ഇന്ത്യന്‍ മലയാളി അസോസിയേഷനും, സ്മാര്‍ട് വിങ്ങ്‌സും, സര്‍വ്വശിക്ഷാ അഭിയാനും സംഘാടകരായ ദില്ലിദര്‍ശന്‍ പരിപാടിയുടെ ഭാഗമായി റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ പോയ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഇല്ലാത്ത ബോഗിയുടെ ടിക്കറ്റ് മുന്‍കൂര്‍ നല്‍കി റെയില്‍വേയുടെ കൊലച്ചതി

ഭിന്നശഷിക്കാരായ പത്ത് വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമടക്കം 26 പേര്‍ക്ക് ട്രെയിനില്‍ ഇല്ലാത്ത ബോഗിയുടെ ടിക്കറ്റ് നല്‍കി റെയില്‍വേ കബളിപ്പിച്ചു. റിപ്പബ്ലിക്ദിന പരേഡ് കാണാന്‍ തൃശൂരില്‍ നിന്നുപോയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളോടാണ് റെയില്‍വേയുടെ ക്രൂരമായ ഈ കൊലച്ചതി.
ഡല്‍ഹിയില്‍ നിന്നും തൃശൂരിലേക്ക് മടങ്ങാനായി സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് തങ്ങള്‍ ഒരു മാസം മുമ്പ് ബുക്ക് ചെയ്ത കേരള എക്‌സ്പ്രസില്‍ എസ്-10 എന്ന ബോഗി തന്നെ ഇല്ലെന്ന് ഇവര്‍ അറിയിയുന്നത്. ഒരു മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പ്രിന്റഡ് കോപ്പിയുമായി ഡല്‍ഹി സ്‌റ്റേഷന്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും സാങ്കേതിക പിഴവാണെന്നും ഒന്നും ചെയ്യാനാകില്ലെന്നുമായിരുന്നു മറുപടി.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്ന സര്‍വ ശിക്ഷ അഭിയാന്‍ ഉദ്യോഗസ്ഥര്‍ തൃശൂര്‍ ജില്ല കളക്ടര്‍ ടി.വി.അനുപയുമായി അടിയന്തിരമായി ഫോണില്‍ ബന്ധപ്പെടുകയും പ്രശ്‌നം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും പല ബോഗികളില്‍ കയറ്റി വിടുകയായിരുന്നു.
നാളെ രാവിലെ ഏഴരയ്ക്ക് ഇവര്‍ തൃശൂരിലെത്തും. മാനസികമായ വെല്ലുവിളി നേരിടുന്ന കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ ചിലര്‍ക്കൊപ്പം അമ്മമാര്‍ മാത്രമാണ് പോയിരിക്കുന്നത്. ഒരുമിച്ചുള്ള യാത്രയായതിനാല്‍ കുട്ടികളെ നോക്കാന്‍ എല്ലാവരുമുണ്ടാകുമെന്ന ധാരണയിലായിരുന്നു യാത്ര. എന്നാല്‍ പല ബോഗികളിലായി തിരിച്ചുവരേണ്ടി വന്നതോടെ അവരെല്ലാം ബുദ്ധിമുട്ടുകയാണെന്നാണ് പറയുന്നത്.
സര്‍വശിക്ഷ അഭിയാന്റെ ഉദ്യോഗസ്ഥര്‍ ട്രെയിനുകള്‍ നിര്‍ത്തുമ്പോള്‍ ഓരോ കമ്പാര്‍ട്ടുമെന്റിലുമെത്തി കുട്ടികളുടെയും രക്ഷിതാക്കളുടേയും കാര്യങ്ങള്‍ നോക്കുന്നുണ്ട്. ഈ മാസം 22-നാണ് തൃശൂരില്‍ നിന്ന് ഭിന്നശേഷിക്കാരായ പത്തു വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും നാല് എസ്‌കോര്‍ട്ടിംഗ് ഒഫീഷ്യല്‍സുമടങ്ങുന്ന സംഘം ഡല്‍ഹിക്ക് റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ പോയത്. ദില്ലിദര്‍ശന്‍ എന്നായിരുന്നു യാത്രയുടെ പേര്.
ഇന്ത്യന്‍ മലയാളി അസോസിയേഷനും, സ്മാര്‍ട് വിങ്ങ്‌സും, സര്‍വ്വശിക്ഷാ അഭിയാനുമായിരുന്നു ദില്ലിദര്‍ശന്‍ യാത്രയുടെ സംഘാടകര്‍. പരേഡ് കണ്ട് ചില സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനായി ഡല്‍ഹിയിലെ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് തങ്ങള്‍ക്ക് ലഭിച്ച ടിക്കറ്റ് ഇല്ലാത്ത ബോഗിയുടേതാണെന്ന് അറിഞ്ഞത്.
അവസാന നിമിഷമായതിനാല്‍ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. റെയില്‍വേ ബുക്കിംഗിലുണ്ടായ സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് റെയില്‍വേ കൈകഴുകുമ്പോഴും ഭിന്നശേഷിക്കാരായ കുട്ടികളടക്കമുള്ളവരോടു കാണിച്ച ക്രൂരത ഗുരുതരമായ പിഴവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംഭവത്തെക്കുറിച്ച് സര്‍വ ശിക്ഷ അഭിയാന്‍ സ്‌റ്റേറ്റ് ഡയറക്ടറേറ്റിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. കുട്ടികളും രക്ഷിതാക്കളും പല കമ്പാര്‍ട്ടുമെന്റുകളിലായതോടെ ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം യഥാസമയം എത്തിക്കാനും ഇവരുടെ കാര്യങ്ങള്‍ ശരിയാം വിധം നോക്കാനും കൂടെയുള്ള എസ്‌കോര്‍ട്ടിങ് ഒഫീഷ്യല്‍സിന് ബുദ്ധിമുട്ടുകളുണ്ടെന്ന് ട്രെയിനില്‍ വന്നുകൊണ്ടിരിക്കുന്ന ഒഫീഷ്യല്‍സ് അറിയിച്ചു.
ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഓരോ കമ്പര്‍ട്ടുമെന്റിലുമെത്തി കാര്യങ്ങള്‍ തിരക്കി വേണ്ടത് ചെയ്തുകൊടുക്കുന്നുണ്ടെന്നും ഒരുമിച്ച് പോയപ്പോള്‍ വളരെ സന്തോഷത്തിലായിരുന്ന കുട്ടികള്‍ പലയിടത്തായി വേറിട്ടപ്പോള്‍ ചെറിയ വിഷമത്തിലാണെന്നും ഒഫീഷ്യലുകള്‍ പറഞ്ഞു. എസ് 10 എന്ന ബോഗിയിലാണ് ഒരുമിച്ച് ടിക്കറ്റെടുത്തിരുന്നതെങ്കിലും ട്രെയിന്‍ വന്നപ്പോള്‍ എസ് 9 വരെയുള്ള ബോഗികള്‍ മാത്രമേയുണ്ടായിരുന്നുള്ളു.
https://www.facebook.com/Malayalivartha
























