രാജ് റീജന്‍സി ഹോട്ടലില്‍ നായ്ക്കളുമായെത്തി ആക്രമണം നടത്തിയ പ്രതികള്‍ നായ്ക്കളെ ഉപേക്ഷിച്ച് മുങ്ങി

ശനിയാഴ്ച രാത്രി നായ്ക്കളുമായെത്തി രാജ് റീജന്‍സി ഹോട്ടലില്‍ വടിവാള്‍ വീശി ആക്രമണം നടത്തിയ പ്രതികളെ കണ്ടെത്താനായില്ല. നായ പരിശീലകരായ തൃശൂര്‍ പൂങ്കുന്നം വെട്ടിയാട്ടില്‍ വൈശാഖ്, അഞ്ചേരി നെല്ലിക്കല്‍ വൈശാഖ് എന്നിവരാണു പ്രതികള്‍. ലക്ഷങ്ങള്‍ വിലമതിക്കുന്ന 10 നായ്ക്കളെ വെള്ളപ്പാറയിലെ വാടക വീട്ടില്‍ ഉപേക്ഷിച്ചാണ് ആക്രമണം നടത്തിയതിന്റെ പിറ്റേന്ന് രാവിലെ പ്രതികള്‍ മുങ്ങിയത്.
ശനിയാഴ്ച ചത്ത മറ്റൊരു നായയുടെ ജഡം മറവു ചെയ്യാനും ഇവര്‍ മിനക്കെട്ടില്ല. ഞായറാഴ്ച ദുര്‍ഗന്ധം അസഹ്യമായതോടെ പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നു നാട്ടുകാരാണു ജഡം മറവു ചെയ്തത്. കണ്ണൂര്‍ സ്വദേശിയുടേതായിരുന്നു ചത്ത നായ. പ്രദര്‍ശനങ്ങളില്‍ സ്ഥിരം ജേതാവായിരുന്ന നായയുടെ മൂല്യം രണ്ടര ലക്ഷത്തോളമായിരുന്നു. ഈ നായ ചത്തതിന്റെ അസ്വസ്ഥതയില്‍ മദ്യപിക്കാനെത്തിയപ്പോഴാണ് ശനിയാഴ്ച രാത്രി പ്രശ്‌നങ്ങള്‍ ഉണ്ടായത്.
മാസങ്ങളോളം കാടുകയറി ജീവിക്കുന്ന സ്വഭാവമുള്ളവരാണ് പ്രതികളെന്നാണ് ഇവരുടെ സുഹൃത്തുക്കള്‍പറയുന്നത്. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു കടന്നതിനാല്‍ പ്രതികളെ പിന്‍ തുടര്‍ന്നു പിടികൂടല്‍ എളുപ്പമല്ല. പ്രതികള്‍ കേരളം വിട്ടിട്ടില്ലെങ്കിലും വനമേഖലകള്‍ കൂടുതലുള്ള തെക്കന്‍ ജില്ലകളില്‍ എത്തി ചേര്‍ന്നിട്ടുണ്ടെന്ന് വിവരവുമുണ്ട്. ഇവര്‍ ഉപേക്ഷിച്ചു പോയ നായ്ക്കളെ ഉടമകളെത്തി കൊണ്ടു പോയി തുടങ്ങി. ഇന്നലെ രാത്രിയിലും 3 നായ്ക്കള്‍ വെള്ളപ്പാറയില്‍ അവശേഷിക്കുന്നുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























