സ്പിരിറ്റ് കടത്തിയ ലോക്കല്‍ കമ്മിറ്റി അംഗത്തെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാലക്കാട്ട് പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമാണ്

സ്പിരിറ്റ് കടത്തിയ ലോക്കല്‍ കമ്മിറ്റി അംഗത്തെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാലക്കാട്ട് പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമായ അനിലിനെയാണ് പുറത്താക്കിയത്. 525 ലിറ്റര്‍ സ്പിരിറ്റുമായി തത്തമംഗലത്ത് നിന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് സംഘം വാഹനം തടയുന്നതിനിടെ ഓടി രക്ഷപ്പെട്ട അനിലിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എക്‌സൈസ് സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ മണിയാണ് അനിലിനെ കുറിച്ച് നിര്‍ണായക വിവരം എക്‌സൈസിന് നല്‍കിയത്.
മീനാക്ഷീപുരത്തുളള തെങ്ങിന്‍തോപ്പുകളിലേക്കാണ് അത്തിമണി അനില്‍ എന്നറിയപ്പെടുന്ന ലോക്കല്‍ കമ്മിറ്റിഅംഗം സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചതെന്നാണ് അറിയുന്നത്. വ്യാജ കളള് നിര്‍മ്മാണത്തിലെ പ്രധാന കണ്ണിയാണ് അനിലെന്ന് എക്‌സൈസ് പറയുന്നു. ജില്ലയിലെ സിപിഎം നേതാക്കളുമായും ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുമായും അനിലിന് അടുത്ത ബന്ധമാണ്. സ്പിരിറ്റ് പിടികൂടിയ ഉടനെ, ചില സിപിഎം നേതാക്കള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ വിളിച്ചതായി അറിയുന്നു. കേസ് ഒഴിവാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതായും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മുമ്പ് കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് 2000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ സംഭവത്തിലും അനിലിന് പങ്കുണ്ടെന്നാണ് എക്‌സൈസില്‍ നിന്ന് ലഭിക്കുന്ന വിവരം. മാസങ്ങളായി എക്‌സൈസ് ഇന്റലിജന്‍സ് അനിലിനെ പിന്തുടര്‍ന്ന് വരികയായിരുന്നു.
പെരുമാട്ടി, പട്ടഞ്ചേരി പ്രദേശത്ത് നേരത്തെയുണ്ടായിരുന്ന ജനതാദള്‍ സിപിഎം സംഘര്‍ഷത്തിലും അനിലിന് പങ്കുണ്ട്. പലപ്പോഴും എക്‌സൈസ് ഉദ്യോഗസ്ഥരെ ഇയാള്‍ ഉള്‍പ്പെട്ട സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. അനിലിന്റെ സ്പിരിറ്റ് കടത്ത് ഉള്‍പ്പെടെയുള്ള വഴിവിട്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. പാര്‍ട്ടി അന്വേഷണം നടത്തുന്നുണ്ടെന്നും അവര്‍ പ്രതികരിച്ചു. സുമുഖനായ അനില്‍ ആഢംബര കാറുകളിലാണ് സ്പിരിറ്റ് കടത്തിയിരുന്നത്. അതിനാല്‍ ആരും സംശയിച്ചിരുന്നില്ല. സി.പി.എം അനുഭാവികളായ ചില പൊലീസുകാരും എക്‌സൈസ് ഉദ്യോഗസ്ഥരും ഇയാളെ പല കേസുകളില്‍ നിന്നും സംരക്ഷിച്ചിരുന്നതായും ആക്ഷേപമുണ്ട്.
ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി. ശശി ഉള്‍പ്പെടെയുള്ള നേതാക്കളുമായി അനിലിന് അടുത്തബന്ധമാണുള്ളത്. ഇക്കാര്യം വ്യക്തമാക്കുന്ന ഫോട്ടോസ് പുറത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഈ സംഭവം പാര്‍ട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കില്ല. അനിലിനെ പെട്ടെന്ന് പുറത്താക്കി മുഖംരക്ഷിക്കാനാണ് ലോക്കല്‍ കമ്മിറ്റി നോക്കിയത്. അതേസമയം ചില നേതാക്കള്‍ക്ക് അനിലുമായി അടുത്ത ബന്ധമാണെന്നും പുറത്താക്കല്‍ കണ്ണില്‍ പൊടിയിടാനുള്ള താല്‍ക്കാലിക നടപടിമാത്രമാണെന്നും ആക്ഷേപമുണ്ട്. ജില്ലയിലെ ചില പ്രവര്‍ത്തകര്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും സ്പിരിറ്റ് , മണ്ണ് മാഫിയയുമായും പലിശ ഇടപാടുകാരുമായും അടുത്ത ബന്ധമാണുള്ളതെന്ന് മുമ്പും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha



























