തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

ആഴ്ചകൾ മാത്രം നീണ്ട സമാധാനം പിന്നെ പൊരിഞ്ഞ യുദ്ധം. ഇതാണ് ഇറാനിൽ കാണുന്നത്. ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി ഡൗണി, എം/ടി സ്റ്റാർക് 1 എന്നിവയ്ക്ക് നേരേയും ചരക്കില്ലാതിരുന്ന മറ്റൊരു കപ്പലിന് നേരേയുമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസിന്റെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരേ ഇറാന്റെ സായുധസേനയായ ഐആർജിസി നേരത്തേ മിസൈലാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് യുഎസ് ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചത്. ഇറാന്റെ ആക്രമണങ്ങളിൽ യുഎസ് സൈനികർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഖാർഗ് ദ്വീപിന് സമീപത്തുവെച്ചാണ് എം/ടി ഡൗണി കപ്പലിന് നേരേ യുഎസിന്റെ ആക്രമണമുണ്ടായത്. ജാസ്കിന് സമീപത്തുവെച്ചായിരുന്നു എം/ടി സ്റ്റാർക് 1 കപ്പൽ ആക്രമിച്ചത്. ചരക്കുകളില്ലാതിരുന്ന മൂന്നാമത്തെ കപ്പലിന് നേരേ ഒമാൻ ഉൾക്കടലിൽവെച്ചാണ് ആക്രമണമുണ്ടായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
അതിനിടെ, ആക്രമണത്തിന് പിന്നാലെ ഇറാനെതിരേ കൂടുതൽ ഭീഷണിയുമായി അമേരിക്ക രംഗത്തെത്തി. സ്വയം പ്രതിരോധിക്കാൻ യുഎസ് സൈന്യം മടിക്കില്ലെന്നും വേണമെങ്കിൽ ഇറാന്റെ എണ്ണക്കപ്പൽ വ്യൂഹം മുഴുവൻ തകർക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. ഐആർജിസിയ്ക്കുള്ള സന്ദേശം വ്യക്തമാണ്. ഞങ്ങളുടെ രണ്ട് കപ്പലുകൾക്ക് നേരേ വെടിയുതിർത്താൽ നിങ്ങളുടെ മൂന്ന് കപ്പലുകൾ തകർത്ത് അതിനെക്കാൾ വലിയ സാമ്പത്തിക പ്രത്യാഘാതം നിങ്ങൾക്കുണ്ടാക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ പറഞ്ഞു.
അതേസമയം ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ ‘ചാരനെ’ കണ്ടെത്താൻ അമ്പതോളം ഉന്നത സൈനികോദ്യോഗസ്ഥരെ യുഎസ് നുണ പരിശോധനയ്ക്ക് വിധേയരാക്കി. യുഎസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. ഇറാനുമായുള്ള യുദ്ധം തുടങ്ങിയതിനുശേഷം യുഎസിന്റെ ആയുധ ശേഖരത്തിൽ വൻ കുറവ് വന്നതുൾപ്പെടെയുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.
ഉന്നത സൈനിക ഉദ്യോഗസ്ഥരെയും യുഎസ് മിലിട്ടറിയുടെ ജോയിന്റ് സ്റ്റാഫിലെ ജീവനക്കാരെയുമാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയതെന്ന് ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റിലായിരുന്നു കൂട്ട നുണ പരിശോധന. യുഎസിന്റെ ആയുധ ശേഖരത്തിൽ ദീർഘദൂര മിസൈലുകളുടെയും പേട്രിയറ്റ് മിസൈൽവേധ സംവിധാനങ്ങളുടെയും എണ്ണത്തിൽ വൻ കുറവുണ്ടായെന്ന വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വലിയ ചർച്ചയായിരുന്നു.
അന്വേഷണ പരിധിയിലുള്ള വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അതേസമയം, ദേശീയ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ ചോർന്നത് അതീവ ഗൗരവത്തോടെ അന്വേഷിച്ച് വരുകയാണെന്നും പെന്റഗൺ വക്താവ് ഷോൺ പാർനെൽ പ്രസ്താവനയിൽ പറഞ്ഞു. മേയ് 5 മുതൽ ഇറാൻ യുദ്ധം സംബന്ധിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി വാർത്താ സമ്മേളനം വിളിച്ചിട്ടില്ല. അതോടൊപ്പം തന്നെ പെന്റഗണിലേക്കുള്ള മാധ്യമങ്ങളുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. യുഎസിന്റെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ മോശം അവസ്ഥയെക്കുറിച്ച് വാർത്ത നൽകിയതിന് സ്റ്റാർസ് ആൻഡ് സ്ട്രൈപ്സ് എഡിറ്റർ ഇൻ ചീഫ് എറിക് സ്ലാവിൻ, പബ്ലിഷർ മാക്സ് ലെഡെറർ, മിഡിൽ ഈസ്റ്റ് റിപ്പോർട്ടർ ലാറ കോർട്ടെ എന്നിവരെ പെന്റഗൺ പുറത്താക്കിയിരുന്നു.
