കോടതി വിധിച്ച നഷ്ടപരിഹാരം നല്‍കാത്തതിന് ഇന്‍ഷുറന്‍സ് ഓഫിസ് ജപ്തി ചെയ്തു

മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്റ് ക്രൈം ട്രൈബ്യൂണല്‍ (എം.എ.സി.ടി) കോടതി, വാഹനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് വിധിച്ച നഷടപരിഹാരത്തുക നല്‍കാത്തതിന് നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ മഞ്ചേരി ഓഫിസിലെ സാധനസാമഗ്രികള്‍ ജപ്തി ചെയ്യാന്‍ നടപടി.
വിധിയുമായി കോടതി ആമീനുള്‍പ്പെടെയുള്ളവര്‍ ഇന്നലെ ഇന്‍ഷുറന്‍സ് കമ്പനി ഓഫിസിലെത്തി ജപ്തി നടപടി തുടങ്ങി. രണ്ട് കേസുകളില്‍ 65.29 ലക്ഷം രൂപയാണ് നഷടപരിഹാരത്തുകയായി നല്‍കാനുണ്ടായിരുന്നത്. പടപ്പറമ്പ് പാങ്ങില്‍ വലിയാക്കത്തൊടി സൈനുല്‍ ആബിദീന്‍ (36) ബൈക്കിടിച്ച് മരിച്ച കേസില്‍ 30.52 ലക്ഷം രൂപയാണ് ആശ്രിതര്‍ക്ക് നല്‍കാന്‍ മഞ്ചേരി എം.എ.സി.ടി കോടതി വിധിച്ചിരുന്നത്. തുക ലഭിക്കാന്‍ പലതവണ ശ്രമിച്ചിട്ടും ഫലമില്ലാതായതോടെയാണ് ആശ്രിതര്‍ വീണ്ടും കോടതിയെ സമീപിച്ചത്.
2015 ജൂണില്‍ അരീക്കോട് പെരുമ്പറമ്പിലുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചതാണ് രണ്ടാമത്തെ കേസ്. ഇരുവേറ്റി സ്വദേശി സന്തോഷിന്റെ ഭാര്യയും കുഞ്ഞുമാണ് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് മരിച്ചത്. 34.76 ലക്ഷമാണ് ഇവരുടെ ആശ്രിതര്‍ക്ക് നഷടപരിഹാരമായി നല്‍കേണ്ടത്. അനുവദിച്ച തുക ലഭിക്കാതായതോടെ ഇവരും വീണ്ടും കോടതിയെ സമീപിച്ചിരുന്നു. ജപ്തി നടപടികള്‍ ഇന്നും തുടരുകയാണ്.
https://www.facebook.com/Malayalivartha
























