ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ

ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ആറാം സീസൺ ആലപ്പുഴയിൽ ആരംഭിക്കും. 19ന് കരുവാറ്റയിലാണ് ഉദ്ഘാടന മത്സരമുള്ളത്. നെഹ്റുട്രോഫിയിൽ ആദ്യ ഒമ്പത് സ്ഥാനങ്ങൾ നേടിയ ചുണ്ടൻ വള്ളങ്ങളാണ് പോരിനിറങ്ങുക. ചെറുവള്ളങ്ങളുടെ മത്സരങ്ങൾ ഒഴിവാക്കുകയും ചെയ്തു.
ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ് സി.ബി.എൽ. 19ന് ആലപ്പുഴ കരുവാറ്റയിൽ തുടങ്ങി നവംബർ 21ന് കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയിൽ സമാപിക്കുന്ന വിധത്തിലാണ് തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായി ഫൈനലടക്കം 11 മത്സരങ്ങളുണ്ടാകും.
കൊല്ലം കല്ലട (സെപ്റ്റംബര്‍ 23), ആലപ്പുഴ പാണ്ടനാട് (26), തൃശൂര്‍ കോട്ടപ്പുറം (ഒക്ടോബര്‍ രണ്ട്), മറൈന്‍ ഡ്രൈവ് (10), എറണാകുളം പിറവം (17), കോട്ടയം താഴത്തങ്ങാടി (24), ആലപ്പുഴ പുളിങ്കുന്ന് (31), ആലപ്പുഴ കൈനകരി (നവംബര്‍ ഏഴ്), കായംകുളം (നവംബര്‍ 14) എന്നിങ്ങനെയാണ് മറ്റ് മത്സരങ്ങളുള്ളത്. മത്സരങ്ങളിൽ കൂടുതൽ പോയന്‍റ് നേടുന്നവർ ഓവറോൾ ചാമ്പ്യരാകുന്നതാണ്. നിലവിൽ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനാണ് ചാമ്പ്യന്മാർ.
മത്സരങ്ങൾക്ക് മുമ്പ് വേദികളിൽ വിപുലമായ സാസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശികസമിതികൾ രൂപവത്കരിക്കുന്നതാണ്. സി.ബി.എൽ ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം രൂപയും ലഭിക്കും. ഓരോ മത്സരത്തിലും വിജയിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപയുണ്ട്. രണ്ടാംസ്ഥാനക്കാർക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷവും ലഭിക്കും. ഓരോ മത്സരത്തിലും പങ്കെടുക്കുന്ന ചുണ്ടനുകളും ക്ലബുകൾക്കുംകൂടി നാല് ലക്ഷം രൂപ ബോണസായും ലഭിക്കും. ബോണസ് തുകയിൽ മൂന്ന് ലക്ഷം ക്ലബിനും ഒരു ലക്ഷം ചുണ്ടനുമാണ്.
"
https://www.facebook.com/Malayalivartha

























