ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിന് മദ്യം വില്‍ക്കാതെ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിട്ടതിന് ജീവനക്കാര്‍ക്ക് പണി കൊടുക്കാൻ ഒരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍; നഷ്ടം ജീവനക്കാരിൽ നിന്ന് ഈടാക്കാനും നീക്കം

ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലിന് മദ്യം വില്‍ക്കാതെ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിട്ടതിന് ജീവനക്കാര്‍ക്ക് പണി കൊടുക്കാൻ ഒരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍. ഔട്ട്ലറ്റുകള്‍ തുറക്കാത്തതിനാല്‍ ബെവ്‌കോയ്ക്കുണ്ടായ ലക്ഷങ്ങളുടെ നഷ്ടം ജീവനക്കാരില്‍നിന്ന് ഈടാക്കാനും കോര്‍പ്പറേഷന്‍ ആലോചിക്കുന്നുണ്ട്. തുറക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ഔട്ട്ലറ്റുകള്‍ തുറക്കാത്തതിനാലാണ് കടുത്ത അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നത്. ഹര്‍ത്താല്‍ ദിവസം തുറക്കാത്ത ബിവറേജസ് ഔട്ട്ലറ്റുകളിലെ മാനേജര്‍മാര്‍ക്ക് കോര്‍പ്പറേഷന്‍, ചാര്‍ജ് മെമ്മോ നൽകി.
2018 ഒക്ടോബര്‍ 17ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേയ്ക്കായിരുന്നു ഹര്‍ത്താല്‍. 18ാം തീയതി വൈകിട്ട് 6 മണിക്കു ശേഷം ഔട്ട്ലറ്റുകള്‍ തുറക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി ജി സ്പര്‍ജന്‍ കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പതിനഞ്ചോളം ഔട്ട്ലറ്റുകള്‍ തുറന്നില്ല. ഒരു ലക്ഷം മുതല്‍ മൂന്നര ലക്ഷം രൂപ വരെ ഓരോ ഷോപ്പിനും നഷ്ടമുണ്ടായതായാണ് കോര്‍പ്പറേഷന്റെ ഓഡിറ്റിലെ കണക്ക്.
ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ നടപടിയായാണ് ചാര്‍ജ് മെമ്മോ നല്‍കിയിരിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ഔട്ട്ലറ്റ് തുറക്കാത്തതിനു ജീവനക്കാര്‍ക്കു ചാര്‍ജ് മെമ്മോ നല്‍കുന്നത് ബെവ്‌കോയുടെ ചരിത്രത്തില്‍ ആദ്യമായാണ്.
കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരുടെ സേവനച്ചട്ടങ്ങളിലെ 82(2), (6), (15), (74) വകുപ്പുകള്‍ അനുസരിച്ചു ശിക്ഷാ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാണ് ജീവനക്കാരോട് അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























