മേയ് മുതല്‍ രാജ്യറാണി, അമൃത എക്‌സ്പ്രസ് ട്രെയിനുകള്‍ സ്വതന്ത്ര ട്രെയിനുകളാകുന്നു

രാജ്യറാണി, അമൃത എക്‌സ്പ്രസുകള്‍ മേയ് മാസം മുതല്‍ സ്വതന്ത്ര ട്രെയിനുകളാകുമ്പോള്‍ അമൃതയ്ക്ക് 18-ഉം രാജ്യറാണിക്ക് 13-ഉം വീതം കോച്ചുകളുണ്ടാകുമെന്ന് റെയില്‍വേ. മേയ് ഒമ്പതുമുതലാണ് ഇരു ട്രെയിനുകളും സ്വതന്ത്രമാകുന്നത്. രാത്രി 8.50-ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെടുന്ന രാജ്യറാണി പിറ്റേന്നു രാവിലെ 5.30-ന് ഷൊര്‍ണൂരിലും 7.50-നു നിലമ്പൂരിലുമെത്തും. മടക്കട്രെയിന്‍ രാത്രി 8.50-ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ ആറിനു കൊച്ചുവേളിയിലെത്തും.
തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രാത്രി 8.30-ന് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.1-ന് പാലക്കാട്ടും ഉച്ചയ്ക്ക് 12.15-ന് മധുരയിലുമെത്തും. മടക്കട്രെയിന്‍ ഉച്ചയ്ക്ക് 3.15-ന് മധുരയില്‍നിന്നും പുറപ്പെട്ട് രാത്രി 8.25-ന് പാലക്കാട്ടും പിറ്റേന്നു രാവിലെ 5.50-ന് തിരുവനന്തപുരത്തുമെത്തും.
നിലവില്‍ അമൃതയും രാജ്യറാണിയും 23 കോച്ചുകളുമായാണ് ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തുന്നത്. ഷൊര്‍ണൂരില്‍നിന്ന് 15 കോച്ചുകള്‍ അമൃതയായി മധുരയിലേക്കും എട്ടു കോച്ചുകള്‍ രാജ്യറാണിയായി നിലമ്പൂരിലേക്കും പോകുന്ന രീതിയാണ് നിലവിലുള്ളത്. സെക്കന്‍ഡ് എസി ഒന്ന്, തേഡ് എസി ഒന്ന്, സ്ലീപ്പര്‍ ഏഴ്, ജനറല്‍ നാല് എന്നിങ്ങനെയാണ് രാജ്യറാണിയുടെ കോച്ചുകള്‍.
അമൃത എക്‌സ്പ്രസിന് സെക്കന്‍ഡ് എസി രണ്ട്, തേഡ് എസി രണ്ട്, സ്ലീപ്പര്‍ 10, ജനറല്‍ നാല് എന്നിങ്ങനെയാണ് കോച്ചുകള്‍. ഇരു എക്‌സ്പ്രസുകള്‍ക്കും കോച്ചുകള്‍ കൂടിയ സാഹചര്യം യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകും. അമൃത എക്‌സ്പ്രസിനു കൊല്ലങ്കോട് സ്‌റ്റോപ്പ് അനുവദിച്ചത് ഇവിടെയുള്ള യാത്രക്കാര്‍ക്കും വളരെ സഹായകമാകും.
അതേസമയം, ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ ഒഴിവാക്കിയശേഷമാകും അമൃത പുതിയ സംവിധാനപ്രകാരം തിരുവനന്തപുരത്തേക്കു യാത്ര തിരിക്കുക.
https://www.facebook.com/Malayalivartha

























