മാസ് ഡയലോഗുമായി വീണ്ടും... ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു എന്ന പേരില്‍ കളക്ടര്‍ അനുപമ റിപ്പോര്‍ട്ട് നേടിയ സംഭവത്തില്‍ വികാരാധീനനായി സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി; നിറകണ്ണുകളോടെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വരവ് തൃശൂരിനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചിരുന്നു. സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈലിലുള്ള ഡയലോഗ്‌സ് തന്നെയാണ് കാരണം. എന്നാല്‍ ആ ഡയലോഗ്‌സിനെ തടഞ്ഞിരിക്കുകയാണ് തൃശൂര്‍ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയുമായ ടി.വി. അനുപമ.
അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസയച്ചു. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനെപ്പറ്റി പത്രക്കാര്‍ ചോദിച്ചപ്പോഴാണ് സുരേഷ് ഗോപിയുടെ കണ്ഠമിടറിയത്. ഇഷ്ട ദേവന്റെ പേര് പറയാന്‍ പോലും അവകാശമില്ല. വിശ്വാസികളോട് എന്തിനിങ്ങനെ ക്രൂരത കാട്ടുന്നു. ഇത് പറയാമോ എന്തോ. ഇതുപോലും ചോദ്യം ചെയ്യും. ഇതിനെല്ലാം ജനങ്ങള്‍ ചോദിക്കുമെന്നും സുരേഷ് ഗോപി വികാരാധീനനായി പറഞ്ഞു.
കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിന്‍കാട് മൈതാനിയില്‍ എന്‍ഡിഎ നടത്തിയ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് സുരേഷ് ഗോപി ശബരിമലയെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നുവെന്ന് വോട്ടര്‍മാരോട് പറഞ്ഞത്.
അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത് എന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞത്. ശബരിമല വിഷയം താന്‍ പ്രചാരണായുധമാക്കില്ലെന്ന് അണികളോടു പറഞ്ഞ സുരേഷ് ഗോപി എന്നാല്‍ കേരളത്തിലെ കുടുംബങ്ങളിലെ ചര്‍ച്ച ഇതാണെന്നും കൂട്ടിച്ചേര്‍ത്തു. ഈ മാസ് ഡയലോഗിനെതിരെയാണ് അനുപമ രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിനാണ് നോട്ടീസ്. പെരുമാറ്റച്ചട്ട ലംഘനമാണ് സുരേഷ് ഗോപി നടത്തിയതെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കി.
അടുത്തിടെ സുരേഷ് ഗോപിയ്‌ക്കെതിരെ വ്യാപക പ്രചരണമാണ് വന്നിരുന്നത്. അതേസമയം തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കുന്നതായിരുന്നു നല്ലതെന്ന് സുരേഷ് ഗോപി പറഞ്ഞു. അമിത് ഷായെ സമീപിക്കേണ്ടി വരുന്ന സാഹചര്യമാണ് തൃശൂരില്‍ സംജാതമായിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ബി ജെ പി നേതാക്കള്‍ക്കെതിരെ ഗുരുതര പരാതികളാണ് സ്ഥാനാര്‍ത്ഥിക്കുള്ളത്.
കേന്ദ്ര നേതൃത്വം കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി എന്നാണ് സുരേഷ് ഗോപിയെ ബി ജെ പിയുടെ തൃശൂര്‍ ജില്ലാ നേതൃത്വം വിശേഷിപ്പിക്കുന്നത്. അതിന്റേതായ എല്ലാ പീഡനവും സുരേഷ് ഗോപി അനുഭവിക്കുന്നുണ്ട്.
സുരേഷ് ഗോപിക്ക് നോമിനേഷന്‍ പോലും കൃത്യസമയത്ത് നല്‍കാനായില്ല. അതിരാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം തൃശൂരില്‍ താമസിക്കുന്ന ഹോട്ടല്‍ വ്യന്ദാവനത്തിലെത്തി സുരേഷ്‌ഗോപി കാത്തിരുന്നെങ്കിലും ബിജെ പി നേതാക്കളാരും വന്നില്ല. ഒടുവില്‍ ജ്യോത്‌സ്യന്‍ നിശ്ചയിച്ച സമയത്ത് പത്രിക നല്‍കാനായില്ല. സുരേഷ് ഗോപി ബിജെപി നേതാക്കളെ ഫോണില്‍ വിളിച്ച് ബഹളമുണ്ടാക്കിയതിന് ശേഷമാണ് നേതാക്കളെത്തി പത്രിക നല്‍കാനായത്.
എ ക്ലാസ് മണ്ഡലമായാണ് തൃശൂരിനെ ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്. ബി ജെ പിക്ക് രണ്ടരലക്ഷം വോട്ട് വരെ പോള്‍ ചെയ്യുന്ന സ്ഥലമാണ് തൃശൂര്‍. ശ്രീധരന്‍ പിള്ളയും സുരേന്ദ്രനും തൃശൂരില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതിന് പിന്നിലെ രഹസ്യം ഇതാണ്. സുരേന്ദ്രന് പത്തനംതിട്ട കിട്ടിയതോടെ സമാധാനമായി. എന്നാല്‍ ശ്രീധരന്‍പിള്ള തൃശൂരിന് വേണ്ടി ബലം പിടുത്തം തുടര്‍ന്നു. അദ്ദേഹത്തിന് ജയിക്കാം എന്നു തന്നെയായിരുന്നു പ്രതീക്ഷ.ഇതിനിടെ എം. ടി. രമേശിനെ സ്ഥാനാര്‍ത്ഥിയാക്കാനും ആലോചിച്ചിരുന്നു.
നോമിനേഷന്‍ കഴിഞ്ഞ് പ്രചരണത്തിന് ഇറങ്ങിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. കൃത്യ സമയത്ത് തയ്യാറായി ഇരിക്കുന്ന സുരേഷി ഗോപി രണ്ട് മണിക്കൂര്‍ വരെ കാത്തിരിക്കാറുണ്ട്. നേതാക്കളെ ഫോണില്‍ നിരന്തരം വിളിച്ചാല്‍ മാത്രമേ വരാറുളളു. തന്നെ വന്നു കാണുന്ന പത്രലേഖകരോട് അദ്ദേഹം തന്റെ അനുഭവങ്ങള്‍ രഹസ്യമായി പങ്കു വയ്ക്കുന്നുണ്ട്. ബിജെപിയില്‍ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും താന്‍ പാര്‍ട്ടിയെ ഹൃദയത്തിലേറ്റി സ്‌നേഹിക്കുന്നയാളാണെന്നും സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha





















