പോസ്‌ക്കോ കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജ്ജ് രാജ്യംവിടാതിരിക്കാന്‍ പൊലീസ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു, ബന്ധു വീടുകളില്‍ ഉള്‍പ്പെടെ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല, പാര്‍ട്ടി ജോര്‍ജ്ജിനെ സസ്‌പെന്‍ഡ് ചെയ്തു

പോസ്‌ക്കോ കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജ്ജ് രാജ്യം വിടാതിരിക്കാന്‍ പൊലീസ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ ജോര്‍ജ്ജ് ഒളിവിലാണ്. ഇദ്ദേഹത്തിന്റെ ബന്ധു വീടുകളില്‍ ഉള്‍പ്പെടെ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജോര്‍ജ് സുല്‍ത്താന്‍ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും വയനാട് ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായും കോടതി ശിക്ഷിച്ചാല്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
ജോര്‍ജ്ജ് വിദേശത്തേക്ക് പറക്കാതിരിക്കാന്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വിവരങ്ങള്‍ കൈമാറി. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് കേസ് ഏറ്റെടുത്തിരിക്കുന്നത്. എസ്എംഎസ് ഡിവൈഎസ്പി കെ പി കുബേരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആദിവാസി പെണ്‍കുട്ടിയെ ഒന്നരവര്‍ഷത്തിലധികം ലൈംഗികമായി പീഡിപ്പിച്ചുവരുകയായിരുന്നു പ്രതി. ഇന്നലെ പകല്‍ വേങ്ങൂരിലുള്ള വീട് പരിശോധിച്ച ശേഷമാണ് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുത്തത്. ബത്തേരിയിലെ അടുത്ത ബന്ധുക്കളുടെ ആറു വീടുകളിലും പരിശോധന നടത്തി.
കേസ് വിവരം പുറത്തറിഞ്ഞ ചൊവ്വാഴ്ച പകല്‍ ഒന്നരയ്ക്കാണ് ജോര്‍ജ് ഒളിവില്‍ പോയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും അത് ഓഫാണ്. ഫോട്ടോയും മറ്റ് വിവരങ്ങളും അടക്കം പൊലീസ് ലഘുലേഖ തയ്യാറാക്കി കര്‍ണാടക, തമിഴ്‌നാട് പൊലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്. ജോര്‍ജിന്റെ സുഹൃത്തുക്കള്‍ ബിസിനസ് പങ്കാളികള്‍ എന്നിവരും നിരീക്ഷണത്തിലാണ്. ജോര്‍ജ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടുന്നതായും അറിയുന്നു. വീട്ടിലെ വേലക്കാരായിരുന്നു പീഡനത്തിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പീഡനം സഹിക്കാതെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് വിവരം പുറംലോകം അറിഞ്ഞത്. അവധി ദിവസങ്ങളിലും മറ്റും പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ജോര്‍ജ്ജിന്റെ വീട്ടില്‍ പോവുക പതിവായിരുന്നു.
തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്.യുക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും പോസ്‌ക്കോ കേസ് എടുത്തിരുന്നു. എന്നാല്‍ കേസിലെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നില്ല. പെണ്‍കുട്ടി കെ.പി.സി.സി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും അന്വേഷണ കമ്മിഷനെ രൂപീകരിച്ച് തടിതപ്പുകയാണ് ചെയ്തത്. പാര്‍ട്ടി യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. വാഹനാപകടത്തില്‍ പെട്ട് പെണ്‍കുട്ടി വീട്ടില്‍ കഴിയുന്ന സമയത്ത് എത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പൊലീസില്‍ പരാതി നല്‍കിയതോടെ ഭീഷണിയും നടത്തിയിരുന്നു. ജോര്‍ജ്ജിന്റെ കൂടെയുള്ളവരും മറ്റും പെണ്‍കുട്ടിയുടെ കുടുംബത്തിന് പണം ഉള്‍പ്പെടെ വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha

























