മരട് ഫ്ലാറ്റ് കേസ് ഇന്ന് സുപ്രീംകോടതിയില്‍... ചീഫ് സെക്രട്ടറിക്കായി ഹരീഷ് സാല്‍വെ ഹാജരാകും
മരട് ഫ്ലാറ്റ് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് സെക്രട്ടറിക്കായി ഹരീഷ് സാല്‍വെ ഹാജരാകും. ഫ്ളാറ്റുകള്‍ പൊളിച്ച് അതിന്റെ റിപ്പോര്‍ട്ട് നല്കാന് സുപ്രീംകോടതി ഉത്തരവിട്ടതിനു ശേഷം ഇന്നാണു കേസ് പരിഗണിക്കുന്നത്. ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് 17ാമത്തെ കേസായാണ് ഇതു പരിഗണിക്കുക.
ഈ മാസം ഇരുപതിനകം ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള അന്ത്യശാസനം പാലിക്കപ്പെടാതെയാണ് മരട് കേസ് വീണ്ടും സുപ്രീംകോടതിയുടെ മുന്പാകെയെത്തുന്നത്. പലപ്രാവശ്യം നല്കിയ മുന്നറിയിപ്പുകള്‍ക്ക് ശേഷവും വിധി നടപ്പിലാക്കാത്തതില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് ഏത് തരത്തില്‍ പ്രതികരിക്കുമെന്നാണ് കണ്ടറിയേണ്ടത്. പരിസ്ഥിതി ആഘാത പഠനം നടത്തുന്നതുവരെ പൊളിക്കല്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് നല്കിയ റിട്ട് ഹര്‍ജിയും കോടതിയുടെ മുന്പാകെയെത്തും.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്‍കിയതെന്നുള്ള ഫ്ളാറ്റുടമകളുടെ ഹര്‍ജിയും ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്‍പ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന സമീപവാസിയുടെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha