കര്‍ണാടക സ്വദേശിനിയെയും മകനേയും കൊല്ലാന്‍ ക്വട്ടേഷന്‍; പിടിയിലായ അഞ്ച് പ്രതികളില്‍ ഒരാള്‍ സ്ത്രീ

കര്‍ണാടക കുടക് സ്വദേശിനിയായ ശാരദയെയും പതിനാറുവയസുള്ള മകനെയും വര്‍ക്കലയില്‍ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സ്ത്രീ അടക്കം അഞ്ച് പ്രതികള്‍ പിടിയിലായി. പണമിടപാടിന്റെ പേരില്‍ വര്‍ക്കലയിലെ ഗുണ്ടാസംഘത്തിന് 50000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് വര്‍ക്കല ചിലക്കൂര്‍ സ്വദേശിനി ആമിനയാണ്. വെട്ടേറ്റ സ്ത്രീയും മകനും ചികില്‍സയിലാണ്.
വര്‍ക്കല നോര്‍ത്ത് ക്ലിഫിലെ കച്ചവട സ്ഥാപനം അടച്ച് വാടകവീട്ടിലേക്ക് മടങ്ങവേ വഴിയില്‍ വച്ച് ആറംഗ ക്വട്ടേഷന്‍സംഘം വടിവാളും ഇരുമ്പുപൈപ്പും ഉപയോഗിച്ച് ബുധനാഴ്ച രാത്രിയായിരുന്നു ഇവരെ ആക്രമിച്ചത്. ശാരദയ്‌ക്കൊപ്പം പങ്കുകച്ചവടം നടത്തിവന്ന വര്‍ക്കലസ്വദേശിനി ആമിനയാണ് ക്വട്ടേഷന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഇതെത്തുടര്‍ന്ന് ആമിന, ഷൈജുമോന്‍, റിയാസ്, അന്‍സര്‍, മനോജ് എന്നിവരെ വര്‍ക്കലയില്‍ നിന്നും പെരുമാതുറയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിനുശേഷം പ്രതികള്‍ ഒന്നാം പ്രതി ഷൈജുവിന്റെ വീട്ടിലെത്തി മദ്യപിച്ച ശേഷം നൃത്തം വച്ചു. വെട്ടേറ്റ് ശാരദ റോഡില്‍ കിടന്ന സമയം ആമിന സ്‌കൂട്ടറില്‍ അതുവഴി പോയി നിരീക്ഷിച്ചെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. കൃത്യം നടത്തിയ പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതിനാണ് ഓട്ടോ ഡ്രൈവറായ മനോജിനെ അറസ്റ്റു ചെയ്തത്. പ്രതികള്‍ക്കെതിരെ വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ നിരവധി കേസുകളില്‍ പ്രതികളാണ്. സാമ്പത്തിക ഇടപാടില്‍ വന്ന തകര്‍ച്ചയുടെ പകയാണ് ആമിന ക്വട്ടേഷന്‍ ആസൂത്രണം ചെയ്യാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha























