ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ ശുഭയാത്ര പദ്ധതിയിലൂടെ ഭിന്നശേഷിക്കാര്‍ക്കുള്ള ട്രൈ സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 30-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 3.30ന് തിരുവനന്തപുരം തൈക്കാട് കെ.എസ്.ടി.എ. ഹാളില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. കേരളത്തിലെ 8 ലക്ഷത്തോളം ഭിന്നശേഷിക്കാരില്‍ 2.63 ലക്ഷം വരുന്ന ചലന പരിമിതി നേരിടുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി കോര്‍പറേഷന്‍ രൂപം നല്‍കിയ പദ്ധതിയാണ് 'ശുഭയാത്ര'. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 883 പേര്‍ക്കാണ് ഈ പദ്ധതി അനുസരിച്ച് സ്‌കൂട്ടര്‍ വിതരണം ചെയ്തത്. ഈവര്‍ഷത്തെ സ്‌കൂട്ടര്‍ വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനമാണ് നടക്കുന്നത്. 35 പേര്‍ക്കാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ട്രൈ സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നത്.
കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ 40 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇതിനിടയില്‍ നിരവധി ക്ഷേമപദ്ധതികള്‍ ഭിന്നശേഷിക്കാര്‍ക്കായി കോര്‍പ്പറേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുന്തിയ പരിഗണനയും പ്രോത്സാഹനവുമാണ് ഇവര്‍ക്ക് നല്‍കുന്നത്.
കോര്‍പ്പറേഷന്‍ നടത്തി വരുന്ന ഏറ്റവും മികച്ച പദ്ധതിയാണ് ശുഭയാത്ര. ഈ പദ്ധതിയിലൂടെ ട്രൈ സ്‌കൂട്ടര്‍, ഇലക്‌ട്രോണിക് വീല്‍ചെയര്‍, മാനുവല്‍ വീല്‍ചെയര്‍ തുടങ്ങി നിരവധി സഹായ ഉപകരണങ്ങളാണ് നല്‍കി വരുന്നത്. ഈ വിഭാഗത്തിന്റെ ചലന സ്വാതന്ത്ര്യം ഉറപ്പു വരുത്തി ഇവരെ പുനരധിവാസത്തിലേക്ക് നയിക്കുന്നതിനുള്ള സ്വയംതൊഴില്‍ വായ്പ, ധനസഹായം എന്നിവയും ഇതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ ലഭ്യമാക്കുന്നുണ്ട്. കേരള ആട്ടോമൊബൈല്‍സ് ലിമിറ്റഡ് ആണ് ഈ വാഹനങ്ങള്‍ തയ്യാറാക്കി നല്‍കുന്നത്.
https://www.facebook.com/Malayalivartha





















