കെഎം മാണിക്ക് പകരം എംഎം മണിക്ക് ആദരാഞ്ജലികള്‍; അബദ്ധം പറ്റി ഹിന്ദി പത്രം

അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായ കെഎം മാണിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാഷ്ട്രീയ കേരളം അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ഹിന്ദി പത്രത്തിന് പറ്റിയ ഗുരുതരമായ അബദ്ധമാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. കെഎം മാണി അന്തരിച്ച വാര്‍ത്തയ്ക്ക് പത്രം കൊടുത്തിരിക്കുന്നത് വൈദ്യുത മന്ത്രിയായ എംഎം മണിയുടെ ചിത്രം ആണ്. കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം മണി അന്തരിച്ചു എന്നാണ് ഫോട്ടോയടക്കം ഉള്ള വാര്‍ത്ത.
അതേസമയം അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലെത്തിയാണ് മമ്മൂട്ടി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പ്രായത്തെ അതിജീവിക്കുന്ന ഊര്‍ജമുണ്ടായിരുന്നു കെ എം മാണിക്കെന്ന് അന്ത്യാഞ്ജലി അര്‍പ്പിച്ചു കൊണ്ട് മമ്മൂട്ടി പറഞ്ഞു. നീകത്താനാകാത്ത നഷ്ടമാണ് മാണിയുടെ വിയോഗമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉച്ചവരെ പാലയില്‍ കരിങ്ങോഴക്കല്‍ വീട്ടില്‍ കെഎം മാണിയുടെ പൊതുദര്‍ശനം നടക്കും. രണ്ട് മണി മുതല്‍ സംസ്‌കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്‌കാരം. എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മുഴുവന്‍ സമയവും പൊതുദര്‍ശനത്തിലും സംസ്‌കാരശുശ്രൂഷകളിലും പങ്കെടുക്കും. അതേസമയം, പ്രിയപ്പെട്ട നേതാവിന് അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്. രാത്രി ഏറെ വൈകിയാണ് കെഎം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചത്.
ആറു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിച്ച സമുന്നത നേതാവും സുവര്‍ണ ജൂബിലി ആഘോഷിച്ച നിയമസഭാ സാമാജികനും ബഡ്ജറ്റ് അവതരണത്തില്‍ റെക്കാഡിട്ട ധനമന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം. മാണിക്ക് നാട് അന്ത്യാഞ്ജലി അര്‍പിക്കുകയാണ്. രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യനായിരുന്ന കെ. എം. മാണി, വലിയ ലക്ഷ്യങ്ങളുമായി ഒരു പൊതു തിരഞ്ഞെടുപ്പിന്റെ വക്കില്‍ നില്‍ക്കേയാണ് അരങ്ങൊഴിഞ്ഞത്. ഭാര്യ കുട്ടിയമ്മയുടെ കൈ ചേര്‍ത്തുപിടിച്ചാണ് അദ്ദേഹം വിടവാങ്ങിയത്.
ശ്വാസകോശ രോഗത്തിന് വര്‍ഷങ്ങളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചീഫ് പള്‍മണോളജിസ്റ്റ് ഡോ. ഹരി ലക്ഷ്മണന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ശ്വസിക്കാന്‍ വിഷമം അനുഭവപ്പെട്ടിരുന്ന അദ്ദേഹം ഐ.സി.യുവിലാണ് കഴിഞ്ഞത്. വൃക്കയ്ക്കും തകരാര്‍ കണ്ടതോടെ ഡയാലിസിനും വിധേയനാക്കി. തിങ്കളാഴ്ച രാവിലെയോടെ ആരോഗ്യനില വഷളായി. രാത്രിയോടെ അല്പം ഭേദപ്പെട്ടെങ്കിലും ഇന്നലെ രാവിലെ വീണ്ടും വഷളായി. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം തീവ്രശ്രമം നടത്തിയെങ്കിലും ഉച്ചയ്ക്ക് മൂന്നോടെ അതീവഗുരുതരാവസ്ഥയിലായി. 4.57 ന് അന്ത്യം സംഭവിച്ചതായി ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. മോഹന്‍ മാത്യു, സി.ഇ.ഒ എസ്.കെ. അബ്ദുള്ള എന്നിവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























