ശബരിമല സംരക്ഷണത്തിന് സേന; ശബരിമലയടക്കമുള്ള പ്രമുഖ ആരാധനാലയങ്ങളിലെ തിരക്കു നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും ആരാധനാലയ സംരക്ഷണ സേന രൂപവത്കരിക്കണമെന്ന നിർദ്ദേശവുമായി ഡിജിപി ലോക്നാഥ് ബെഹ്റ

ശബരിമലയടക്കമുള്ള പ്രമുഖ ആരാധനാലയങ്ങളിലെ തിരക്കു നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും ആരാധനാലയ സംരക്ഷണ സേന രൂപവത്കരിക്കണമെന്ന നിർദ്ദേശവുമായി ഡിജിപി ലോക്നാഥ് ബെഹ്റ രംഗത്ത്. പൊലീസ് ആസ്ഥാനത്ത് ചേർന്ന പൊലീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണു തമിഴ്നാട്ടിൽ വിജയം കണ്ട ‘തിരുപ്പതി മോഡൽ’ കേരളത്തിലും നടപ്പാക്കണമെന്ന നിർദേശം ഉയർന്നു വന്നത്.
പദ്ധതിയുടെ വിശദാംശങ്ങൾ വിശദീകരിച്ച് ഡിജിപി ഉടൻ തന്നെ സർക്കാരിനു കത്തു നൽകും. സംസ്ഥാന ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്ഐഎസ്എഫ്) രൂപവത്കരിച്ചതു പോലെ ‘ആരാധനാലയ സംരക്ഷണ സേന’ രൂപവത്കരിക്കണമെന്നാണ് നിർദേശം. നിലവിൽ പളനി, തിരുപ്പതി ക്ഷേത്രത്തിലും വടക്കേ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലും ഇത്തരം സേനകളെ അതതു സംസ്ഥാനങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സ്റ്റേഷനുകളിൽ മതിയായ പൊലീസുകാരില്ലാത്ത സാഹചര്യം നിലനിൽക്കെയാണ് ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വര്‍ഷം തീർത്ഥാടനം വളരെ പ്രതിസന്ധി നിറഞ്ഞ ഒന്നായിരുന്നു.
ഈ സാഹചര്യം ഇത്തവണയും മുൻകൂട്ടി കാണുന്നുണ്ട് അതുകൊണ്ടുതന്നെ അംഗബലം വർധിപ്പിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതോടെ സ്റ്റേഷൻ പ്രവർത്തനം താളം തെറ്റുന്നതായും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അമിത ജോലിഭാരത്താൽ വലയുന്നതായും അസോസിയേഷൻ പ്രതിനിധികൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.
ഗുരുവായൂർ ഉൾപ്പെടെ ഒട്ടേറെ അമ്പലങ്ങളിലും ചില പള്ളികളിലും സേനയെ കൂടുതൽ ഉപയോഗിക്കേണ്ടിവരുന്നുണ്ട്. ദിവസവും രാവിലെ എട്ടിനു യൂണിറ്റ് എസ്പിമാർ നടത്തുന്ന സ്റ്റേഷൻ അവലോകനം പൊലീസ് ആസ്ഥാനത്ത് നിരീക്ഷിക്കാനും തീരുമാനമായി. എസ്പിമാരുടെ മോശം പെരുമാറ്റം കീഴുദ്യോഗസ്ഥരെ മാനസികമായി തളർത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണിത്. പൊലീസ് ആസ്ഥാനത്തെ ഐജി നാഗരാജിനാണു ചുമതല. എല്ലാ സ്റ്റേഷനുകളിലും ചില ഡ്യൂട്ടികൾ എട്ടു മണിക്കൂർ ആക്കാനും ധാരണയായി.
പാറാവ്, പട്രോളിങ്, സ്റ്റേഷൻ എമർജൻസി ഡ്യൂട്ടികളാണ് ആദ്യഘട്ടത്തിൽ എട്ടു മണിക്കൂറായി ചുരുക്കുന്നത്. വിജിലൻസ്, എസ്സിആർബി, ടെലികമ്യൂണിക്കേഷൻ തുടങ്ങി സ്പെഷൽ യൂനിറ്റുകളിൽ അഞ്ചു വർഷമായി ജോലിചെയ്യുന്നവരെ തിരികെ സ്റ്റേഷൻ ഡ്യൂട്ടിക്കായി നിയോഗിക്കും. ഒൻപതു മാസത്തെ പൊലീസ് പരിശീലന കാലയളവിൽ ഒരുമാസം സ്റ്റേഷൻ പരിശീലനമായിരിക്കും.
തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും ഭീഷണിയുള്ളതിനാല്‍ അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ ശബരിമലയിലേക്ക് വാങ്ങാനായി പൊലീസ് ടെണ്ടര്‍ നല്‍കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന ശബരിമലയില്‍ പഴുതടച്ച സുരക്ഷ ഒരുക്കുക ശ്രമകരമാണ്. ഭക്തരുടെ പ്രതിഷേധത്തിന്റെ മറവില്‍ ദേശവിരുദ്ധ ശക്തികള്‍ ശബരിമലയില്‍ കടന്ന്കയറാന്‍ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലകാലത്തിന് മാസങ്ങള്‍ ശേഷിക്കെ പൊലീസ് മുന്നൊരുക്കങ്ങള്‍ തുടങ്ങിയത്. സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന എക്സ്പ്ലോസീവ് ഡിറ്റക്ടറുകള്‍, പോര്‍ട്ടബിള്‍ എക്സ് റേ മെഷിനുകള്‍, വാഹനങ്ങളുടെ അടിഭാഗം പരിശോധിക്കുന്ന ബോട്ടം ഇന്സ്പെക്ഷന് മെഷിനുകള്‍ ഇവ വാങ്ങുന്നതിനുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ശബരിമലയിലെ സുരക്ഷയ്ക്ക് വേണ്ടിയാണിതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ നിര്‍മിത ഉത്പന്നങ്ങളും പൊലീസ് വാങ്ങും. ശബരിമലയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. വാഹനത്തിനകത്തോ, പുറത്തോ, അടിയിലോ എന്തെങ്കിലും തരത്തിലുള്ള സ്ഫോടക വസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിക്കും ബോട്ടം സ്കാന്‍ ഇതുവരെ ശബരിമലയില്‍ ഉപയോഗിച്ചിട്ടില്ല. വരുന്ന മണ്ഡലകാലത്ത് യുവതീപ്രവേശനം അടക്കമുള്ള പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം യുവതികള്‍ ഇത്തവണയും എത്തിയേക്കും. കാശ്മീര്‍ പ്രശ്നം അടക്കം നിലവിലുള്ളതിനാല്‍ തീവ്രവാദ ഭീഷണിയും മാവോയിസ്റ്റുകളുടെ ആക്രമണവും തള്ളിക്കളയാനാകില്ല. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. അവിടെ മുതല്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളുണ്ടാകും. കൂടുതല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും.
https://www.facebook.com/Malayalivartha





















