ഒരുപാട് സ്വപ്നങ്ങൾ നെയ്തെടുത്ത് പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കി; നാല് വർഷം ഉള്ളിൽ അലട്ടിയത് ഒരു കുഞ്ഞിക്കാല് കാണാനാകാത്ത സങ്കടം:- ഒടുവിൽ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച പൊന്നോമനയെ ലാളിച്ച് കൊതിതീരും മുമ്പേ വാഹനാപകടത്തിന്റെ രൂപത്തിൽ വിധി വില്ലനായി... ആറുമാസം പ്രായമായ കുഞ്ഞുമായി സുധിയുടെ വരവ് കാത്തിരുന്നവൾക്ക് മുന്നിലെത്തിയത് ചേതനയറ്റ ശരീരം

തൊടുപുഴ – പാലാ ഹൈവേയിൽ മാനത്തൂർ സ്കൂളിനു സമീപം നിയന്ത്രണം വിട്ട കാർ കടയിലും മരത്തിലും ഇടിച്ചു മറിഞ്ഞ് 5 യുവാക്കളുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഇവർ സുഹൃത്തുക്കളാണ്. കടനാട് ഇരുവേലിക്കുന്നേൽ പ്രമോദ് സോമൻ (31), കിഴക്കേക്കര വിഷ്ണുരാജ് (അപ്പൂസ്–28), മലേപ്പറമ്പിൽ എം.പി. ഉല്ലാസ് (38), അറയ്ക്കപ്പറമ്പിൽ സുധി ജോർജ് (ജിത്തു–28), വെള്ളിലാപ്പള്ളി നടുവിലേക്കുറ്റ് ജോബിൻസ് കെ. ജോർജ് (27) എന്നിവരാണു മരിച്ചത്.
തൊടുപുഴ ഭാഗത്തു നിന്നു പാലായിലേക്കു വരുന്നതിനിടെ നിയന്ത്രണം വിട്ട കാർ തൊട്ടടുത്ത കടയിലേക്കും ചേർന്നുള്ള വീട്ടിലേക്കും ഇടിച്ചുകയറി. തുടർന്നു സമീപത്തെ മരത്തിലിടിച്ച് ഉയർന്നു പൊങ്ങി തലകുത്തി മറിയുകയായിരുന്നു എന്നു ദൃക്സാക്ഷികൾ പറഞ്ഞു. കാറിന്റെ മുൻഭാഗം കത്തുകയും ചെയ്തു. കുറിഞ്ഞി ഭാഗം മുതൽ മറ്റൊരു വാഹനവുമായി കാർ മൽസര ഓട്ടത്തിലായിരുന്നുവെന്നു പൊലീസ് പറയുന്നു.
അതേ സമയം വാഹനാപകടത്തിൽ മരിച്ച സുധി സലിലയുടെ കൈപിടിച്ചത് ഒരുപാട് സ്വപ്നങ്ങളുമായായിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളാകാത്തതിൽ ഏറെ ദുഖിതരായിരുന്നു സുധിയും സലിലയും. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിനെ താലോലിച്ച് കൊതിതീരുമുൻപേ വിധി സുധിയേയും സലിലയേയും വേർപെടുത്തി. അപ്രതീക്ഷിതമായാണ് വാഹനാപകടത്തിന്റെ രൂപത്തിൽ വിധി സുധിയുടെ ജീവൻ കവർന്നത്. മാനത്തൂരിലെ വാഹനാപകടത്തിൽ മരിച്ച സുധിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ സലിലയുടെയും വീട്ടുകാരുടെയും കരച്ചിൽ കണ്ടുനിന്നവരെപ്പോലും ഈറനണിയിച്ചു.
https://www.facebook.com/Malayalivartha























