ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെ സി പി എം തേച്ചു. ഇപ്പോൾ മുക്കത്തെ സഹായിക്കാൻ സമസ്തയുമില്ല ലീഗുമില്ല സി പി എമ്മുമില്ല എന്നതാണ്അവസ്ഥ.താമസിയാതെ അദ്ദേഹം സമസ്തയിൽ നിന്നും പുറത്താകും. മലപ്പുറത്ത് സിപിഎം സംഘടിപ്പിച്ച ‘വഖഫ് നിയമവും യുഡിഎഫിന്റെ കീഴടങ്ങലും’ എന്ന സെമിനാറിൽ മുക്കത്തെ പങ്കെടുപ്പിച്ചാണ് സി പി എം പണികൊടുത്തത്. സമസ്തയിലും ലീഗിലും കലാപമുണ്ടാക്കി സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് പിണറായിയുടെ നേതൃത്വത്തിൽ നടന്നത്. സമസ്ത എന്നത് യുഡിഎഫിന്റെ ഘടകകക്ഷിയായ മുസ്ലിംലീഗിന്റെ പണ്ഡിത സദസ്സാണ്. സമസ്തയെ ലീഗിൽ നിന്നും അടർത്തിയെടുക്കാൻ നേരത്തേയും പിണറായിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നിട്ടുണ്ട്. അന്ന് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസിനെയും ജലീലിനെയും അബ്ദുറഹ്മാനെയും ഉപയോഗിച്ചിരുന്നു സിപിഎമ്മും പിണറായിയും കുത്സിത പ്രവർത്തനങ്ങൾ നടത്തിയിരുന്നത് . എന്നാൽ സമസ്തയെ ദുർബലപ്പെടുത്തി ലീഗിൻറെ പിന്നണി കക്ഷിയാക്കി മാറ്റാൻ ലീഗ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിരുന്നു. അന്നുമിന്നും സമസ്തക്കുള്ളിൽ ഇടതുപക്ഷക്കാരനായി ഉമർ ഫൈസി തുടർന്നു. എന്നാൽ സിപിഎം ദുർബലപ്പെടുകയും ഇടതുമുന്നണി ചിത്രത്തിൽ നിന്നും നിഷ്ക്രമിക്കുകയും ചെയ്ത സാഹചര്യത്തിൽ ഉമർ ഫൈസിയുടെ കാര്യം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. അതാണ് സമസ്ത നിലപാട് കടുപ്പിച്ചപ്പോൾ ഉമർ ഫൈസി വിശദീകരണവുമായി രംഗത്തെത്തിയത്.
വഖഫ് ബോർഡിൽ അമുസ്‌ലിംകളെ അംഗങ്ങളാക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട് സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിനെ ദുർബലപ്പെടുത്താൻ ഇടയാക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. ഭേദഗതി ചെയ്ത വഖഫ് നിയമത്തിനെതിരായ നിയമപോരാട്ടത്തിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇത് മുസ്ലീങ്ങളെ ലീഗിന് എതിരാക്കാനുള്ള പിണറായിയുടെ തന്ത്രമായിരുന്നു.
മലപ്പുറത്ത് സിപിഎം സംഘടിപ്പിച്ച ‘വഖഫ് നിയമവും യുഡിഎഫിന്റെ കീഴടങ്ങലും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. അമുസ്‌ലിംകളെ വഖഫ് ബോർഡിൽ അംഗങ്ങളാക്കുന്ന കാര്യത്തിൽ സുപ്രീം കോടതി വിധി വരുന്നതുവരെ തീരുമാനമെടുക്കില്ലെന്ന സർക്കാരിന്റെ പുതിയ നിലപാടിനെ അദ്ദേഹം വിമർശിച്ചു. കോടതിയിലെ കേസ് ദുർബലപ്പെടുത്തുന്ന തരത്തിലുള്ള കുറുക്കുവഴികൾ സർക്കാർ സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സെമിനാറിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന്റെ പങ്കാളിത്തവും ശ്രദ്ധേയമായി. വഖഫ് വിഷയത്തിൽ ബിജെപി നേതാവ് ഷോൺ ജോർജിനെ അനുകൂലിച്ച് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചെന്ന് ഉമർ ഫൈസി ആരോപിച്ചു. രണ്ട് ആർഎസ്എസ് അംഗങ്ങളെ വേണമെങ്കിൽ വഖഫ് ബോർഡിൽ ഉൾപ്പെടുത്താമെന്നും അതിലൂടെ മതപരമായ നിലപാട് തകരുന്നതിൽ പ്രശ്നമില്ലെന്നുമാണ് സർക്കാർ സ്വീകരിച്ച നിലപാടെന്നും അദ്ദേഹം ആരോപിച്ചു.
വഖഫ് ബോർഡ് പുനഃസംഘടനാ വിഷയത്തിൽ കളവും തെറ്റിദ്ധാരണകളും നിരന്തരമായി പ്രചരിപ്പിക്കുകയാണ് സി.പി.എമ്മും ബോർഡിലേക്ക് ഇടതു സർക്കാർ നോമിനേറ്റ് ചെയ്ത ചെയർമാൻ കെ.എസ്. ഹംസയും അംഗം ഉമ്മർ ഫൈസി മുക്കവുമെന്ന് സമസ്തയുടെ കീഴ്ഘടകങ്ങളുടെ നേതാക്കൾ കുറ്റപ്പെടുത്തി.
വഖഫ് ബോർഡിലെ ഒഴിവിലേക്ക് രണ്ട് ആർ.എസ്.എസുകാരെ നിയമിക്കാമെന്ന് യു.ഡി.എഫ് സർക്കാർ കോടതിയിൽ പറഞ്ഞിട്ടുണ്ടെന്ന പച്ചക്കള്ളം സി.പി.എം വേദിയിൽ പ്രസംഗിക്കുക വഴി കേരള മുസ്‍ലിംകളുടെ മുഖ്യധാരാ പണ്ഡിത സംഘടനയായ സമസ്തയെ പൊതുസമൂഹത്തിൽ അപമാനിതനാക്കിയ മുക്കം ഉമർ ഫൈസിയെ സമസ്ത മുശാവറയിൽനിന്ന് നീക്കം ചെയ്യണമെന്നും നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു .
കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നപ്പോഴേക്കും അന്നത്തെ സംസ്ഥാന സർക്കാർ കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. മുൻകാലങ്ങളിൽ ജനാധിപത്യപരമായി മുതവല്ലിമാരുടെ പ്രതിനിധികൾക്ക് മത്സരിച്ച് തെരഞ്ഞെടുക്കാനുള്ള അവസരം ഒഴിവാക്കിയാണ് കേന്ദ്ര നിയമത്തിന്റെ മറപിടിച്ച് ധൃതിപ്പെട്ട് എൽ.ഡി.എഫ് സർക്കാർ പുനഃസംഘടന നടത്തിയത്. മുതവല്ലിമാരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർ കാലങ്ങളോളമായി സമസ്തക്കാർ മാത്രമായതിനാൽ അവരെ തഴഞ്ഞ് തങ്ങൾക്ക് വഴങ്ങുന്നവരെ ഉൾപ്പെടുത്താനാണ് അന്ന് സർക്കാർ പെട്ടെന്ന് പുനഃസംഘടിപ്പിച്ചത്. എന്നാൽ രണ്ട് അമുസ്‍ലിംകൾ ബോർഡിൽ വേണമെന്ന നിയമത്തെ പിന്നീട് അംഗീകരിക്കേണ്ടിവരുമെന്ന് നിയമത്തെ പിന്തുണച്ചതിലൂടെ വ്യക്തമായിരുന്നു.
രണ്ടു അംഗങ്ങൾക്ക് ഒഴിവിട്ട് പുനഃസംഘടിപ്പിച്ചപ്പോൾ അമുസ്‍ലികളെ നിയമിക്കില്ലെന്ന് അന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ല. അമുസ്‍ലിംകളെ ബോർഡിൽ ഉൾപ്പെടുത്തി പുനഃസംഘടന പൂർത്തിയാക്കുന്നതിന് തങ്ങൾക്ക് വിരോധമില്ലെന്നാണ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസയും ഉമ്മർ ഫൈസി മുക്കവും സുപ്രീകോടതിയെ അറിയിച്ചത്. കോടതിയിൽ ഇങ്ങിനെ സത്യവാങ്മൂലം നൽകുകയും പുറത്ത് രാഷ്‌ട്രീയ വേദികൾ സംഘടിപ്പിച്ച് അമുസ്‍ലിംകളെ ഇപ്പോഴത്തെ സർക്കാർ നിയമിക്കാൻ ശ്രമിക്കുന്നു എന്നാരോപിക്കുകയും ചെയ്യുന്ന കാപട്യം പണ്ഡിതന് മാത്രമല്ല ഒരു വിശ്വാസിക്ക് പോലും ചേർന്നതല്ല. ബോർഡ് മുഴുവനായി പുനഃസംഘടിപ്പിക്കാൻ കോടതി കേരള സർക്കാറിന് അനുമതി നൽകിയതോടെ നിലനിൽപ്പ് നഷ്ടപ്പെടുമെന്ന ഭയപ്പാടാണ് പരസ്പരവിരുദ്ധമായ പ്രസ്താവന നടത്താൻ ഇവരെ പ്രേരിപ്പിക്കുന്നത്. സമസ്തയുടെ സൽപേരിന് കളങ്കം ചാർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതാരിക്കാൻ ആവശ്യവും ശക്തവുമായ നടപടികൾ അടിയന്തിരമായി നേതൃതലത്തിൽ നിന്നുണ്ടാകണമെന്നും അവർ പറഞ്ഞു.