അതേസമയം ഇറാനിലെ അതീവ സുരക്ഷാ വിന്യാസങ്ങളുള്ള ഭൂഗർഭ ആണവ കേന്ദ്രമായ ‘പിക്ക്ആക്സ് മൗണ്ടൻ’ ആക്രമിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ യുഎസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരെ ഇതുവരെ നടന്ന ആക്രമണത്തെ ട്രംപ് ന്യായീകരിക്കുകയും ചെയ്തു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുക എന്നതായിരുന്നു ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.
‘‘ആക്രമണം തുടങ്ങിയിട്ട് ഇപ്പോൾ 5 മാസമായി. ഈ 5 മാസത്തിനുള്ളിൽ നമ്മൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് അറിയാമോ? അവർ ഇനി ആണവായുധം ഉണ്ടാക്കില്ല എന്ന് ഉറപ്പായി. അതാണ് നമ്മൾ ചെയ്തത്’’– ട്രംപ് പറഞ്ഞു. ആണവായുധം നിർമിക്കുന്ന തരത്തിലുള്ള ഏതെങ്കിലും നടപടി പിക്ക്ആക്സ് മൗണ്ടനിലുണ്ടായാൽ അവിടം ആക്രമിക്കുമെന്നും തെറ്റായി എന്തെങ്കിലും സംഭവിച്ചാൽ തിരിച്ചടി കഠിനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിലെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് പിക്ക്ആക്സ് മൗണ്ടൻ സ്ഥിതി ചെയ്യുന്നത്. രണ്ടു തുരങ്ക സംവിധാനങ്ങൾ ഇവിടെയുണ്ടെന്നാണ് കരുതപ്പെടുന്നത്. സാധാരണ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുള്ളതാണ് ഇവിടുത്തെ സംവിധാനങ്ങളെന്നാണ് നിഗമനം. ഈ കേന്ദ്രത്തിലേക്ക് ഇറാൻ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ (ആണവായുധം നിർമിക്കാൻ ആവശ്യമായ റേഡിയോ ആക്ടീവ് ഇന്ധനം ആവശ്യത്തിന് സാന്ദ്രതയിൽ വേർതിരിച്ചെടുക്കുന്നതിന് ഉപയോഗിക്കുന്നത്) മാറ്റിയതായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം വിശ്വസിക്കുന്നതായി വാൾ സ്ട്രീറ്റ് ജേണൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് യുക്രെയ്‌ന് അമേരിക്ക നൽകിയ സാമ്പത്തിക സഹായം യൂറോപ്യൻ രാജ്യങ്ങൾ തിരികെ നൽകണമെന്ന് ആവശ്യപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്‌ന് പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന സഹായത്തിന്റെ പ്രധാന പങ്കും യൂറോപ്പ് തന്നെ വഹിക്കണമെന്ന് ട്രംപ് മുൻപും ആവശ്യപ്പെട്ടിരുന്നു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലാണ്' ട്രംപ് ഇതുസംബന്ധിച്ച് കുറിപ്പ് പങ്കുവച്ചത്. നൂറുകണക്കിന് കോടി ഡോളറാണ് യുക്രെയ്‌നും നാറ്റോയ്ക്കും സൗജന്യമായി നൽകിയതെന്നും, ചോദിച്ചിരുന്നെങ്കിൽ യൂറോപ്പ് തന്നെ നൽകിയേനെ എന്നും അദ്ദേഹം കുറിച്ചു. ഇത്തിരി വൈകിയാണെങ്കിലും ആ പണം തിരികെ ആവശ്യപ്പെടുക തന്നെ ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ ഏതൊക്കെ രാജ്യങ്ങളാണ് തുക നൽകേണ്ടതെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിന് ആയുധ ക്ഷാമം നേരിടുന്നുണ്ടെന്ന വാർത്തകൾ ട്രംപ് തള്ളി. മികച്ച നിലവാരമുള്ള വെടിക്കോപ്പുകളുടെ അപാരമായ ശേഖരം അമേരിക്കയുടെ പക്കലുണ്ടെന്നും, ഇതുവരെ കാണാത്ത അളവിലാണ് അവ നിർമിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യങ്ങൾ നേരിടാനും ശേഖരം വർധിപ്പിക്കാനുമായി വിദേശ രാജ്യങ്ങളിലേക്കുള്ള ആയുധ വിൽപ്പന താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ മറ്റുള്ളവർക്ക് വിൽക്കുന്നതിന് പകരം സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയാണെന്നും, സഖ്യരാജ്യങ്ങൾക്കുള്ള വിൽപ്പന ഉടൻ തന്നെ പുനരാരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ ട്രംപ് ഇറാനെതിരെ നടത്തുന്ന കടുത്ത സാമ്പത്തിക ഉപരോധ നീക്കങ്ങൾക്ക് പിന്തുണയുമായി യൂറോപ്യൻ യൂണിയൻ രംഗത്തെത്തി. അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന നീക്കത്തിൽ യൂറോപ്യൻ യൂണിയൻ ഔദ്യോഗികമായി പങ്കാളികളായതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് സ്ഥിരീകരിച്ചു.
