വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത്; യുവനേതാക്കളില്‍ ജനങ്ങളില്‍ ഏറെ സ്വീകാര്യതയുള്ള പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കുക വഴി കാര്യങ്ങള്‍ മെച്ചപ്പെടുത്താനാവുമെന്ന് സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു; യുവ നേതാവിലൂടെ മണ്ഡലം പിടിച്ചെടുക്കാന്‍ സിപിഎം

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവും. ഇതു സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം ജില്ലാ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം സംബന്ധിച്ച് സിപിഎം നേതൃത്വത്തില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷം പേരും പ്രശാന്തിനെയാണു പിന്തുണച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷം പാര്‍ട്ടി വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി ചേര്‍ന്നതിനു ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.
ഇന്നു രാവിലെ തുടങ്ങിയ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ എ വിജയരാഘവനാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം റിപ്പോര്‍ട്ട് ചെയ്തത്. മേയര്‍ എന്ന നിലയില്‍ വികെ പ്രശാന്തിന്റെ പ്രതിച്ഛായ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിന് ഉള്ളത്. യുവനേതാക്കളില്‍ ജനങ്ങളില്‍ ഏറെ സ്വീകാര്യതയുള്ള പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കുക വഴി കാര്യങ്ങള്‍ മെച്ചപ്പെടുത്താനാവുമെന്നാണ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മേയര്‍ എന്ന നിലയില്‍ ശ്രദ്ധേയ പ്രവര്‍ത്തനാണ് പ്രശാന്ത് കാഴ്ചവച്ചിട്ടുള്ളത്. തലസ്ഥാനത്തിന് എന്നും തലവേദനയായിരുന്ന മാലിന്യ പ്രശ്‌നം ഒരളവു വരെ പരിഹരിക്കാന്‍ ഇപ്പോഴത്തെ ഭരണസമിതിക്കായി. പ്രശാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ കൂട്ടായ നീക്കമാണ് അതിനു സാഹചര്യമൊരുക്കിയത്. ഇത്തവണ പ്രളയ ദുരിതാശ്വാസ സാമഗ്രികളുടെ സമാഹരണത്തില്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരസഭ നടത്തിയ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയിലും പുറത്തും ഏറെ കൈയടി നേടിയിരുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് സിപിഎം വിലിയിരുത്തുന്നു. അതുകൊണ്ടുതന്നെ പ്രശാന്തിലൂടെ മണ്ഡലം പിടിച്ചെടുക്കാനാവുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
യുവനേതാവ്, പഞ്ചായത്ത് അംഗം, അഭിഭാഷകൻ അങ്ങനെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമാണ് പ്രശാന്തിന്റേത്. കോർപ്പറേഷനിൽ നിന്നും ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് പ്രശാന്ത് വിജയിച്ചത് – 3272 വോട്ട്. എസ്.എഫ്.ഐയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. പഠനകാലത്ത് സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലാണ് പ്രീഡിഗ്രി പൂർത്തിയാക്കിയത്. ആ സമയത്ത് മാഗസിൻ എഡിറ്റർ, കോളേജ് യൂണിയൻ ചെയർമാൻ പദവികള്‍ വഹിച്ചു.
പേരൂർക്കട ലോ അക്കാദമിയിൽ ചേർന്ന സമയത്ത് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം, എസ്എഫ്ഐ കഴക്കൂട്ടം ഏരിയ സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. പിന്നീട് കഴക്കൂട്ടം പഞ്ചായത്തിലെ കരിയിൽ വാർഡിലെ പ്രായം കുറഞ്ഞ മെമ്പറെന്ന പദവിയും പ്രശാന്തിന് സ്വന്തം.
https://www.facebook.com/Malayalivartha






















