മുന്നണി രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്‍ കെ എം മാണി ഇനി ഓർമ്മ; ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം പാലാ കത്തീഡ്രല്‍ പള്ളിയില്‍ ജനസാഗരത്തെ സാക്ഷിയാക്കി സംസ്‌കരിച്ചു

കെ.എം.മാണിയുടെ ഭൗതിക ശരീരം പാലാ കത്തീഡ്രല്‍ പള്ളിയില്‍ കാത്തിരുന്ന ജനസാഗരത്തെ സാക്ഷിയാക്കി സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കര്‍ദിനാള്‍ മാര്‍ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവയും മെത്രാന്‍മാരുമാണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്. സെമിത്തേരിയിലെ കുടുംബ കല്ലറയിലാണ് മാണിയെ സംസ്‌കരിച്ചത്.
കരിങ്ങോഴക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം മൂന്ന് മണിയോടെയാണ് സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് വേണ്ടി പള്ളിയിലേക്ക് എടുത്തത്.
കേരളം കണ്ട ഏറ്റവും വലിയ യാത്രയയപ്പാണ് തങ്ങളുടെ പ്രിയ നേതാവിന് രാഷ്ട്രീയകേരളം നല്‍കിയത് . പാലായില്‍ നിന്ന് കേരളമാകെ പടര്‍ന്നു പന്തലിച്ച ജനനായകനുള്ള യാത്രയയപ്പ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ആദരവോടെയായിരുന്നു . മാണിയെ കാണാന്‍ പാലാ വന്നത് പതിയെയല്ല, കരിങ്ങോഴയക്കല്‍ വീട്ടിലേക്ക് കുത്തിയൊഴുകിയാണ്. പൊരിവെയിലിലും വരിനിന്നു കാണാന്‍ മാത്രം പ്രിയപ്പെട്ടയാള്‍ എന്ന് ജന്മനാട് രേഖപ്പെടുത്തി. മന്ത്രിമാരും നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും സാമുദായിക നേതാക്കളും വീട്ടില്‍ എത്തി. നടന്‍ മമ്മൂട്ടി കെ.എം മാണിയുമായുള്ള സൗഹൃദം ഓര്‍ത്തെടുത്തു
ഉച്ചയോടെ, വീട്ടിലെ പൊതുദര്‍ശനവും ശുശ്രുഷാ ചടങ്ങുകളും കഴിഞ്ഞു. ഭാര്യയും മക്കളും പേരക്കുട്ടികളും അന്ത്യചുംബനങ്ങള്‍ നല്‍കി . മൃതദേഹവുമായി കത്തീഡ്രല്‍ പള്ളിയിലേക്ക് വിലാപയാത്ര. ഇവിടങ്ങളിലും ആയിരക്കണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവയുടെയും സിറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെയും കാര്‍മികത്വത്തില്‍ ആണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. പാലായിലെ ഈ മണ്ണായിരുന്നു കെ എം മാണിയുടെ എക്കാലത്തെയും ഊര്‍ജ്ജം. നിത്യനിദ്രയിലേക്ക് പോവുമ്പോഴും അദ്ദേഹത്തിന്റെ ഊര്‍ജസ്വലമായ രാഷ്ട്രീയ ഓര്‍മകളാണ് കേരളത്തിനുള്ള ശേഷിപ്പ്
എ.ഐ സി.സി ജനറല്‍ സെക്രട്ടറിമാര്‍, ഭരണ പ്രതിപക്ഷ നേതാക്കള്‍, വിവിധ കക്ഷി നേതാക്കള്‍ മത മേലധ്യക്ഷന്‍ മാര്‍ തുടങ്ങിയവരും കരിങ്ങോഴയ്ക്കല്‍ വീട്ടിലെത്തി. മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു.
https://www.facebook.com/Malayalivartha























