ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര്‍ മുന്‍പ് ഒരു കൊലപാതക ഗാനം പാടുന്ന ഇന്‍സ്റ്റഗ്രാം റീല്‍ അങ്കിത് പങ്കുവെച്ചിരുന്നു എന്നത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ജിമ്മില്‍ നിന്ന് ഇറങ്ങി തന്റെ കാറിനടുത്തേക്ക് നടക്കുമ്പോള്‍ അവിടെ കാത്തുനിന്ന അക്രമികള്‍ അങ്കിതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കാറിന്റെ ഡോര്‍ ബലമായി തുറന്ന ശേഷമാണ് അക്രമികള്‍ തുടരെ വെടിവെച്ചത്. അതിനുശേഷം നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കുകളില്‍ ഇവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അക്രമികള്‍ ഏകദേശം 18 റൗണ്ട് വെടിയുതിര്‍ത്തതില്‍ 5 വെടിയുണ്ടകള്‍ അങ്കിതിന്റെ ശരീരത്തില്‍ തറച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലപ്പെടുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുന്‍പ് അങ്കിത് ബല്യാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഒരു വിഡിയോ പങ്കുവെച്ചിരുന്നു. കാറിലിരുന്ന് റോഡില്‍ വെച്ച് നടക്കുന്ന കൊലപാതകത്തെക്കുറിച്ചുള്ള പാട്ടിലെ വരികള്‍ പാടുന്നതായിരുന്നു ഈ വിഡിയോ. 'ഈ വരികള്‍ നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന് വേണ്ടി ഷെയര്‍ ചെയ്യൂ' എന്ന് ആരാധകരോട് അദ്ദേഹം വിഡിയോയില്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. കൊലപാതക വാര്‍ത്ത പുറത്തുവന്നതോടെ അങ്കിതിന്റെ കുടുംബാംഗങ്ങളും അനുകൂലികളും ചേര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ത്തി. സംഭവം നടന്ന സ്ഥലത്തിന് 50 മീറ്റര്‍ അകലെയുള്ള ഡല്‍ഹിമുസാഫര്‍നഗര്‍ റോഡ് ഇവര്‍ ഉപരോധിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ഷാംലി എസ്.പി എന്‍.പി സിങ്ങിന്റെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. അക്രമികള്‍ ഹരിയാന സ്വദേശികളാകാം എന്ന സംശയത്തില്‍ പാനിപ്പത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ സാധ്യതാ കേന്ദ്രങ്ങളിലേക്ക് പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഷാംലിയിലെ ബന്തിഖേഡ ഗ്രാമവാസിയായ അങ്കിത് ബല്യാന്‍ ഹരിയാന്‍വി പാട്ടുകളിലൂടെയാണ് ജനശ്രദ്ധ നേടിയത്. ആയുധ സംസ്‌കാരം പ്രതിഫലിക്കുന്ന തരത്തിലുള്ള ഗാനങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശസ്തനായ അദ്ദേഹത്തിന് ഇന്‍സ്റ്റാഗ്രാമില്‍ 4.4 ലക്ഷത്തിലേറെ ഫോളോവേഴ്‌സും യൂട്യൂബില്‍ 3.67 ലക്ഷത്തിലധികം സബ്‌സ്‌െ്രെകബര്‍മാരുമുണ്ട്. മുന്‍പ് 2023ല്‍ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് അങ്കിതിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
അങ്കിത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ക്രിമിനല്‍ സംഘമായ 'ഗോഗി ഗാംഗ്' പങ്കുവെച്ചെന്ന് കരുതപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഡല്‍ഹി രോഹിണി കോടതിക്കുള്ളില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ഗാങ്സ്റ്റര്‍ ജിതേന്ദ്ര ഗോഗിയുടെ കൊലപാതകത്തിന് സമാനമായ തീമില്‍ അങ്കിത് ഒരു പാട്ട് നിര്‍മിച്ചിരുന്നുവെന്നും ഇതിന്റെ പ്രതികാരമാണ് കൊലപാതകം എന്നുമാണ് വൈറല്‍ പോസ്റ്റിലെ അവകാശവാദം. ഈ പോസ്റ്റിന്റെ നിജസ്ഥിതിയും ഗോഗി ഗാംഗുമായി അങ്കിതിന് എന്തെങ്കിലും പഴയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നോ എന്നും പരിശോധിച്ചു വരികയാണെന്ന് ഷാംലി എസ്.പി എന്‍.പി സിങ് അറിയിച്ചു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് അങ്കിതിന്റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. 'ആരാണ് അക്രമികളെന്നോ സംഭവം എങ്ങനെയാണ് നടന്നതെന്നോ ഞങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല. പൊലീസിന്റെ വേഗത്തിലുള്ള അന്വേഷണത്തിലും നടപടികളിലും പൂര്‍ണ്ണ വിശ്വാസമുണ്ട്' ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























