ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥയ്‌ക്കെതിരെ സ്വന്തം ജീവിതംകൊണ്ട് പോരാടിയ മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്. അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-
സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയും നിഷേധിക്കപ്പെട്ട ഒരു ജനതയുടെ അവകാശങ്ങൾക്കായി അയ്യങ്കാളി നടത്തിയ പോരാട്ടങ്ങൾ കേരളത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിയെഴുതി. സഞ്ചാരസ്വാതന്ത്ര്യത്തിനായി നടത്തിയ വില്ലുവണ്ടി യാത്രയും ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്ത കല്ലുമാല സമരവും സവർണ്ണ മേധാവിത്വത്തിനെതിരായ ശക്തമായ വെല്ലുവിളികളായിരുന്നു.
ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി. വിദ്യാഭ്യാസവും സഞ്ചാരസ്വാതന്ത്ര്യവും മാന്യമായ തൊഴിലും ജീവിതവും എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന ബോധം സമൂഹത്തിൽ ശക്തിപ്പെടുത്തുന്നതിൽ അയ്യങ്കാളിയുടെ സംഭാവന നിസ്തുലമാണ്.
ജന്മിത്വവും ജാതിവ്യവസ്ഥയും അനാചാരങ്ങളും തീർത്ത അന്ധകാരത്തെ മറികടന്ന് നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് കേരളത്തെ നയിച്ച മഹാന്മാരിൽ മുൻനിരയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. കേരളം നേടിയ സാമൂഹിക പുരോഗതിക്ക് അദ്ദേഹമുൾപ്പെടെയുള്ള നവോത്ഥാന നായകർ നേതൃത്വം നൽകിയ സംഘടിത പോരാട്ടങ്ങളുടെ പിൻബലമുണ്ട്.
ജാതീയതയും വർഗീയതയും സാമൂഹിക അസമത്വങ്ങളും പുതിയ രൂപങ്ങളിൽ ശക്തിപ്പെടാൻ ശ്രമിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അയ്യങ്കാളിയുടെ പോരാട്ടങ്ങളുടെ പ്രസക്തി കൂടുതൽ വർധിക്കുകയാണ്. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന എല്ലാ പ്രവണതകൾക്കുമെതിരെ ഒരുമിച്ച് നിലകൊള്ളേണ്ടതുണ്ട്.
തുല്യതയും സാമൂഹിക നീതിയും മനുഷ്യാഭിമാനവും ഉറപ്പുള്ള ഒരു സമൂഹമാണ് അയ്യങ്കാളി സ്വപ്നം കണ്ടത്. ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനും കേരളത്തിന്റെ പുരോഗമന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അദ്ദേഹത്തിന്റെ സമരസ്മരണ നമുക്ക് കരുത്താകട്ടെ.മഹാത്മാ അയ്യങ്കാളിയുടെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ. ഏവർക്കും അയ്യങ്കാളി ജയന്തി ആശംസകൾ.
https://www.facebook.com/Malayalivartha

























