ്. അന്ന് മുതല്‍ തുടങ്ങിയതാണ് സി.പി.എമ്മിന് ചൈത്രയോടുള്ള കലിപ്പ്. പണിമുടക്കിനോട് അനുബന്ധിച്ച് സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡിന് നടുക്ക് പന്തല്‍ കെട്ടിയതിനെതിരെ കേസ് എടുത്തതും ചൈത്രയുടെ നേതൃത്വത്തിലായിരുന്നു. അതോടെ സി.പി.എമ്മിന്റെ കലിപ്പ് കട്ടക്കലിപ്പായി മാറി. പാര്‍ട്ടി ഓഫീസിലെ പരിശോധനകൂടിയായതോടെ എങ്ങനെയും ചൈത്രയ്ക്ക് എട്ടിന്റെ പണി കൊടുക്കണമെന്ന വാശിയിലായി സി.പി.എം ജില്ലാ നേതൃത്വം.
എന്നാല്‍ മലപോലെ വന്നത് എലി പോലെ പോയി എന്ന് പറഞ്ഞ പോലെയായി. കോടതിയില്‍ നിന്ന് സെര്‍ച്ച് വാറന്‍ഡ് വാങ്ങിയാണ് ചൈത്ര സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധനടത്തിയത്. മാത്രമല്ല പ്രതി പാര്‍ട്ടി ഓഫീസില്‍ ഉണ്ടെന്ന് അമ്മയുടെ മൊഴിയും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ച ശേഷം റെയ്ഡ് അറിയിച്ചില്ലെന്നും അത് ജാഗ്രതാ കുറവാണെന്ന് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചില്ലെങ്കിലും പരിശോധനാ വിവരം ചോര്‍ന്നിരുന്നു. അങ്ങനെയാണ് പ്രതി പാര്‍ട്ടി ഓഫീസില്‍ നിന്ന് രക്ഷപെട്ടത്. കേസിലെ പ്രതികളെ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ എസ്.പി തന്നെയാണ് തിരിച്ചറിഞ്ഞത്.
പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനോ, കണ്ടെത്താനോ കഴിയാത്തതിനാല്‍ എസ്.പിക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സംഭവം പുറത്ത് വന്നത് മുതല്‍ സേനയിലെ പല ഉന്നത ഉദ്യോഗസ്ഥരും എസ്.പിക്ക് ഒപ്പമാണ്. കാരണം പേര് പല ഐ.പി.എസ് ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ച നിലപാടാണ് ചൈത്ര സ്വീകരിച്ചത്. ഇന്നലെ മുഖ്യമന്ത്രി ചൈത്രയ്‌ക്കെതിരെ നിയമസഭയില്‍ വിമര്‍ശനം നടത്തുകയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഡി.വൈ.എഫ്.ഐയും രൂക്ഷവിമര്‍ശനം നടത്തിയെങ്കിലും ഐ.പി.എസ് അസോസിയേഷന്‍ അതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അവരുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ പോലും യാതൊരു തരത്തിലുമുള്ള ചര്‍ച്ചകള്‍ ഉണ്ടായില്ല.
https://www.facebook.com/Malayalivartha
























