ശബരിമലയിൽ അസമാധാനമുണ്ടായപ്പോൾ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് ഇടപെട്ട കേരള ഹൈക്കോടതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന രാഷ്ട്രീയകൊലപാതകങ്ങളിൽ ഇടപെടുന്ന ദിവസത്തിനായി കാത്ത് കേരളം

ശബരിമലയിൽ അസമാധാനമുണ്ടായപ്പോൾ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് ക്രിയാത്മകമായി ഇടപെടുകയും സമാധാനന്തരീക്ഷം മടക്കികൊണ്ടുവരികയും ചെയ്ത കേരള ഹൈക്കോടതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന രാഷ്ട്രീയകൊലപാതകങ്ങളിൽ ഇടപെടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് കേരളം.
രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ ഒരു സ്ഥിരം സംഭവമായി മാറികൊണ്ടിരിക്കുകയാണ്. മലബാറിലാണ് ഇത്തരം സംഭവങ്ങൾ അധികവും നടക്കുന്നത്. ഒരു ചെറിയ പ്രാദേശിക പ്രശ്നത്തിന്റെ പേരിൽ പോലും കൊലപാതകങ്ങൾ സാധാരണ സംഭവമായി മാറികഴിഞ്ഞ സാഹചര്യത്തിൽ ഇനി കോടതിക്ക് മാത്രമാണ് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുക.
ശബരിമല വിഷയത്തിൽ സർക്കാർ തോറ്റപ്പോഴാണ് ഹൈക്കോടതി ഇടപെട്ടത്. വിരമിച്ച ജഡ്ജിമാരെ ചേർത്ത് കോടതി കമ്മീഷനുണ്ടാക്കി. അവർ അടിക്കടി ശബരിമല സന്ദർശിച്ച് തീരുമാനങ്ങളെടുത്തു. തീരുമാനങ്ങൾ ഹൈകോടതിയിലാണ് സമർപ്പിച്ചത്. അതു കൊണ്ടു തന്നെ അവയൊക്കെ ഹൈക്കോടതി ഇടപെട്ട് നടപ്പിലാക്കി.
രാഷ്ട്രീയ കൊലപാതകങ്ങൾ പ്രധാനമായും നടക്കുന്നത് സി പി എമ്മും ആർ എസ് എസും തമ്മിലാണ്. ഇതിനിടയിൽ കോൺഗ്രസുകാരാണ് ഭേദം. എന്നാൽ കാസർകോട്ട് കൊന്നത് രണ്ട് യൂത്ത് കോൺഗ്രസുകാരെയാണ്. മരിച്ചത് കോൺഗ്രസുകാരായത് കൊണ്ടാണ് കേരളം രൂക്ഷമായി പ്രതികരിച്ചത്. സി പി എമ്മുമായി മതസരിച്ച് കോൺഗ്രസ് ജയിക്കുമെന്ന് ആരും കരുതുന്നില്ല. സി പി എമ്മുകാർ തന്നെയാണ് കൊലപാതകം നടത്തിയതെന്ന കാര്യത്തിൽ സംശയമില്ല. പോലീസിന്റെ എഫ് ഐ ആറും അത്തരത്തിൽ തന്നെയാണ്.
ഹർത്താലിൽ വരെ കോടതി ഇടപെട്ടു.അതിന്റെ ഫലം യൂത്ത കോൺഗ്രസിന്റെ ഹർത്താലിൽ ദൃശ്യമാവുകയും ചെയ്തു. ജനം ഹർത്താൽ നിരാകരിക്കുകയാണ് ചെയ്തത്.മിന്നൽ ഹർത്താലിനെതിരെ ഹൈകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തതോടെ ജനം കോടതിയെ നോക്കി കൈയടിച്ചു.
ഭരണകൂടം പരാജയപ്പെടുമ്പോഴാണ് സാധാരണ കോടതികൾ ഇടപെടുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. ഭരണകൂടത്തിന്റെ അണികളാണ് ഇരട്ട കൊലപാതകം നടത്തിയത്. ആരു തന്നെ അന്വേഷിച്ചാലും അതിൽ വെള്ളം ചേർക്കുമെന്ന കാര്യം ഉറപ്പാണ്. അതു കൊണ്ടു തന്നെ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തണമെങ്കിൽ ഹൈക്കോടതി ഇടപെടണം. രാഷ്ട്രീയ കൊലപാതകം നടക്കുന്ന ജില്ലയിലെ പ്രധാന നേതാവ് കേസിൽ പ്രതിയായാൽ സ്വാഭാവികമായും കൊലപാതകങ്ങളുടെ എണ്ണം കുറയും. ഉദാഹരണത്തിന് കാസർകോട് കൊലപാതകത്തിൽ കോടിയേരി പ്രതിയായാൽ എങ്ങനെയിരിക്കും? പിന്നീട് സി പി എം ആരെയെങ്കിലും കൊല്ലാൻ ധൈര്യപ്പെടുമോ? ഇതിനെല്ലാം ഹൈക്കോടതി തന്നെ കനിയണം.
ഇത്തരം വിഷയങ്ങളിൽ ആരും ഒരു പൊതുതാത്പര്യ ഹർജി പോലും ഫയൽ ചെയ്യുന്നില്ല. അങ്ങനെ സംഭവിച്ചാൽ കോടതിയിൽ നിന്നും ശക്തമായ ഇടപെടൽ പ്രതീക്ഷിക്കാം. ഏതായാലും കേരളം ആ നല്ല ദിനത്തിനായി കാതോർക്കുകയാണ്.
https://www.facebook.com/Malayalivartha























