ചീഫ് ജസ്റ്റിസിനെ തൊട്ടാല്‍ ഇങ്ങനെ ഇരിക്കും; ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക ആരോപണത്തില്‍ പരാതിക്കാരിക്ക് അന്വേഷണ സമിതിയുടെ നോട്ടീസ്; നോട്ടീസ് അയച്ചത് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ സമിതി

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക ആരോപണത്തില്‍ പരാതിക്കാരിക്ക് അന്വേഷണ സമിതിയുടെ നോട്ടീസ്. ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് നോട്ടീസ് അയച്ചത്. ഏപ്രില്‍ 26 ന് സമിതിക്ക് മുമ്പാകെ ഹാജരാകണം എന്നാണ് നിര്‍ദ്ദേശം. പരാതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കി. പരാതി അന്വേഷിക്കാന്‍ ഇന്നലെയാണ് മൂന്നംഗ സമിതി രൂപീകരിച്ചത്. ജസ്റ്റിസ് എന്‍ വി രമണ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ഈ സമിതിയാണ് പരാതിയിലെ തുടര്‍ നടപടികള്‍ തീരുമാനിക്കുക.
അതേസമയം, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന അഭിഭാഷകനായ ഉത്സവ് സിംഗ് ബയസിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിശോധിക്കും. സത്യവാങ്മൂലം പരിശോധിക്കാനായി ഇന്നലെ കോടതി ചേര്‍ന്നെങ്കിലും അഭിഭാഷകന്‍ കോടതിയില്‍ എത്താത്തതുകൊണ്ട് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കോടതിയില്‍ ഹാജരാകാന്‍ അഭിഭാഷകന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്ദന്‍ നരിമാന്‍, ദീപക് ഗുപ്ത എന്നിവരാണ് കേസ് പരിഗണിക്കുക.
ജെറ്റ് എയര്‍വേയ്‌സിന്റെ ഉടമ നരേഷ് ഗോയലും വാതുവയ്പ്പുകാരനും ഇടനിലക്കാരനുമായ രമേശ് ശര്‍മയുമാണ് ലൈംഗിക ആരോപണത്തിന് പിന്നിലെന്ന് ഉത്സവ് ബെയ്ന്‍സ് ആരോപിച്ചത്. പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സിനെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ അനുകൂല വിധി കിട്ടാനും കടങ്ങള്‍ എഴുതിത്തള്ളാനുമായി നരേഷ് ഗോയല്‍ ചീഫ് ജസ്റ്റിസിന് കോഴ കൊടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു ഉത്സവ് ബെയ്ന്‍സിന്റെ വെളിപ്പെടുത്തല്‍. ജെറ്റ് എയര്‍വേയ്‌സില്‍ ദാവൂദ് ഇബ്രാഹിമിന് നിക്ഷേപമുണ്ടെന്നും, കോഴ കൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ ഗതി കെട്ട്, ഇത്തരമൊരു വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നു എന്നുമാണ് അഭിഭാഷകന്‍ പറയുന്നത്.
പരാതിക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പരാതിയിലുള്ള ആരോപണങ്ങളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിഷേധിച്ചു. തന്നെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. താന്‍ രാജിവയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























