ഗ്രാമത്തില്‍ ജനിച്ച തന്നെ വളര്‍ത്തിവലുതാക്കിയത് പാര്‍ട്ടി; ഇതുവരെ ഒരു സ്ഥാനത്തിന് പിറകെയും പോയിട്ടില്ല; ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള

ഒക്‌ടോബര്‍ 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. ഇതുവരെ ഒരു സ്ഥാനത്തിന് പിറകെയും പോയിട്ടില്ലെന്നും കുഗ്രാമത്തില്‍ ജനിച്ച തന്നെ വളര്‍ത്തിവലുതാക്കിയത് പാര്‍ട്ടിയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കല്‍പോലും ഒരു മണ്ഡലത്തില്‍ മത്സരിക്കണമെന്നോ സ്ഥാനം വേണമെന്നോ ആവശ്യപ്പെട്ട് ഇന്നേവരെ ആരെയും സമീപിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഏത് മുതിര്‍ന്ന ബി.ജെ.പി. നേതാവിനോടും ഇക്കാര്യം ചോദിച്ചുനോക്കാം. ഇത് ഹൃദയത്തില്‍ കൈവെച്ച് പറയാം എന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നദ്ദേഹം വ്യക്തമാക്കി. പാലായില്‍ മണ്ഡലം പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിലെ ഫലം പ്രവചിക്കാനില്ലെന്നും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ പ്രാദേശിക നേതാക്കള്‍ക്കാകും മുന്‍ഗണന. മഞ്ചേശ്വരം, എറണാകുളം മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ പട്ടികയിൽ പ്രാദേശിക നേതാക്കളുടെ പേരുകളാണ് സജീവമായി ഉയര്‍ന്നുവരുന്നത്. അതേസമയം, സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രനും ബി. ഗോപാലകൃഷ്ണനും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ഇതോടെ കോന്നിയിലെ സാധ്യതാ പട്ടികയില്‍നിന്ന് കെ. സുരേന്ദ്രന്റെ പേര് ഒഴിവാക്കിയേക്കും.
ബി.ജെ.പി.ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇവിടെ കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കണമെന്നാണ് ജില്ലാ ഘടകത്തിന്റെ അഭിപ്രായം. എന്നാല്‍ കുമ്മനത്തിന്റെ കാര്യത്തില്‍ കൃത്യമായ നിലപാട് ആര്‍.എസ്.എസ്. നേതൃത്വം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് കുമ്മനത്തെ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.
കുമ്മനത്തിന് പുറമേ, വി.വി.രാജേഷ്, പി.കെ.കൃഷ്ണദാസ്, എസ്.സുരേഷ്, എം.എസ്‌കുമാര്‍ എന്നിവരെയാണ് വട്ടിയൂര്‍ക്കാവില്‍ പരിഗണിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് എം.എസ്. കുമാര്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതിനാൽ ഈ പേര് ഒഴിവാക്കിയാക്കും കേന്ദ്രനേതൃത്വത്തിന് പട്ടിക കൈമാറുന്നത്.
കോന്നിയില്‍ മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കിയതോടെ ശോഭാ സുരേന്ദ്രന് സാധ്യതയേറിയിരിക്കുകയാണ്. ഇതിനുപുറമേ അശോകന്‍ കുളനട, അശോക് കുമാര്‍ എന്നിവരും സാധ്യത പട്ടികയിലുണ്ട്.
എറണാകുളത്ത് ബി. ഗോപാലകൃഷ്ണനെ പരിഗണിച്ചിരുന്നെങ്കിലും മത്സരിക്കാനില്ലെന്നു പ്രതികരിച്ചതിനാൽ പ്രാദേശിക നേതാക്കളായ സി.ജി. രാജഗോപാല്‍, പത്മജ മേനോന്‍ തുടങ്ങിയവരെയും നിലവില്‍ പരിഗണിക്കുന്നുണ്ട്. മഞ്ചേശ്വരത്ത് പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് സതീശന്‍ ഭണ്ഡാരി, ജില്ലാ പ്രസിഡന്റ് ശ്രീകാന്ത്, രവീശതന്ത്രി കുണ്ടാര്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിക്കുന്നത്. ഇതില്‍ സതീശന്‍ ഭണ്ഡാരിക്കാണ് കൂടുതല്‍ സാധ്യതയെന്നാണ് സൂചന.
https://www.facebook.com/Malayalivartha






















