അന്യസംസ്ഥാന തൊഴിലാളിയുടെ മരണം: ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി

കണ്ണൂരില്‍, ചെറുപുഴയ്ക്കടുത്ത് വയക്കരയില്‍ വെച്ച് മര്‍ദ്ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളി നജ്ബുള്‍ (24), സ്വന്തനാട്ടില്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് ഉന്നതതല അന്വേഷണം നടത്തണമെന്ന് ബിജെപി പെരിങ്ങോം വയക്കര പഞ്ചായത്ത് കമ്മിറ്റി പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റതാണ് ഇയാള്‍ മരിക്കാന്‍ കാരണമെന്ന് കരുതുന്നു.
വയക്കര പള്ളിയിലെ ഉച്ചയ്ക്കുള്ള നിസ്‌കാരത്തിനിടെയാണ് കഴിഞ്ഞ 13-ന് ഒരു കൂട്ടമാളുകള്‍ ബംഗാള്‍ സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചത്. നിസ്‌ക്കാരത്തിനിടെ ഉണ്ടായ ചെറിയ തര്‍ക്കമാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ കാരണം. ഇയാളെ മോചിപ്പിക്കാന്‍ പോലീസ് ഇടപെടേണ്ടിവന്നു.
പിന്നീട് നിര്‍ബന്ധിച്ച് സ്വദേശത്തേയ്ക്ക് മടക്കി അയച്ച ഇയാള്‍ അവിടെ വച്ച് മരണപ്പെട്ടു. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമാണ് ഇയാള്‍ മരണപ്പെടാന്‍ കാരണമെന്ന് മരിച്ച നജ്ബുളിന്റെ സഹോദരന്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയാണ് സംസ്‌കരിച്ചത്. മര്‍ദ്ദനമേറ്റ ദിവസം യുവാവ് പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസ്സെടുത്തിരുന്നില്ല.
നാട്ടിലെത്തിയ യുവാവിന്റെ ആരോഗ്യം വഷളാകുകയും പിന്നീട് മരിക്കുകയുമായിരുന്നു. പോലീസ് കേസെടുത്ത് അടിയന്തിരമായി അന്വേഷണം ആരംഭിച്ചില്ലെങ്കില്‍ ബിജെപി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികളായ എം.കെ. മുരളി, തമ്പാന്‍ തവിടിശേരി, പി.വി. ചന്ദ്രന്‍, കെ.വി. രാമചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















