കര്‍ണാടകയില്‍ വിമത എം.എല്‍.എമാരുടെ രാജി സംബന്ധിച്ച അനിശ്ചിതത്വം നീളും, രാജിയില്‍ തീരുമാനം എടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

കര്‍ണാടകയില്‍ വിമത എം.എല്‍.എമാരുടെ രാജി സംബന്ധിച്ച അനിശ്ചിതത്വം നീളും. രാജിയില്‍ തീരുമാനം എടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് വൈകുന്നേരത്തിന് മുമ്പ് രാജിക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് സ്പീക്കര്‍ തന്റെ നിലപാട് അറിയിച്ചത്. രാജി പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അനുമതി നല്‍കിയില്ല. നാളെ എംഎല്‍.എമാരുടെ കേസിനൊപ്പം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ബാഹ്യസമ്മര്‍ദ്ദം മൂലമാണോ എം.എല്‍.എമാര്‍ രാജി നല്‍കിയതെന്ന് സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കാന്‍ സമയം വേണമെന്നുമാണ് സ്പീക്കറുടെ ആവശ്യം.
എം.എല്‍.എമാര്‍ സ്പീക്കറെ വീണ്ടും കണ്ട് രാജി കത്ത് നല്‍കണമെന്ന് സുപ്രീംകോടതി രാവിലെ നിര്‍ദ്ദേശിച്ചിരുന്നു. ചട്ടങ്ങള്‍ പാലിച്ചാണോ രാജി സമര്‍പ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സൂഷ്മമായി പരിശോധിക്കണമെന്നാണ് സ്പീക്കറുടെ ആവശ്യം. രാജി സ്വമേധയാ ആണോ എന്ന് സംശയമുണ്ട്. അതെല്ലാം പരിശോധിക്കാന്‍ ഇന്ന് കൊണ്ട് കഴിയില്ല. അതിനാല്‍ 17 വരെ അദ്ദേഹം സമയം ചോദിച്ചിട്ടുണ്ട്. ഇതോടെ പ്രതിസന്ധി ഉടനൊന്നും അയയില്ലെന്ന് ഉറപ്പായി. രാജിവയ്ക്കാന്‍ എത്തുന്ന എം.എല്‍.എമാരെ അനുനയിപ്പിക്കാനാണ് മുഖ്യമന്ത്രി കുമാര സ്വാമിയും കോണ്‍ഗ്രസ് നേതാക്കളും നോക്കുന്നത്. സംസ്ഥാനത്ത് എത്തുന്ന എം.എല്‍.എമാര്‍ക്ക് എല്ലാ സുരക്ഷയും നല്‍കണമെന്ന് സുപ്രീംകോടതി ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമസഭയിലെ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാന്‍ സ്പീക്കര്‍ക്കാണ് അധികാരം. അത് ഉപയോഗിച്ച് കുറച്ച് ദിവസത്തേക്ക് കൂടി കാര്യങ്ങള്‍ നീട്ടിക്കൊണ്ട് പോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
സുപ്രീംകോടതി തീരുമാനം അംഗീകരിക്കുന്നെന്നും വീണ്ടും സ്പീക്കര്‍ക്ക് രാജി നല്‍കുമെന്നും വിമത എം.എല്‍.എമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എം.എല്‍.എമാര്‍ എന്തിനാണ് സുപ്രീംകോടതിയില്‍ പോയതെന്ന് അറിയില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. താന്‍ വിധാന്‍ സൗധയിലുണ്ട്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ വന്ന് കാണാമെന്നും അദ്ദേഹം പ്രതികരിച്ചു. നാളെ നിയമസഭ ചേരുന്നുണ്ട്. കുമാരസ്വാമി മുഖ്യമന്ത്രിയായി തുടരാന്‍ സാധ്യതയില്ലെങ്കിലും സഖ്യസര്‍ക്കാര്‍ തുടരുമെന്നും സൂചനയുണ്ട്. ബി.ജെ.പി പാളയത്തിലേക്ക് പോകുന്ന രണ്ട് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം ഉച്ചയോടെ അവസാനിച്ചു. നിലവില്‍ താന്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി മാദ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനത്ത് ഭരണഘടനാ വിരുദ്ധപ്രവര്‍ത്തനമാണ് ബി.ജെ.പി നടത്തുന്നതെന്ന് കോണ്‍ഗ്രസ് മന്ത്രി യു.ടി ഖാദര്‍ ആരോപിച്ചു. ഇതിന് അവര്‍ക്ക് തിരിച്ചടി ലഭിക്കുമെന്നും സഖ്യസര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നാളെ നിയമസഭ ചേരുമ്പോള്‍ ബി.ജെ.പി പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പാണ്. ഒരു പക്ഷെ, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കവും ഉണ്ടായേക്കും. ഓരോ നീക്കങ്ങളും പാളുമ്പോഴും സര്‍ക്കാരിനെ നിലനിര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി കോണ്‍ഗ്രസും ജെ.ഡി.എസും മുന്നോട്ട് പോവുകയാണ്. അതേസമയം എങ്ങനെയും എം.എല്‍.എമാരെ രാജിവെപ്പിച്ച ശേഷം അധികാരം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
https://www.facebook.com/Malayalivartha



























