സച്ചുവിന് ഇനി വെന്റിലേറ്റര്‍ വേണ്ട, അദ്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയില്‍ ഏഴ് വര്‍ഷം കാത്തിരുന്ന കുടുംബത്തെ കണ്ണീരിലാഴ്ത്തി സച്ചു യാത്രയായി!

തന്റെ കുഞ്ഞ് എന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് കരുതി കഴിഞ്ഞ അഞ്ചര വര്‍ഷവും വെന്റിലേറ്ററില്‍ കിടത്തി കാത്തിരുന്ന ഒരു അച്ഛന്റേയും അമ്മയുടെയും വാര്‍ത്ത പുറത്ത് വരുമ്പോള്‍, സ്വന്തം കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കുന്ന അച്ഛന്റെയും അമ്മയുടേയും കഥകള്‍ വാര്‍ത്തകളാകുന്ന ഇക്കാലത്ത് ആശ്വാസം തോന്നുമെങ്കിലും അവരുടെ പ്രതീക്ഷകള്‍ വിഫലമായി എന്ന സത്യം ദു:ഖം പടര്‍ത്തുന്നു.
വടക്കാഞ്ചേരി സ്വദേശികളായ ശിവദാസിന്റെയും സവിതയുടെയും രണ്ടാമത്തെ മകനായ സച്ചി എന്ന അദ്രിദാസാണ് കഴിഞ്ഞ അഞ്ചരവര്‍ഷം വെന്റിലേറ്ററില്‍ കിടന്ന ശേഷം ജീവിതത്തോട് വിട പറഞ്ഞത്. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഐസിയു പട്ടികയില്‍ ആദ്യപേര് അദ്രിദാസിന്റേതായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ പത്ത് മണിക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് സച്ചി മരണമടഞ്ഞു.
2013 ഡിസംബറിലാണ് ശരീരം മുഴുവന്‍ നീലനിറമായി മാറി തണുത്തു വിളറിയ കുഞ്ഞിനെയുമായി മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയത്. മസ്തിഷ്‌കജ്വരത്തിന് സമാനമായ ബ്രെയിന്‍ സ്റ്റെം ഡിമൈലിനേഷന്‍ എന്ന രോഗമായിരുന്നു കുട്ടിക്ക്. തിരുവനന്തപുരം ശ്രീചിത്രയില്‍ നടത്തിയ വിദഗ്ധപരിശോധനയിലാണ് തലച്ചോറിലെ നീര്‍ക്കെട്ടാണ് രോഗകാരണമെന്ന് വ്യക്തമായത്. പിന്നെ വെന്റിലേറ്ററിലായിരുന്നു കുട്ടിയുടെ ജീവിതം.
എല്ലാ പ്രതീക്ഷയും അവസാനിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ തന്നെ കുഞ്ഞിനെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ ഒരേയൊരു വെന്റിലേറ്റര്‍ അവനായി അവര്‍ നീക്കിവെച്ചു. വല്ലപ്പോഴുമൊരു മൂളല്‍... ഇടയ്ക്കൊന്ന് കണ്ണനക്കും...ഇത് മാത്രമാണ് സച്ചു ചെയ്തിരുന്നത്. അദ്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടര്‍മാരും ബന്ധുക്കളും നീണ്ട അഞ്ചര വര്‍ഷം. എന്നാല്‍ എല്ലാവരുടേയും പ്രതീക്ഷകള്‍ അസ്ഥാനത്താക്കി അവന്‍ യാത്രയായി.
https://www.facebook.com/Malayalivartha