വഖഫ് വിഷയത്തിലടക്കം സംസ്ഥാന സർക്കാരിനെതിരെയും മുസ്ലിംലീഗിനെതിരെയും രൂക്ഷ വിമർശനവുമാണ് സിപിഎം വേദിയിൽ സമസ്ത മുഷാവറ അംഗം ഉമർ ഫൈസി മുക്കം നടത്തിയത്. .
വഖഫ് ബോർഡിൽ അമുസ്ലിം പ്രതിനിധികളെ വെക്കാത്തതിനാൽ അത് പൂർണ്ണമല്ലെന്നും ബോർഡ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ കേസിൽ സംസ്ഥാന സർക്കാർ ഷോണിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. രണ്ട് ആർഎസ്എസുകാരെ തന്നെ വെച്ചുകൊണ്ട് ഞങ്ങൾ ഇത് പരിഹരിച്ചോളാമെന്നാണ് സർക്കാർ എടുത്ത നിലപാട്. മുസ്ലിംലീഗിന്റെ വകുപ്പാണത്. ആ വകുപ്പിലെ അഭിഭാഷകനാണ് കോടതിയിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും സമസ്ത മുശാവറ അംഗം പറഞ്ഞു.
ഇത്തരമൊരു നിലപാട് അവർ സ്വീകരിക്കാൻ കാരണം ഹംസയും താനുമാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. 'കെ.എസ്.ഹംസയെ അവർക്ക് തൃപ്തികരമല്ല. പിന്നെയുള്ള സഖാവ് ഉമർ ഫൈസിയാണ്. ഇത് ഞാൻ പറയുന്നതല്ല. സഖാവാണെന്ന് അവരാണ് പറയുന്നത്. ഞങ്ങളുള്ള ബോർഡ് വേണ്ട എന്നാണ് അവരുടെ തീരുമാനം. മതപരമായ മൂല്യങ്ങൾ എന്തായിരുന്നാലും ശരി അത് തകർന്നാലും തരക്കടില്ല ഹംസയും ഉമർ ഫൈസയും മാറണം. അതിന് ഷോൺ ജോർജിനെ പിന്തുണച്ചാലും തരക്കേടില്ല, ആർഎസ്എസിനെ കൂടെക്കൂട്ടിയാലും തരക്കേടില്ല എന്നാണ്' ഉമർ ഫൈസി പറഞ്ഞു.
ആർഎസ്എസിന്റെ വാദത്തിനൊപ്പംനിന്ന് തരംതാഴേണ്ട ഗതികേട് നിങ്ങൾക്ക് വന്നല്ലോയെന്നും സർക്കാരിനോടും ലീഗിനോടും ഉമർ ഫൈസി പറഞ്ഞു. മതത്തിന്റെ പേരിലുള്ള പാർട്ടികളും പൊതുജനങ്ങളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ കെണിഞ്ഞ ശ്രമത്തിൽകൂടിയാണ് ഈ സർക്കാർ പോയിക്കൊണ്ടിരിക്കുന്നതെന്നും ഉമർ ഫൈസി ആരോപിച്ചു.
ഓപ്പറേഷൻ തൂഫാനിൽ മദ്യത്തെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെ ഓരോ കാര്യത്തിലും അവർക്ക് അവർ വിചാരിക്കാതെ തന്നെ ഓരോ ആപത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇതാണ് നമ്മൾ മനസ്സിലാക്കേണ്ടത് ഈ ഒരു നിലപാടിൽ കൂടെയാണ് നമ്മൾ ഈ സർക്കാരിനെ കാണേണ്ടതെന്നും സമസ്ത നേതാവ് പറഞ്ഞു.
