കായലില്‍ വീണയാളെ രക്ഷിച്ച ഓട്ടോ ഡ്രൈവറെ ആദരിച്ചു

ചേര്‍ത്തലയില്‍, തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നും കായലില്‍ വീണയാളെ സാഹസികമായി രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ ത്യാഗരാജിനെ തണ്ണീര്‍മുക്കം വികസന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു.
ഞായറാഴ്ച വൈകുന്നേരം പാലത്തിന് സമീപത്തായി ഒരു ജോടി ചെരുപ്പുകള്‍ കിടക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഷട്ടറിന് താഴെ തൂണില്‍ പിടിച്ചു കിടന്ന മുഹമ്മ കായിപ്പുറം മാളികവെളി അനിലി(43) നെ ആറാം വാര്‍ഡ് പള്ളിപ്പറമ്പില്‍ ഭാസ്‌ക്കരന്റെ മകന്‍ ത്യാഗരാജ് കാണുന്നത്.
ഉടന്‍ തന്നെ ഷട്ടറിലൂടെ താഴെയ്ക്ക് ഇറങ്ങി റോപ്പ് ഉപയോഗിച്ച്, കായലില്‍ വീണ് മരണത്തോട് മല്ലടിച്ച് കോണ്‍ക്രീറ്റ് തൂണില്‍ പിടിച്ചുകിടന്ന അനിലിനെ ഉയര്‍ത്തി തൂണിന്റെ തിട്ടയില്‍ നിര്‍ത്തിയതിനു ശേഷം സ്പീഡ് ബോട്ടില്‍ മാര്‍ക്കറ്റ് ജെട്ടിയില്‍ എത്തിക്കുകയായിരുന്നു. ത്യാഗരാജിന്റെ ധീരമായ പ്രവൃത്തിയെ അനുമോദിച്ച് വിവിധ കോണുകളില്‍ നിന്നും അഭിനന്ദനങ്ങള്‍ എത്തുന്നുണ്ട്.
തണ്ണീര്‍മുക്കം വികസന സമിതിയുടെ നേതൃത്വത്തില്‍ ചെയര്‍മാന്‍ കെ.ബാബു ത്യാഗരാജിന് ആദരവ് നല്‍കി. സമിതി ഭാരവാഹികളായ തണ്ണീര്‍മുക്കം ശിവശങ്കരന്‍, ജി.ഗോപി, ബേബി തോമസ്, ടി.എം ശ്രീധരന്‍, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha





















