ഗുണ്ടാ നേതാവാകാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാക്കളെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് മുണ്ടിൽ കെട്ടി വലിച്ചിഴച്ച് ക്രൂരത

ഗുണ്ടാ നേതാവാകാൻ പ്രതി നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ യുവാക്കളെ മുണ്ടിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു വലിച്ചിഴച്ചു. പത്തനാപുരത്ത് രണ്ട് യുവാക്കളാണ് ക്രൂരമർദനത്തിന് ഇരയായത്. പപ്പാരംകോട് നൗഫി മൻസിലിൽ നൗഫൽ(38), ബന്ധു ആര്യങ്കാവ് ഇടപ്പാളയം സ്വദേശി സിദ്ദീഖ്(25) എന്നിവർക്കു ഞായറാഴ്ച വൈകിട്ടാണു മർദനമേൽക്കുന്നത്. സംഭവത്തിൽ ഇവരുമായി മുൻവൈരാഗ്യമുള്ള പപ്പാരംകോട് സ്വദേശി മാർഷലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാസങ്ങൾക്കു മുൻപു നൗഫലിന്റെ വീട്ടിലേക്കുള്ള വഴിയടച്ചു വാഹനം പാർക്ക് ചെയ്തെന്ന പരാതിയാണു സംഘർഷത്തിന്റെ തുടക്കം. അന്നു മാർഷലിനെ നൗഫലും സിദ്ദീഖും മർദിച്ചിരുന്നു. പൊലീസ് ഇടപെട്ട് തുടർസംഘർഷം ഒഴിവാക്കിയെങ്കിലും മാർഷൽ പക വീട്ടുകയായിരുന്നെന്നു പൊലീസ് പറയുന്നു. ഗുണ്ടാ നേതാവാകുന്നതിനു പല ശ്രമങ്ങൾ നടത്തിയിട്ടുണ്ട് ഇയാൾ. ഒറ്റയ്ക്ക് ആക്രമിക്കുന്ന രീതിയാണ് ഇയാളുടേതെന്നും പൊലീസ് പറയുന്നു.
സിദ്ദീഖ് പുനലൂർ താലൂക്കാശുപത്രിയിലും നൗഫൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.മാർഷലിനൊപ്പം ഒരാൾ കൂടിയുണ്ടായിരുന്നെന്ന നിഗമനത്തിലാണു പൊലീസ്.ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത ശേഷം വീട്ടിൽ ഉറങ്ങുകയായിരുന്ന നൗഫലിനെയും സിദ്ദീഖിനെയും ഇരുമ്പ് വടികൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപ്പിച്ച ശേഷം മുണ്ടിൽ കെട്ടി മാർഷലിന്റെ വീട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി വീണ്ടും മർദിച്ചെന്നാണു പരാതി.
https://www.facebook.com/Malayalivartha