എന്നാൽ മുക്കത്തിനെതിരെ ലീഗ് നേതൃത്വവും സമസ്തയും രംഗത്ത് എത്തിയതോടെ ഉമ്മർ ഫൈസി ഭയന്ന് നിലപാട് മാറ്റി.
സി.പി.എം. മലപ്പുറത്ത് നടത്തിയ വഖ്ഫ് സെമിനാറിലെ പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരേ നടപടിയാവശ്യപ്പെട്ടവർ ഉന്നയിച്ച ആരോപണങ്ങൾ അവാസ്തവമാണെന്ന് സമസ്ത മുശാവറ അംഗം മുക്കം ഉമർ ഫൈസി പറഞ്ഞു. മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിലും, സംസ്ഥാന വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ടും, വഖ്ഫ് ബോർഡംഗമായ തനിക്കെതിരേയും നടക്കുന്ന തെറ്റായ പ്രചരണങ്ങളുടെ വസ്തുത സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് വഖ്ഫ് ബോർഡംഗമെന്ന നിലയിൽ തന്റെ ബാധ്യതകൂടിയായതുകൊണ്ടാണ് പരിപാടിയിൽ സംബന്ധിച്ചത്. പ്രസ്തുത സെമിനാറിൽ മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ചിരുന്നു. വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട നിലവിലുള്ള ചിലകാര്യങ്ങൾ വ്യക്തമാക്കുകമാത്രമാണ് പ്രസംഗത്തിലൂടെ ചെയ്തതെന്നും ഉമർ ഫൈസി പറഞ്ഞു.
ഹൈക്കോടതിയിൽ ആർ.എസ്.എസിനും ബി.ജെ.പി. നേതാവിനും അനുകൂലമായി സംസ്ഥാന സർക്കാർ സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്തപ്പോഴും സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആർ.എസ്.എസിന് അനുകൂലമായി നിലപാട് സ്വീകരിച്ചപ്പോഴും മൗനം പാലിച്ചവരാണ് ഇപ്പോൾ തനിക്കെതിരേ പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്. ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ഫയൽചെയ്ത ഹർജിയിൽ വഖ്ഫ് ബോർഡ് കേരളത്തിന്റെ പൊതുക്രമത്തിന് തടസ്സമാണെന്ന ആർ.എസ്.എസ്. നിലപാട് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ സർക്കാർ ഈ വാദത്തെ തള്ളിക്കളയാതെ അംഗീകരിക്കുകയാണ് ചെയ്തതെന്നും ഫൈസി ആരോപിച്ചു.
മുനമ്പം വിഷയം മുൻനിർത്തി വഖ്ഫ് ബോർഡ് പിരിച്ചുവിടുമെന്ന ആർ.എസ്.എസ്. വാദത്തിന് സർക്കാർ അനുകൂല മറുപടി നൽകിയതായി ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ ഫയൽചെയ്ത ഹർജിയിലെ തെളിവുരേഖയിലുണ്ട്. മുനമ്പത്തെ വഖ്ഫ് ഭൂമി കൈയേറിയവരെ ഇറക്കിവിടില്ലെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയതായും, മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇതേ നിലപാടാണെന്നും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഫയൽചെയ്ത ഹർജിയിലെ തെളിവുരേഖയിലുണ്ട്. ആർ.എസ്.എസിന്റേയും കാസയുടേയും നിലപാടുകളെ തള്ളിക്കളയാതെ പൂർണമായി അംഗീകരിക്കുന്ന രീതിയിലാണ് സർക്കാർ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന്റെ ഹർജിയിലെ മേൽപ്പറഞ്ഞ നിലപാടുകൾ അംഗീകരിച്ചുകൊണ്ട് രണ്ട് അമുസ്ലിങ്ങളെ വഖ്ഫ് ബോർഡിൽ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതി മുമ്പാകെ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടാൽ, വഖ്ഫ് ബോർഡിൽ നിയമിക്കപ്പെടുന്ന അമുസ്ലിങ്ങൾ ആർ.എസ്.എസുകാരാകാനുള്ള സാധ്യതയെയാണ് പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത്. ഹൈക്കോടതി രേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുന്നതാണെന്നും ഉമർ ഫൈസി കൂട്ടിച്ചേർത്തു. മുമ്പ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ ഉമർ ഫൈസി വിമർശനം ആവർത്തിച്ചിട്ടുണ്ട്.
യോഗ്യമില്ലാത്ത പലരും ഖാസിമാരായിട്ടുണ്ടെന്നും രാഷ്ട്രീയത്തിന്റെ പേരിൽ ഖാസിയാകാനും ചിലരുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചില കാര്യങ്ങൾ തുറന്നുപറയേണ്ടി വരുമെന്നും ഉമർ ഫൈസി മുക്കം അന്ന് പറഞ്ഞു.
ഉമർ ഫൈസി മുക്കത്തിന്റെ വാക്കുകൾ; 'ഖാസിയെ സംബന്ധിച്ചിടത്തോളം എന്ത് വേണം? അവരുടെ മുമ്പിൽ വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിവരം അദ്ദേഹത്തിന് വേണ്ടേ? അങ്ങനെ ഉണ്ട് എന്ന് അവർ അവകാശപ്പെടുന്നില്ല. മൂപ്പര് കിതാബ് ഓതിയ ആളാണ്, അല്ലെങ്കിൽ അങ്ങനത്തെ ആളാണ് എന്ന് ആരും പറയുന്നില്ല. സമസ്ത സിഐസി വിഷയത്തിൽ ഒരു കാര്യം പറഞ്ഞു. അത് കേൾക്കാൻ തയ്യാറില്ല. പണ്ട് അങ്ങനെയാണോ? സമസ്ത എന്ത് പറയുന്നു അതിന്റെ കൂടെ ആയിരുന്നു. ഇന്ന് അതിന് തയ്യാറല്ല. സമസ്തയെ വെല്ലുവിളിച്ചു വേറെ സംഗതി ഉണ്ടാക്കുകയാണ്. അതുകൊണ്ട് അവര് കരുതിയിരുന്നോണം. ഞങ്ങളുടെ അടുത്ത് ആയുധങ്ങളുണ്ട് എന്ന്. ആയുധങ്ങളുണ്ട് എന്നതുകൊണ്ട് ആവശ്യം വരുമ്പോൾ അത് എടുക്കും എന്ന ഭയം നിങ്ങൾക്ക് നല്ലതാ. അതിരുവിട്ട് പോകുന്നുണ്ട് നിങ്ങൾ. വിവരമില്ലാത്തവനെ ഖാസിയാക്കിയാലും അവിടത്തെ ഖാസിയാകും.'
ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സമസ്ത - ലീഗ് പ്രശ്നം വീണ്ടും വഷളായത്. സിഐസിയുമായി (കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്) ബന്ധപ്പെട്ട വിഷയത്തിലാണ് പോര് രൂക്ഷമായിരിക്കുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരിട്ട് മുൻകൈ എടുത്ത് ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടു വന്നതാണ് പ്രശ്നം വീണ്ടും രൂക്ഷമാവാൻ ഇടയായത്. സിഐസിയുടെ അധ്യക്ഷനാണ് സാദിഖലി തങ്ങൾ. ജിഫ്രി തങ്ങൾ, ഉമർ ഫൈസി മുക്കം തുടങ്ങിയ ഇ.കെ വിഭാഗം സമസ്തയിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് നേരത്തെ ഹക്കീം ഫൈസി അദൃശ്ശേരിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അദൃശ്ശേരി ഭാരവാഹിയായി തുടരുമ്പോൾ സിഐസിയുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു സമസ്തയിലെ ഒരു വിഭാഗം. ഇതിനെ തുടർന്നായിരുന്നു ആദ്യശ്ശേരിയെ മാറ്റിയത്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുൻകൈ എടുത്ത് ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടു വരികയായിരുന്നു. ഇതാണ് സമസ്തയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.
പാണക്കാട് തങ്ങൾമാർ നിരവധി മഹല്ലുകളിലെ ഖാസിമാരാണ്. ഇവരുടെ നേതൃത്വത്തിൽ ഖാസി ഫൗണ്ടേഷൻ എന്ന പേരിൽ കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. പലയിടത്തും ഖാസി ഫൗണ്ടേഷന്റെ ഭാഗമായി യോഗം ചേരുകയും കൂട്ടായ്മ ശക്തപ്പെടുകയും ചെയ്തിരുന്നു. ഇതും സമസ്തക്കെതിരായ നീക്കമായിട്ടാണ് സമസ്ത കാണുന്നത്. ഇത്തരത്തിൽ വളർന്നുകൊണ്ടിരുന്ന സമസ്ത - ലീഗ് കലഹം മുതലാക്കാനാണ് പിണറായി ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha

























