'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്

കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നാടിന്‍റെ തനിമയും സംസ്കാരവും നേരിട്ടറിയാന്‍ 'ബീ എ മലയാളി ഫോര്‍ എ ഡേ' എന്ന അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയത്തിന് തുടക്കമിട്ട് സംസ്ഥാന സര്‍ക്കാര്‍. 'കേരളം കാണാന്‍ വരൂ' എന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി 'കേരളത്തെ അനുഭവിച്ചറിയാന്‍ വരൂ' എന്ന പുതിയ സന്ദേശമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. കേരളത്തിലെത്തുന്ന സഞ്ചാരി വെറുമൊരു കാഴ്ചക്കാരനായി നില്‍ക്കാതെ, അത്തപ്പൂക്കളമിട്ടും കുടുംബത്തോടൊപ്പം ഓണസദ്യയൊരുക്കിയും ഒരു പാരമ്പര്യ കലാകാരനില്‍ നിന്ന് കലയുടെ ആദ്യചുവടുകള്‍ പഠിച്ചും മലയാളി ജീവിതം നേരിട്ട് അനുഭവിച്ചറിയുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഓരോ ജില്ലയ്ക്കും സ്വന്തമായി സാംസ്കാരിക ടൂറിസം ബ്രാന്‍ഡ് രൂപപ്പെടുത്താനും പ്രാദേശിക ഉത്സവങ്ങളെയും കലകളെയും അന്താരാഷ്ട്ര ടൂറിസം കലണ്ടറുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരളത്തിന്‍റെ തനത് പൈതൃക കലാരൂപങ്ങളെ ശാസ്ത്രീയമായി രേഖപ്പെടുത്തി സംരക്ഷിക്കുന്നതിനും, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ലോകമെമ്പാടും എത്തിക്കുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. നമ്മുടെ പൈതൃകം മ്യൂസിയങ്ങളില്‍ അടച്ചുവെക്കാനുള്ളതല്ലെന്നും, അത് പുതുതലമുറയ്ക്ക് ജീവനോടെ കൈമാറാനുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതലമുറയെ തനത് കലകളിലേക്ക് ആകര്‍ഷിക്കുന്നതിനൊപ്പം ഡിജിറ്റലൈസേഷനിലൂടെ നമ്മുടെ സാംസ്കാരിക പൈതൃകത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭ്യമാക്കുകയാണ് ലക്ഷ്യം.
പരിപാടികളുടെ ഒരു പരമ്പര എന്നതിലുപരി കേരളത്തിന്‍റെ സംസ്കാരത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന വലിയൊരു സാംസ്കാരിക കൂട്ടായ്മയായാണ് ഇത്തവണത്തെ ഓണം വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്തെ 35 വേദികളിലായി 340-ലധികം കലാപരിപാടികള്‍ അരങ്ങേറുമ്പോള്‍, തലസ്ഥാനത്ത് 3,000-ത്തോളവും സംസ്ഥാനത്താകെ 8,000-ലധികം കലാകാരന്‍മാരും ഇതിന്‍റെ ഭാഗമാകുന്നുണ്ട്. നിശാഗന്ധിയില്‍ മുടിയേറ്റ്, തോല്‍പ്പാവക്കൂത്ത്, പടയണി, അര്‍ജുനനൃത്തം, പൂതനും തിറയും തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതിനൊപ്പം ജമ്മു കശ്മീര്‍ മുതല്‍ തമിഴ്നാട് വരെയുള്ള പത്ത് സംസ്ഥാനങ്ങളില്‍ നിന്നായി 160 പാരമ്പര്യ കലാകാരന്‍മാര്‍ സമാപന ഘോഷയാത്രയിലടക്കം അണിനിരക്കുമെന്നും അദ്ദേഹം അറിയിച്ചു.
സഞ്ചാരികളുടെ എണ്ണത്തിനപ്പുറം കലാകാരന്‍മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനുമുള്ള ഒരു സാമ്പത്തിക മാതൃകയായാണ് സര്‍ക്കാര്‍ ടൂറിസത്തെ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. കേവലം ഏഴു ദിവസത്തെ ആഘോഷം എന്നതിലുപരി കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ നാടിന്‍റെ സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തിയാക്കി മാറ്റാനുള്ള ദീര്‍ഘകാല കാഴ്ചപ്പാടോടെയാണ് ഓണം വാരാഘോഷം മുന്നോട്ടുപോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