ഇറാനുമേൽ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിനൊപ്പം തന്നെ നയതന്ത്ര ചർച്ചകളും സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങളും തുടരണമെന്നാണ് യൂറോപ്യൻ യൂണിയന്റെ നിലപാട്. ഇറാനിലെ നിലവിലെ ഭരണകൂടത്തിന് ആണവായുധ പദ്ധതികൾക്കും ആയുധ നിർമാണത്തിനും ഭീകരവാദ പ്രവർത്തനങ്ങൾക്കും ആഗോള സാമ്പത്തിക അടിത്തറ ഉപയോഗിക്കാൻ കഴിയില്ലെന്ന് അമേരിക്കയും സഖ്യരാജ്യങ്ങളും വ്യക്തമാക്കുന്നു. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണമായും അടയ്ക്കുന്നത് വരെ ഈ പോരാട്ടം തുടരുമെന്ന് ബെസ്സന്റ് വ്യക്തമാക്കി.
ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ, മേഖലയിലെ അസ്ഥിരതയുണ്ടാക്കുന്ന പ്രവർത്തനങ്ങൾ, യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് നൽകുന്ന സൈനിക പിന്തുണ എന്നിവയാണ് യൂറോപ്യൻ യൂണിയനെ ഈ തീരുമാനത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ. സ്വന്തം ജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും അടിച്ചമർത്തലുകളും അവസാനിപ്പിക്കാനും പ്രാദേശിക സമാധാനം പുനഃസ്ഥാപിക്കാനും യൂറോപ്യൻ യൂണിയൻ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക സമ്മർദ്ദം കൊണ്ടുമാത്രം പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ നയതന്ത്ര ചർച്ചകൾ അത്യാവശ്യമാണെന്നും ബ്രസൽസ് കൂട്ടിച്ചേർത്തു. രാജ്യാന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ തടയാൻ ഇറാനുമേൽ ഇതിനകം തന്നെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ഇറാനെ വീണ്ടും ചർച്ചകളുടെ മേശയിലേക്ക് കൊണ്ടുവരുന്നതിനും മേഖലയിലെ സമാധാനം ഉറപ്പാക്കുന്നതിനും യുഎസ്, ജി7 രാജ്യങ്ങൾ, മറ്റ് രാജ്യാന്തര പങ്കാളികൾ എന്നിവരുമായി ചേർന്ന് യൂറോപ്യൻ യൂണിയൻ പ്രവർത്തിക്കും.
ഇറാന്റെ വരുമാന സ്രോതസ്സുകൾ തടയുന്നതിനും ആഗോള സാമ്പത്തിക ശൃംഖലകളിൽ നിന്ന് അവരെ ഒറ്റപ്പെടുത്തുന്നതിനുമാണ് വാഷിങ്ടൻ ഈ പദ്ധതി ആവിഷ്‌കരിച്ചത്. ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, കപ്പൽ ഗതാഗതം എന്നിവ വഴി ഉപരോധങ്ങൾ മറികടക്കാൻ ഇറാൻ നടത്തുന്ന ശ്രമങ്ങൾ തടയാനും നിരീക്ഷണം ശക്തമാക്കാനും യുഎസ് തീരുമാനിച്ചിട്ടുണ്ട്. സമാധാനപരമായ രാജ്യാന്തര പാതയിലേക്ക് മടങ്ങുക അല്ലെങ്കിൽ പൂർണമായ സാമ്പത്തിക ഒറ്റപ്പെടൽ നേരിടുക എന്ന രണ്ട് വഴികൾ മാത്രമാണ് ഇനി ഇറാന്റെ മുന്നിലുള്ളത്.
https://www.facebook.com/Malayalivartha



























