സൂരജിനെതിരെ കുറുക്ക് മുറുകുന്നു; പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ ടി.ഒ.സൂരജ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് വിജിലന്‍സ്

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ ടി.ഒ.സൂരജ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് വിജിലന്‍സ് ഹൈക്കോടതിയിൽ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണ് കരാറുകാര്‍ക്ക് മുന്‍കൂട്ടി പണം നല്‍കിയതെന്ന ടി.ഒ.സൂരജിന്റെ ആരോപണം തെറ്റാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
നിര്‍മാണക്കമ്പനിക്ക് മുന്‍കൂറായി 8.25 കോടി രൂപ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനപ്രകാരമാണെന്നായിരുന്നു അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം തെറ്റാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
പലിശയില്ലാതെ മുന്‍കൂര്‍ പണം നല്‍കണമെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞതായുള്ള സൂരജിന്റെ വെളിപ്പെടുത്തലും തെറ്റാണ്. പലിശ വാങ്ങാനോ വാങ്ങാതിരിക്കാനോ ഇബ്രാഹിം കുഞ്ഞ് നിര്‍ദേശിച്ചിട്ടില്ല. പലിശ എത്രയെന്ന് തീരുമാനിച്ചത് ടി.ഒ.സൂരജ് തനിച്ചാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ 11 മുതല്‍ 14 ശതമാനം വരെ പലിശ നിരക്കില്‍ പണമെടുക്കുന്ന ഘട്ടത്തിലാണ് നിര്‍മാണ കമ്ബനിക്ക് ഏഴ് ശതമാനം മാത്രം പലിശ നിരക്കില്‍ പണം നല്‍കാന്‍ സൂരജ് തീരുമാനിക്കുന്നതെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇബ്രാഹിം കുഞ്ഞിന് ഏറെ ആശ്വാസം പകരുന്നതാണ് വിജിലന്‍സിന്റെ സത്യവാങ്മൂലം. അതേ സമയം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് സൂക്ഷമമായി പരിശോധിച്ച് വരികയാണെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം പാലാരിവട്ടം മേല്‍പ്പാലം പൊളിക്കുന്നതിന് ഒക്ടോബർ പത്തുവരെ ഹൈക്കോടതിയുടെ വിലക്ക്. പാലം പൊളിക്കാതെ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയെന്ന ഹര്‍ജി പരിഗണിക്കവയാണ് കോടതി സര്‍ക്കാരിന് വാക്കാല്‍ നിര്‍ദേശം നല്‍കിയത്. ചീഫ് ജസ്റ്റിസിന്റെ ചുമതലയുള്ള ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
ഇതു സംബന്ധിച്ച് രണ്ട് പൊതു താൽപര്യ ഹർജികളാണ് ഇന്ന് ഹൈക്കോടതിയിലെത്തിയത്. പാലത്തിനു ബലക്ഷയമില്ലെന്നും ലോഡ് ടെസ്റ്റ് നടത്തണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ഐഐടിയുടെ ഉൾപ്പടെയുള്ളവരുടെ റിപ്പോർട്ടുകളിൽ പാലം പൊളിക്കണം എന്ന നിർദേശമില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. അതേ സമയം ബലക്ഷയം ഇല്ല എന്ന അഭിപ്രായം ഹർജിക്കാർക്ക് ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു അഭിപ്രായം ഇല്ല എന്നായിരുന്നു മറുപടി. എന്നാൽ പാലത്തിന് ബലക്ഷയമുണ്ട് എന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. ജനങ്ങളുടെ ജീവൻ വച്ച് പന്താടാനാവില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. പാലം
ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. പാലം പൊളിക്കലുമായുള്ള മറ്റ് നടപടികള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോര്‍ട്ടുകളും വിശദാംശങ്ങളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരെന്തു പറഞ്ഞാലും പാലാരിവട്ടം പാലം തകര്‍ന്നില്ലേയെന്നും കോടതി ചോദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പാലം നിര്‍മിതിയില്‍ അഴിമതിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.
https://www.facebook.com/Malayalivartha






















