ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് പ്രഖ്യാപിച്ച് കേരളത്തിന്റെ സാമൂഹിക ജീവിതത്തെ മാറ്റിമറിച്ച മഹാനായ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനമാണ് ഇന്ന്. ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-
മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് പ്രഖ്യാപിച്ച് കേരളത്തിന്റെ സാമൂഹിക ജീവിതത്തെ മാറ്റിമറിച്ച മഹാനായ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനമാണ് ഇന്ന്. ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്. ജാതീയമായ ഉച്ചനീചത്വങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരെ ഉറച്ച നിലപാടെടുത്ത ഗുരു, സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനുമുള്ള ആഹ്വാനത്തിലൂടെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് വഴികാട്ടിയായി മാറി.
അരുവിപ്പുറത്തെ പ്രതിഷ്ഠ മുതൽ വിദ്യാഭ്യാസത്തിനും വ്യവസായത്തിനും സ്വാശ്രയത്വത്തിനും നൽകിയ ഊന്നൽ വരെ ഗുരുവിന്റെ ഓരോ ഇടപെടലും ജാതിയിൽ അധിഷ്ഠിതമായ അധികാരഘടനകളെ ചോദ്യം ചെയ്യുന്നതായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടുന്നതിനൊപ്പം അറിവും അധ്വാനവും ആത്മാഭിമാനവും അടിസ്ഥാനമാക്കിയ ഒരു പുതിയ സമൂഹത്തെയാണ് ഗുരു വിഭാവനം ചെയ്തത്. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുന്ന എല്ലാ വിഭാഗീയ ചിന്തകൾക്കും അതീതമായ മാനവികതയുടെ പ്രഖ്യാപനമായിരുന്നു ഗുരുവിന്റെ സന്ദേശങ്ങൾ.
ഇന്ന് ജാതീയതയും വർഗീയതയും സമൂഹത്തിൽ പുതിയ രൂപങ്ങളിൽ തലപൊക്കുകയും മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗുരുവിന്റെ ദർശനങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ട്. വിദ്വേഷ–വിഭജന രാഷ്ട്രീയത്തിന്റെ മതിലുകൾ നമുക്ക് മുന്നിൽ തടസ്സമായി നിൽക്കുമ്പോഴും, അതിനെയെല്ലാം തകർത്തു മുന്നേറാനുള്ള കരുത്തായി ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും പോരാട്ട ചരിത്രവും നമുക്കൊപ്പമുണ്ട്. ജാതി–മത വേർതിരിവുകൾക്കതീതമായി സഹോദരതുല്യമായി മനുഷ്യർ ജീവിക്കുന്ന ഒരു സമൂഹമെന്ന ഗുരുവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഈ ചതയദിനം പുതിയ ഊർജം പകരട്ടെ.
https://www.facebook.com/Malayalivartha

























