ചട്ടങ്ങള്‍ മറികടന്ന് ക്വാറിയ്ക്ക് ലൈസന്‍സ് നല്‍കിയതിനെതിരെ നെന്മാറ പഞ്ചായത്തിന് വനംവകുപ്പിന്റെ നോട്ടീസ്

ചട്ടങ്ങള്‍ മറികടന്ന് നെന്മാറ അകംപാടത്ത് ക്വാറി ലൈസന്‍സ് അനുവദിച്ചതിനെതിരെ പഞ്ചായത്തിന് വനംവകുപ്പ് വക നോട്ടീസ്. പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് സ്റ്റോപ് മെമ്മോ നല്‍കണമെന്ന് നെന്മാറ പഞ്ചായത്തിന് ഡിഎഫ്ഒ നിര്‍ദ്ദേശം നല്‍കി. എന്നാല്‍, വനംവകുപ്പിന്റെ നിര്‍ദ്ദേശം അവഗണിച്ച് ഇവിടെ പാറപൊട്ടിക്കല്‍ തുടരുകയാണ്.
നെല്ലിയാമ്പതി വനമേഖലയോടടുത്ത പ്രദേശമാണ് അകംപാടം. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഇതിനടുത്ത് കഴിഞ്ഞ മഴക്കാലത്ത് ഉരുള്‍പൊട്ടി പത്ത് പേര്‍ മരിച്ചതാണ്. പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവിനകത്ത് വരുന്ന സ്ഥലത്താണ് കുപ്പിവെളള കമ്പനി ലൈസന്‍സിന്റെ മറവില്‍ വന്‍തോതില്‍ പാറ പൊട്ടിക്കുന്നത്. ജലസംഭരണിയുടെ ആഴം കൂട്ടാന്‍ പാറ പൊട്ടിക്കണമെന്ന് മാത്രമാണ് സ്വകാര്യ സംരംഭകര്‍ നല്‍കിയ അപേക്ഷയിലുളളത്.
വന്യജീവി സങ്കേതത്തിന് അടുത്ത് ക്വാറികള്‍ പാടില്ലെന്നിരിക്കെ, ഇത് കണ്ടില്ലെന്ന് നടിച്ചാണ് ജിയോളജി വകുപ്പ് അനുമതി നല്‍കിയതെന്നാണ് ആരോപണം. പാറപൊട്ടിക്കല്‍ സജീവമായതോടെ വീടൊഴിഞ്ഞ് പോകേണ്ട അവസ്ഥയിലാണെന്ന് പരിസരവാസികള്‍ പറയുന്നു. ക്വാറി അനുമതിക്കായി ജിയോളജി വകുപ്പ് കണ്ടെത്തിയെ ന്യായങ്ങള്‍ ബാലിശമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
ഇനിയും ക്വാറി പ്രവര്‍ത്തനം തുടര്‍ന്നാല്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും നെന്മാറ ഡിഎഫ്ഒ വ്യക്തമാക്കുന്നു. വസ്തുതകളൊന്നും പരിശോധിക്കാതെയും സ്ഥല പരിശോധന പോലും നടത്താതെയും നല്‍കിയ അനുമതി എത്രയും പെട്ടെന്ന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിഎഫ്ഒ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























